|    Nov 19 Mon, 2018 9:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേസ് തുടരാനുള്ള സുരേന്ദ്രന്റെ നീക്കം ബിജെപിക്കും തിരിച്ചടിയാവുന്നു

Published : 1st November 2018 | Posted By: kasim kzm

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോഴും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കേസുമായി മുന്നോട്ടുപോവുന്നതു ബിജെപിയിലും ചര്‍ച്ചയാവുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യംചെയ്ത് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ 65 സാക്ഷികള്‍ക്ക് അഞ്ചു തവണ സ്പീഡ്‌പോസ്റ്റ് സമന്‍സ് അയച്ചിട്ടും ആരും കൈപ്പറ്റിയിരുന്നില്ല. സാക്ഷിപ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗവും വിദേശത്താണ്. ഇവര്‍ക്കു കോടതിയില്‍ സാക്ഷിവിസ്താരത്തിന് എത്താന്‍ വിമാന ടിക്കറ്റിന്റെ തുക കെട്ടിവയ്ക്കണമെന്നാണ് വ്യവസ്ഥ. ഈയിനത്തില്‍ 30 ലക്ഷത്തിലധികം രൂപ സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇതുണ്ടായിട്ടില്ല. ഇതിനിെട കഴിഞ്ഞ 20ന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 26നു കേസ് പരിഗണിച്ചപ്പോള്‍ കേസ് പിന്‍വലിച്ചു കൂടേയെന്നായിരുന്നു കോടതി ആരാഞ്ഞത്. എന്നാല്‍ രണ്ടു ദിവസം കൂടി സമയം വേണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം മുന്‍നിര്‍ത്തി കേസ് ഇന്നലേക്ക് മാറ്റിയിരുന്നു. ഇന്നലെ വിചാരണക്കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ കേസുമായി മുന്നോട്ട് പോവുകയാണെന്നാണു സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്. ഇതേത്തുടര്‍ന്ന് കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവച്ചു.
കേസ് നീണ്ടുപോവുന്നത് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനേ ബാധിക്കും. ഇതോടെ മണ്ഡലത്തിന്റെ വികസനത്തിന് തടസ്സമാവും. വിവിധ രാഷ്ട്രീയ പ്പാര്‍ട്ടികളും മുന്നണികളും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്തുന്നതിനിടയിലാണ് കേസ് നീണ്ടുപോവുന്നത്. നിലവില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് സഹതാപ തരംഗമുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. അടുത്ത ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ബിജെപി പരിഗണിക്കാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ മഞ്ചേശ്വരത്തെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും സ്ഥാനാര്‍ഥിത്വം നേടാനാണ് നീക്കമെന്നാണ് സൂചന.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നതു ഹിന്ദു ഐക്യവേദി നേതാവ് രവീശതന്ത്രി കുണ്ടാറിനെയാണ്. 2011-16 കാലയളവില്‍ രണ്ടു തവണയായി കെ സുരേന്ദ്രനാണ് മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. 2014ല്‍ കാസര്‍കോട് പാര്‍ലമെന്റിലേക്കും ഇദ്ദേഹം ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചു. ഇനി ടിക്കറ്റ് നല്‍കുന്നതിനെതിരേ പാര്‍ട്ടിയിലെ പ്രബല വിഭാഗം രംഗത്തുവന്നതോടെയാണു തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടുപോയി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സുരേന്ദ്രന്‍ ശ്രമം ആരംഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss