|    Nov 19 Mon, 2018 11:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൈകോര്‍ത്ത് കേരളം

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ദുരിതപ്പെയ്ത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും ആശ്രയവുമാവാന്‍ കൈമെയ് മറന്ന് കേരളം. പ്രളയമെടുത്ത ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്താനായി സര്‍ക്കാരും സര്‍ക്കാരിതര സംവിധാനങ്ങള്‍ക്കുമൊപ്പം നാടിന്റെ നാനാഭാഗങ്ങളിലുള്ള മനുഷ്യരും എല്ലാ സഹായവുമായി രംഗത്തെത്തി. മഴയ്ക്കു ചെറിയ ശമനം വന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
അതിനിടെ, മരണസംഖ്യ വീണ്ടും വര്‍ധിച്ചു. മൂന്നുപേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ മരണം 31 ആയി. പ്രളയമേഖലയില്‍ കാണാതായവരില്‍ അഞ്ചുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. ഇടുക്കിയില്‍ മൂന്നുപേരെയും മലപ്പുറത്തും പാലക്കാട്ടുമായി രണ്ടുപേരെയുമാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഷ്ടനഷ്ടങ്ങളുടെ യഥാര്‍ഥ കണക്കെടുപ്പ് ഇനിയും സാധിച്ചിട്ടില്ല.
15 വരെ കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാ കലക്ടര്‍മാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000ത്തിലധികം പേര്‍ സംസ്ഥാനത്തെ 457 ക്യാംപുകളില്‍ കഴിയുന്നുണ്ട്. 1501 വീടുകള്‍ ഭാഗികമായും 101 എണ്ണം പൂര്‍ണമായും നശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളും സമയോചിതമായ ഇടപെടലുകളും എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനവും കാരണം ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും മാതൃകാപരമായ രീതിയിലാണു നടക്കുന്നത്.
കാലവര്‍ഷക്കെടുതി ബാധിച്ച എട്ടു ജില്ലകളിലും ഇന്നലെ മന്ത്രിമാര്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഈ ജില്ലകളിലെല്ലാം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകന യോഗങ്ങളും നടന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വ്യോമനിരീക്ഷണം നടത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ വകുപ്പ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മോശം കാലാവസ്ഥ മൂലം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിച്ചില്ല.
ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. നീരൊഴുക്കില്‍ ചെറിയൊരു കുറവു മാത്രമാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ 4,78,000 ലിറ്റര്‍ (478 ക്യുമെക്‌സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. നീരൊഴുക്ക് 120 ക്യുമെക്‌സ് എത്തുന്നതു വരെ അണക്കെട്ട് തുറക്കുന്നതിനാണ് നിലവില്‍ തീരുമാനം.
ഇന്നലെ രാത്രി 10 മണിവരെയുള്ള കണക്കു പ്രകാരം 2400 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ദുരിതം ഇരട്ടിച്ചത്. ആലുവ, കൊച്ചി, വയനാട് എന്നിവിടങ്ങളില്‍ നാവികസേനാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss