|    May 28 Sun, 2017 2:14 pm
FLASH NEWS

കേസ് റദ്ദാക്കണമെന്ന മാണിയുടെ നികുതി ഇളവ് ആവശ്യം തള്ളി

Published : 5th October 2016 | Posted By: SMR

കൊച്ചി: കോഴി ഇറക്കുമതിക്കും ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്കും നികുതിയിളവ് നല്‍കിയതിനെതിരേയുള്ള വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അന്വേഷണം റദ്ദാക്കാനാവില്ല. അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് വരണമെന്നും കോടതി വ്യക്താക്കി.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണും കാതും ഹൃദയവും തുറന്ന് മുന്‍ധാരണകളില്ലാതെ അന്വേഷണം നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കോഴി ഫാം കമ്പനിയുടെ നികുതി കുടിശ്ശികയായ 65 കോടി ഒഴിവാക്കികൊടുക്കാനും ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍ നിന്നും നാല് ശതമാനമായി കുറച്ചുകൊടുക്കാനും മന്ത്രിയെന്ന നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് 200 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് നാഷനലിസ്റ്റ് നേതാവ് അഡ്വ. നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാണിയുടെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനും കോഴി ഫാം ഉടമകളും അടക്കം ഒമ്പത് പേര്‍ പ്രതിപ്പട്ടികയിലുണ്ട്.
നികുതിയിളവു നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന നടപടി തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായെടുത്ത തീരുമാനമാണെന്നും പദവി ദുരുപയോഗം ചെയ്‌തെന്ന് പറയാനാവില്ലെന്നുമാണ് മാണിയുടെ വാദം. എന്നാല്‍, ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെയുള്ള തുകയുടെ കാര്യത്തിലാണ് മന്ത്രിക്ക് ഇത്തരമൊരു തീരുമാനത്തിന് അധികാരമുള്ളതെന്നായിരുന്നു വിജിലന്‍സിന്റെ വാദം. 2014ല്‍ ധനകാര്യബില്ലിലൂടെ മുന്‍കാല പ്രാബല്യത്തോടെ ആയുര്‍വേദ കമ്പനികള്‍ക്ക് മാണി ഇളവ് നല്‍കിയതായും വിജിലന്‍സ് ചൂണ്ടിക്കാട്ടി. കോഴി നികുതി ഈടാക്കാനുള്ള നടപടിക്ക് സ്‌റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണെന്നും സാമ്പത്തിക നേട്ടമുണ്ടായെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ അന്വേഷണം തുടരണമെന്ന് കോടതി വ്യക്തമാക്കി. ആര്‍ക്കൊക്കെ എത്ര തുകയുടെ വീതം നേട്ടമാണ് ഉണ്ടായതെന്നത് അന്വേഷണത്തില്‍ വെളിപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day