|    Oct 24 Wed, 2018 6:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരള ഹജ്ജ് കമ്മിറ്റിപുതിയ ചെയര്‍മാനെ തേടുന്നു

Published : 30th January 2017 | Posted By: fsq

 

മലപ്പുറം: കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ നിര്യാണത്തോടെ ഒഴിവു വന്ന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ കരുനീക്കം തുടങ്ങി. ഇനി രണ്ടുവര്‍ഷം കൂടി കാലാവധിയുള്ള ഹജ്ജ് കമ്മിറ്റിയില്‍ 16 പ്രതിനിധികളാണുള്ളത്. അവര്‍ യോഗം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണു ചട്ടം. ആരെയും പിണക്കാതെ പുതിയ ചെയര്‍മാനെ കണ്ടെത്താനാണ് സര്‍ക്കാരും ഹജ്ജ് ചുമതലയുള്ള മന്ത്രി കെ ടി ജലീലും ശ്രമിക്കുന്നത്. അതിനിടെ ഈ സ്ഥാനം നിലനിര്‍ത്താന്‍ ഇകെ സുന്നി വിഭാഗവും സ്വന്തമാക്കാന്‍ എപി സുന്നി വിഭാഗവും രഹസ്യനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാപ്പു മുസ്്‌ല്യാര്‍ തങ്ങളുടെ പ്രതിനിധിയായതിനാല്‍ പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തങ്ങളില്‍നിന്നൊരാളാവണമെന്നാണ് ഇകെ വിഭാഗം താല്‍പര്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോള്‍ ഹജ്ജ്, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനങ്ങള്‍ നല്‍കുമെന്ന് ധാരണയുണ്ടായിരുന്നതായി എപി വിഭാഗം പറയുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുള്ളത് മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, വി അബ്ദുറഹ്മാന്‍ എംഎല്‍എ എന്നിവരുടെ പേരുകളാണെന്നാണു സൂചന. ബാപ്പു മുസ്്‌ല്യാര്‍ക്കു പകരം ഇകെ സമസ്ത വിഭാഗം പൊതുസമ്മതനായ ഒരാളെ നിര്‍ദേശിക്കുന്നപക്ഷം ചെയര്‍മാനാക്കുന്നതില്‍ വിരോധമില്ലെന്ന് ഹജ്ജ് മന്ത്രി കെ ടി ജലീല്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയില്‍ പുതുതായി ഒരാളെ ഉള്‍പ്പെടുത്തി ചെയര്‍മാനാക്കാന്‍ സാധിക്കില്ലെന്ന വസ്തുതയും സര്‍ക്കാരിനു മുന്നിലുണ്ട്. അടുത്ത ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം (2019) എപി വിഭാഗത്തിനും നിലവില്‍ ബാക്കിയുള്ള രണ്ടുവര്‍ഷത്തെ ചെയര്‍മാന്‍സ്ഥാനം ഇകെ വിഭാഗത്തിനും നല്‍കി അവരെ കൂടെ നിര്‍ത്തണമെന്ന അഭിപ്രായവും ഇടതുപക്ഷത്തില്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ബാപ്പു മുസ്‌ല്യാരുടെ നിര്യാണത്തിനുശേഷം ഹജ്ജ് കമ്മിറ്റി യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്തും. ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരംഭിച്ചതിനാല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ പെട്ടെന്നു കണ്ടെത്തണമെന്ന അഭിപ്രായവും ശക്തമാണ്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം നല്‍കുന്നതിലൂടെ ഇപ്പോള്‍ തന്നെ സര്‍ക്കാരിന് ഇകെ സമസ്തയുമായുള്ള ഊഷ്മളബന്ധം ഒന്നുകൂടി ശക്തമാക്കാന്‍ കഴിയുമെന്ന വിശ്വാസവും ഇടതുപക്ഷത്തിനുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss