|    Jun 24 Sun, 2018 3:24 am
FLASH NEWS

കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിക്കും മകനും എസ്‌ഐയുടെ ഭീഷണി

Published : 17th November 2016 | Posted By: SMR

അമ്പലപ്പുഴ: കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുവതിക്കും മകനും നേരെ എസ്‌ഐയുടെ ഭീഷണി. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പുന്നപ്ര തെക്കു പഞ്ചായത്ത് വെമ്പാല മുക്കിന് സമീപം തുരുത്തിക്കാട് വീട്ടില്‍ പരേതനായ മധുക്കുറുപ്പിന്റെ മകള്‍ ഷീജ (45) മകനും ബധിരനുമായ മകന്‍ അശ്വിന്‍ (15) എന്നിവര്‍ക്കു നേരെയാണ് പുന്നപ്ര എസ്‌ഐ ഭീഷണി ഉയര്‍ത്തിയത്. ഞായറാഴ്ച രാവിലെ 9.45 ഓടെ പുന്നപ്ര കുറവന്‍തോട് ജങ്ഷനില്‍ ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. പകടത്തില്‍ ഷീജയുടെ തല പൊട്ടുകയും വലതുകാല്‍ ഒടിയുകയും ചെയ്തു. തലക്കു പരിക്കേറ്റ അശ്വിന്റെ പല്ലും ഒടിഞ്ഞു. ബോധമറ്റു വീണ ഷീജയെയും മകനെയും ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും പ്രാഥമിക ചികില്‍സ നല്‍കി രാത്രിയോടെ വിട്ടയച്ചു. അടുത്ത ദിവസം ബൈക്കോടിച്ച 16വയസ്സുകാരന്റെ അമ്മയും വളഞ്ഞ വഴി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇവരുടെ വീട്ടിലെത്തി. കുട്ടിക്ക് ലൈസന്‍സ് ഇല്ലാതിരുന്നെന്നും കേസില്‍ പോവരുതെന്നും ആവശ്യപ്പെട്ടു. ഇതിനായി 5000 രൂപയും വാഗ്ദാനം ചെയ്തു. എന്നാല്‍ വിധവയായ തനിക്ക് കേസിന് പോവാന്‍ താല്‍പര്യമില്ലെന്നും ചികില്‍സാ ചെലവു വഹിക്കണമെന്നും ഷീജ ആവശ്യപ്പെട്ടു. ഷീജയ്ക്ക് ആറു മാസത്തേക്ക് ജോലിക്ക് പോവാതെ വിശ്രമം വേണമെന്ന്് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു ഉപജീവനം നടത്തുന്ന ഷീജ മറ്റുമാര്‍ഗങ്ങളില്ലെന്ന കാര്യവും ബോധ്യപ്പെടുത്തി. പിന്നീട് 15000 രുപ യൂത്ത് കോണ്‍ഗ്രസ് നേതാവ് വാഗ്ദാനം ചെയ്‌തെങ്കിലും ഇവര്‍ ഇതിനു വഴങ്ങാതെ പരാതി നല്‍കാന്‍ പുന്നപ്ര പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.കിട്ടുന്നതു വാങ്ങി പരാതി ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യത്തില്‍ എസ്‌ഐ ഉറച്ചു നിന്നെങ്കിലും ഇവര്‍ തയ്യാറായില്ല. കേസെടുക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് എസ്‌ഐ പരാതിക്കാരോട് പരുഷമായി സംസാരിച്ചതായും സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ എസ്‌ഐക്കെതിരേ ജില്ല പോലിസ് മേധാവി, മന്ത്രി ജി സുധാകരന്‍ എന്നിവര്‍ക്ക് ഷീജ പരാതി നല്‍കി. പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയ ഇവര്‍ക്ക് മതിയായ ചികില്‍സ ലഭ്യമാവാതിരുന്നത് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്നും ഇവര്‍ ആരോപിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss