|    Nov 13 Tue, 2018 12:11 am
FLASH NEWS

കേളകത്തെ ആന പ്രതിരോധമതില്‍ നാടിന് സമര്‍പ്പിച്ചു

Published : 16th June 2017 | Posted By: fsq

 

ഇരിട്ടി: വന്യജീവി ആക്രമങ്ങളില്‍നിന്ന് ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കുന്നതിനായി കേളകം പഞ്ചായത്തില്‍ നിര്‍മിച്ച ആനപ്രതിരോധ മതിലിന്റെ ഉദ്ഘാടനം വനംമന്ത്രി അഡ്വ. കെ രാജു നിര്‍വഹിച്ചു.വന്യജീവികളുടെ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തിലെ വളയഞ്ചാല്‍ മുതല്‍ കരിയംകാപ്പ് വരെ 9.25 കിലോമീറ്റര്‍ ദൂരത്തില്‍ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് 13.6 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആന പ്രതിരോധ മതിലാണ് മന്ത്രി നാടിനു സമര്‍പ്പിച്ചത്. വനാതിര്‍ത്തി പങ്കിടുന്ന ബാക്കി സ്ഥലങ്ങളില്‍ കൂടി മതില്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ വകയിരുത്തിയ 100 കോടി രൂപയില്‍ ആദ്യപങ്ക് ഇതിനായി വിനിയോഗിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് നിര്‍മിച്ച ഏറ്റവും വലിയ ഈ മതില്‍ മറ്റു ഭാഗങ്ങളില്‍ മാതൃകയാക്കാവുന്നതാണ്. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം അഞ്ചു ലക്ഷത്തില്‍നിന്ന് ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെട്ടിയാംപറമ്പ് ഗവ. യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന പ്രതിരോധ മതില്‍ നിര്‍മിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ഡയരക്ടര്‍ പ്രകാശന്‍ മാസ്റ്റര്‍, മതില്‍ നിര്‍മാണ കമ്മിറ്റി രക്ഷാധികാരി റവ. ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എസ് സി ജോഷി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍ കുമാര്‍ വര്‍മ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ശ്രീധരന്‍ (കൊട്ടിയൂര്‍), സെലിന്‍ മാണി (കണിച്ചാര്‍), ജിജി ജോയ് (പേരാവൂര്‍),ജില്ലാ പഞ്ചായത്തംഗം സണ്ണി മേച്ചേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഷാജി, ഡിഎഫ്ഒ സുനില്‍ പാമിഡി, ഫഌയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സി വി രാജന്‍ സംസാരിച്ചു. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചാനിക്കല്‍ ബിജു, അമ്മിണി, ബാലന്‍ എന്നിവരുടെ വീടുകള്‍ വീട് മന്ത്രി സന്ദര്‍ശിച്ചു. ആറളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തളച്ച് കൂട്ടിലാക്കിയ ചുള്ളിക്കൊമ്പനെ സന്ദര്‍ശിച്ച മന്ത്രി, ആനയ്ക്ക് ശിവ എന്നു പേരിടുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss