|    Apr 19 Thu, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരള ഹൗസിലെ റെയ്ഡ്: പ്രതിഷേധം ശക്തമാവുന്നു

Published : 28th October 2015 | Posted By: SMR

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഡല്‍ഹി പോലിസ് നടത്തിയ റെയ്ഡില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാവുന്നു.
സംസ്ഥാനത്തിന്റെഅധികാരത്തില്‍ കടന്നുകയറുന്നു: വി എസ്
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനായി സംസ്ഥാനത്തിന്റെ അധികാര സീമയില്‍ പോലും കടന്നുകയറുന്നതിനു നരേന്ദ്ര മോദിക്ക് മടിയില്ല എന്നതിനു തെളിവാണു ഡല്‍ഹി കേരള ഹൗസിലെ പോലിസ് കൈയേറ്റമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
ഇതിലെ ഏറ്റവും നാണംകെട്ട സംഗതി കേരളസര്‍ക്കാരിന് വിശേഷിച്ചും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു ആത്മരോഷവും തോന്നിയില്ലെന്നതാണ്. സംഘപരിവാര ബിജെപി സഖ്യത്തിനെ തുറന്നെതിര്‍ക്കാനും അപലപിക്കാനുമുള്ള നട്ടെല്ല് മുഖ്യമന്ത്രിക്ക് ഇല്ലാതെപോയെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നടപടി അപലപനീയം: സുധീരന്‍
ന്യൂഡ ല്‍ഹിയിലെ കേരള ഹൗസിനു കീഴിലുള്ള റസ്റ്റോറന്റില്‍ പരിശോധന നടത്താനെത്തിയ ഡല്‍ഹി പോലിസിന്റെ നടപടി ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അതിരുവിട്ട ഈ ഫാഷിസ്റ്റ് നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സുധീരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നടപടി അപമാനം: കോടിയേരി
ഡല്‍ഹി കേരള ഹൗസില്‍ പോലിസ് നടത്തിയ ബീഫ് റെയ്ഡില്‍ പ്രധാനമന്ത്രിയെ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി സംഭവം കേരളീയരുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്.
കേരള ഹൗസിലെ ഭക്ഷണശാലയില്‍ എന്തു വേവണമെന്നും ഏത് അടുപ്പ് പ്രവര്‍ത്തിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ഹിന്ദുസേനയുടേതല്ല. ഹിന്ദുസേനയുടെ താല്‍പ്പര്യപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലിസ് ഡല്‍ഹിയിലെ കേരള ഹൗസില്‍ അതിക്രമിച്ചുകയറി ഭക്ഷണപരിശോധന നടത്തിയതു ധിക്കാരമാണ്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹിയിലെ കേരള ഹൗസിന്റെ ചുമതല മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന പൊതുഭരണവകുപ്പിനാണ്. എന്നിട്ടും ബീഫ് റെയ്ഡിനെപ്പറ്റി പ്രതികരിക്കാന്‍ 12 മണിക്കൂര്‍ വൈകിയത് ആശ്ചര്യകരമാണ്. പ്രതികരിച്ചപ്പോഴാവട്ടെ അതു വര്‍ഗീയശക്തികളോടുള്ള ലജ്ജാകരമായ കീഴടങ്ങലുമായെന്ന് കോടിയേരി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു: പന്ന്യന്‍

ആലപ്പുഴ: ബീഫ് പരിശോധനയുടെ പേരില്‍ കേരള ഹൗസില്‍ ഡല്‍ഹി പോലിസ് റെയ്ഡ് നടത്തിയ സംഭവത്തെ മുഖ്യമന്ത്രി ലാഘവത്തോടെ കാണുകയാണെന്ന് സിപിഐ കേന്ദ്രകമ്മിറ്റിയംഗം പന്ന്യന്‍ രവീന്ദ്രന്‍.
ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തില്‍ ചുമതലക്കാരനായ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുവാദമില്ലാതെയാണ് പരിശോധന നടന്നത്.
പരിശോധന തെറ്റാണെന്നു പറയാനുള്ള മാനസിക സ്ഥൈര്യം മുഖ്യമന്ത്രി കാണിച്ചില്ല. ആര്‍എസ്എസ്, ബിജെപി വിഷയത്തില്‍ അര്‍ഥഗര്‍ഭമായ മൗനമാണ് ഉമ്മന്‍ചാണ്ടിയുടേത്. ആര്‍എസ്എസിന്റെ ചെയ്തികളില്‍ നോക്കുകുത്തിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് അനുകൂലമായ നിലപാടില്‍ യുഡിഎഫിനെയും മുഖ്യമന്ത്രി നയിച്ചുകൊണ്ടുപോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss