|    May 25 Thu, 2017 3:03 am
FLASH NEWS

കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Published : 30th July 2016 | Posted By: SMR

മാനന്തവാടി: എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയതോടെ കര്‍ണാടകയില്‍ നിന്നു ജില്ലയിലേക്ക് കടത്തുന്ന കഞ്ചാവും വിദേശമദ്യവും പിടികൂടുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജില്ലയിലെ ബാറുകളും ബാവലിയിലെ വിദേശമദ്യശാലയും അടച്ചതോടെയാണ് മദ്യക്കടത്ത് വര്‍ധിച്ചത്. കഞ്ചാവ് കേസുകളും ഇതോടൊപ്പം കൂടി.
ഈ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത് 300ലധികം കേസുകളാണ്. മാനന്തവാടി സര്‍ക്കിള്‍ ഓഫിസ്, റേഞ്ച് ഓഫിസ്, തോല്‍പ്പെട്ടി, ബാവലി ചെക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ ജനുവരി മുതല്‍ ജൂലൈ വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രമാണിത്.
കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയായ സുല്‍ത്താന്‍ ബത്തേരിയിലെ കണക്കുകള്‍ കൂടിയാവുമ്പോള്‍ ഇരട്ടിയിലധികമാവും. 177 അബ്കാരി കേസുകളും 33 കഞ്ചാവ് കേസുകളുമാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് 100ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കിലോക്കണക്കിന് പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. അബ്കാരി കേസുകളില്‍ 480 ലിറ്റര്‍ കര്‍ണാടക വിദേശമദ്യവും അനധികൃതമായി വില്‍പന നടത്തിയ 500 ലിറ്റര്‍ വിദേശമദ്യവും 1,130 ലിറ്റര്‍ വാഷും 25 ലിറ്റര്‍ ചാരായവും 24 ലിറ്റര്‍ അരിഷ്ടവും പിടികൂടിയിട്ടുണ്ട്.
33 എന്‍ഡിപിഎസ് കേസുകളിലായി 32 കിലോഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. യുവാക്കളാണ് കഞ്ചാവ് കടത്തിനു പിന്നിലെന്നതിന് പ്രധാന തെളിവാണ് കസ്റ്റഡിയിലെടുത്ത ബൈക്കുകളുടെ എണ്ണം വ്യക്തമാക്കുന്നത്. 12 ബൈക്കുകളാണ് ചുരുങ്ങിയ കാലയളവില്‍ തന്നെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.
ബൈരക്കുപ്പയിലും കുട്ടത്തും ബൈക്കുകളിലെത്തുന്ന സംഘം കഞ്ചാവ് ചെറുപൊതികളിലാക്കി ഹെല്‍മെറ്റിനുള്ളിലും ഷൂസിലും ഒളിപ്പിച്ചാണ് കടത്തുന്നത്. ഇതിനാല്‍ തന്നെ ബൈക്കുകളില്‍ എത്തുന്നവര്‍ ചെക്‌പോസ്റ്റുകളിലെ പരിശോധനകളില്‍ പലപ്പോഴും രക്ഷപ്പെടും. പ്രധാനമായും കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു ബൈരക്കുപ്പയിലെത്തിക്കുന്ന കഞ്ചാവ് ഇവിടെ വച്ചാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്.
പിന്നീട് ഊടുവഴികളിലൂടെ തലച്ചുമടായും അല്ലാതെയും ഇവ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് പതിവ്. കേസുകള്‍ വര്‍ധിക്കുമ്പോഴും ആവശ്യത്തിനു ജീവനക്കാരും വാഹനവും ഇല്ലാത്തതാണ് എക്‌സൈസ് വകുപ്പ് നേരിടുന്ന പ്രശ്‌നം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day