|    Jan 24 Tue, 2017 8:40 pm
FLASH NEWS

കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്രം

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു പ്രത്യേകം കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രീകൃത കൗണ്‍സലിങിലൂടെ മാത്രമേ സര്‍ക്കാര്‍ കോളജുകള്‍ക്കും സ്വകാര്യ കോളജുകള്‍ക്കും പ്രവേശനം നടത്താന്‍ പാടുള്ളൂ.
അല്ലാതെയുള്ള നടപടികള്‍ സുപ്രിംകോടതിയുടെ ഉത്തരവിനു വിരുദ്ധമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സ്വകാര്യ കോളജുകള്‍ പ്രത്യേകം കൗണ്‍സലിങ് നടത്തേണ്ടതില്ലെന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച് വ്യാഴാഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.
എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടി കേന്ദ്രീകൃത കൗണ്‍സലിങ് നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാതെ പ്രത്യേകം കൗണ്‍സലിങ് നടത്തുന്നതു നിയമവിരുദ്ധമാണെന്നായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം. ഇതു സംബന്ധിച്ച ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചാല്‍ മതിയാവുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 26നാണ് സ്വാശ്രയ കോളജുകള്‍ക്കും കല്‍പിത സര്‍വകലാശാലകള്‍ക്കും സ്വന്തം നിലയില്‍ കൗണ്‍സലിങ് നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയത്. ഈ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി ബോംബെ ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേയാണ് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് ഏകീകൃത പ്രവേശനപ്പരീക്ഷ (നീറ്റ്) മാത്രം ബാധകമാക്കിയതിനു ശേഷമുള്ള നടപടികള്‍ തുടരവെയാണ് വിഷയം വീണ്ടും പരമോന്നത കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.
അതേസമയം, പ്രവേശനത്തിനു സുപ്രിംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാറായതിനാല്‍ അടിയന്തരപ്രാധാന്യം പരിഗണിച്ച് ഹരജികള്‍ ഇന്നുതന്നെ പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക