|    Mar 23 Fri, 2018 3:04 am
Home   >  Todays Paper  >  Page 1  >  

കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ; ബാബുവും വീണു

Published : 24th January 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മന്ത്രി കെ ബാബു രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നു മന്ത്രിസ്ഥാനം ഒഴിയുകയാണെന്ന് ബാബു എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജിക്കത്ത് മുഖ്യമന്ത്രിക്കു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികതയുടെ പേരിലാണ് രാജിവയ്ക്കുന്നത്. ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഗൗരവമേറിയ പരാമര്‍ശമാണു കോടതി തനിക്കെതിരേ നടത്തിയത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സാങ്കേതികത്വം പറഞ്ഞ് മന്ത്രിപദവിയില്‍ തുടരില്ലെന്നു നേരത്തെതന്നെ താന്‍ വ്യക്തമാക്കിയിരുന്നതാണെന്നും ബാബു വിശദീകരിച്ചു.
കൊച്ചി മെട്രോ റെയിലിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനവേദിയില്‍വച്ചാണ് തനിക്കെതിരേ കോടതി പരാമര്‍ശം വന്നതായി അറിയുന്നത്. അപ്പോള്‍ തന്നെ താന്‍ മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് തനിക്കു കിട്ടിയിട്ടില്ല. നിലവില്‍ തനിക്കെതിരേ യാതൊരു അന്വേഷണ റിപോര്‍ട്ടും കോടതിയില്‍ ഇല്ല. താന്‍ കേസിലെ പ്രതിയുമല്ല. ഒരു ചാനല്‍ മദ്യരാജാവുമായി നടത്തിയ അഭിമുഖത്തിന്റെ സിഡി ഹാജരാക്കിയാണു തനിക്കെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണു കോടതി ദ്രുതപരിശോധനയ്ക്കു നിര്‍ദേശം നല്‍കിയത്. കോടതിവിധി മാനിക്കുന്നുവെന്നും ബാബു പറഞ്ഞു.
ദ്രുതപരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസം കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി. താന്‍ പറഞ്ഞിട്ടല്ല അവര്‍ അപേക്ഷ നല്‍കിയത്. നേരത്തെ സമര്‍പ്പിച്ച പ്രാരംഭാന്വേഷണ റിപോര്‍ട്ട് അല്ലാതെ മറ്റൊരു റിപോര്‍ട്ടും കോടതിയുടെ മുന്നിലില്ല. എന്നിട്ടും തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു കോടതി ഉത്തരവിട്ടത്. അസാധാരണമായ വിധിയാണിത്. ഇതു പരിശോധിച്ച ശേഷം തുടര്‍ നിയമനടപടികളുമായി മുന്നോട്ടുപോവും. നിരപരാധിത്വം തെളിയിക്കാനും സത്യം പുറത്തുകൊണ്ടുവരാനും തനിക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ ബാബു പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 15ന് രാത്രി ഏഴിന് ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളും യോഗംചേര്‍ന്ന് യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കണമെന്നും അതിനായി കൂടുതല്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കണമെന്നും തീരുമാനിച്ചിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരെയുള്ള ആരോപണമെന്നും ഇതിന്റെ രക്തസാക്ഷിയാണു താനെന്നും ബാബു പറഞ്ഞു.
ഡിസംബര്‍ 15ലെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ ഇതു വ്യക്തമാവും. 49 വര്‍ഷമായി താന്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയിട്ട്. 25 വര്‍ഷമായി എംഎല്‍എയാണ്. ഇതുവരെ ധാര്‍മികത വിട്ട് താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെ ബാബു പറഞ്ഞു. നേരത്തെ പ്രാരംഭാന്വേഷണം നടത്തിയ വിജിലന്‍സിന് തനിക്കെതിരേ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരാതിക്കാരനും സാക്ഷികളും പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു നല്‍കിയത്. ആരോപണമുന്നയിച്ച വ്യക്തി എന്നാണു തനിക്കു പണം നല്‍കിയതെന്നു പറഞ്ഞിട്ടില്ല. 50 ലക്ഷം രൂപ നല്‍കുമ്പോള്‍ അത് എന്നാണു നല്‍കിയതെന്ന് ഓര്‍ക്കാതിരിക്കുമോയെന്നും കെ ബാബു ചോദിച്ചു.
ഒക്ടോബര്‍ 31നാണ് ഇദ്ദേഹം കോഴ ആരോപണം ആദ്യം ഉന്നയിക്കുന്നത്. അന്ന് ധനമന്ത്രിക്കെതിരെ മാത്രമായിരുന്നു ആരോപണം. 2013 ഫെബ്രുവരി രണ്ടിന് ബാര്‍ ഹോട്ടലുടമ അസോസിയേഷന്‍ ഭാരവാഹികളും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും താനും ചേര്‍ന്നു നടത്തിയ ചര്‍ച്ചയാണു തനിക്കെതിരേ പരാതിനല്‍കിയ ആള്‍ ആരോപണമായി ഉന്നയിക്കുന്നത്. എല്ലാ വര്‍ഷവും എല്ലാ മന്ത്രിമാരും നടത്താറുള്ളതുപോലെ അബ്കാരി നയം സംബന്ധിച്ച ചര്‍ച്ചയാണ് അന്നു നടത്തിയത്. ഇതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് ആരോപണമുന്നയിക്കുന്നത്. എന്തിനാണ് ഇത്രയും നാള്‍ അദ്ദേഹം കാത്തിരുന്നതെന്നും കെ ബാബു ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss