|    Oct 23 Mon, 2017 11:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരള സാഹിത്യ അക്കാദമിക്ക് ഇന്ന് 60ാം പിറന്നാള്‍

Published : 15th October 2016 | Posted By: SMR

 എ എം ഷമീര്‍  അഹ്മദ്

തൃശൂര്‍: കാല്‍പനികതയുടെ സൗന്ദര്യം പേറിനില്‍ക്കുന്ന അക്ഷരങ്ങളുടെ പറുദീസയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. തൃശൂര്‍ നഗരമധ്യത്തിലെ രണ്ടര ഏക്കര്‍ ഭൂമിയില്‍ പ്രൗഢി ഒട്ടും ചോരാതെ നില്‍ക്കുന്ന പഴയ കോടതിക്കെട്ടിടം മലയാള സാഹിത്യത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി മാറിയിട്ട് ആറുപതിറ്റാണ്ട് പിന്നിടുമ്പോള്‍ മലയാള സാഹിത്യലോകത്തിനും അഭിമാനിക്കാന്‍ വകയേറെ.
സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരിടം എന്ന ആശയത്തില്‍നിന്നാണ് 1956 ഒക്ടോബര്‍ 15ന് തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം നടക്കുന്നത്. ഐക്യകേരള പിറവിക്കു മമ്പേ പിറന്നുവീണ അക്കാദമിയുടെ ആസ്ഥാനം തൃശൂരിലേക്ക് മാറ്റിയത് 1958ലാണ്. നഗരഹൃദയത്തില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പഴയ കോടതിയായിരുന്നു ഈ കെട്ടിടം. കേരള രൂപീകരണാനന്തരം പൊതുമരാമത്തു വകുപ്പിന് കീഴിലായ കെട്ടിടം ഒരു രൂപ പ്രതിമാസ വാടകയ്ക്കാണ് അക്കാദമിക്ക് നല്‍കിയത്. സര്‍ദാര്‍ കെ എം പണിക്കരായിരുന്നു അക്കാദമിയുടെ അധ്യക്ഷന്‍. മഹാകവി വള്ളത്തോള്‍ ഉപാധ്യക്ഷനായി. മലയാളത്തില്‍നിന്നു മറ്റു ഭാഷകളിലേക്കും ഇതര ഭാഷകളില്‍നിന്നു മലയാളത്തിലേക്കും കൃതികള്‍ പരിഭാഷപ്പെടുത്തുക, ഭാഷയുടെ വളര്‍ച്ചയ്ക്കുതകുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, സാഹിത്യകാരന്മാരെ പ്രോല്‍സാഹിപ്പിക്കുക, മൂല്യവത്തായ കൃതികള്‍ കേടുകൂടാതെ സൂക്ഷിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍.
എന്നാല്‍ മലയാള സാഹിത്യം വളരുന്നതിനൊപ്പം അക്കാദമിയുടെ പ്രവര്‍ത്തനമേഖലയും വളര്‍ന്നു. ലോകോത്തര സാഹിത്യത്തില്‍ മലയാളത്തിന് തനതായ ഒരിടം ഒരുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കാണ് അക്കാദമി വഹിച്ചത്. പ്രാദേശിക അക്കാദമികളുടെ പ്രവര്‍ത്തനം വിലയിരുത്താ ന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഖോസ്‌ലാ അധ്യക്ഷനായ കമ്മിറ്റി കേരള സാഹിത്യ അക്കാദമിയെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ്- രാജ്യത്ത് ഏറ്റവും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. സഫലമായ സാഹിത്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടും മൗലികവും പ്രേയാജനപ്രദവുമായ അനേകം കര്‍മപദ്ധതികള്‍ കൊണ്ടും കേരള സാഹിത്യ അക്കാദമി മികച്ചുനില്‍ക്കുന്നു.
പൊക്കിള്‍ക്കൊടി ബന്ധമാണ് മലയാള സാഹിത്യകാരന്‍മാര്‍ക്ക് അക്കാദമിയുമായുള്ളത്. വൈക്കം മുഹമ്മദ് ബഷീര്‍, കമല സുരയ്യാ, കെ പി കേശവമേനോന്‍, പൊന്‍കുന്നം വര്‍ക്കി, തകഴി ശിവശങ്കരപിള്ള തുടങ്ങി സാഹിത്യലോകത്തെ മഹാരഥന്‍മാരുടെയെല്ലാം ഭാവനാലോകം അക്കാദമി പരിസരത്ത് തണല്‍മൂടി നില്‍ക്കുന്ന വൃക്ഷച്ചുവടുകളായിരുന്നു.
വള്ളത്തോള്‍, പി കേശവദേവ്, ലളിതാംബിക അന്തര്‍ജനം, എം കെ സാനു, എംടി, യൂസഫലി കേച്ചേരി തുടങ്ങിയവര്‍ വിവിധ കാലയളവില്‍ അക്കാദമിയുടെ പ്രസിഡന്റുമാരായിരുന്നു. എസ് കെ പൊറ്റെക്കാട്, കെ എം ജോര്‍ജ്, സി വി ശ്രീരാമന്‍ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികവുറ്റ പുസ്തകപ്രസിദ്ധീകരണശാലയും ലൈബ്രറിയും ഇന്ന് അക്കാദമിക്ക് സ്വന്തമായുണ്ട്. 1772 ല്‍ പ്രസിദ്ധീകരിച്ച പുസ്തകമടക്കം ഒന്നരലക്ഷത്തോളം പുസ്തകങ്ങള്‍ അക്കാദമി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
അപൂര്‍വമായ താളിയോല ഗ്രന്ഥങ്ങള്‍, 1500 പുസ്തകങ്ങളുടെ മൈക്രോഫിലിം, നാല് ദശാബ്ദത്തിനിടയില്‍ സാഹിത്യലോകത്ത് പ്രകാശം പരത്തി കടന്നുപോയ 1500ഓളം മഹാരഥന്‍മാരുടെ ശബ്ദ റിക്കാഡുകള്‍ തുടങ്ങിയവയുമുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉപയോഗിക്കാന്‍ കഴിയുന്ന ലൈബ്രറികള്‍ ഒരുക്കി സൈബര്‍യുഗത്തിലേക്ക് ചുവടുമാറ്റാനും അക്കാദമിക്കായി.
അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് അക്കാദമി രൂപം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷന്‍ വൈശാഖന്‍ പറഞ്ഞു. പരിപാടികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അക്കാദമി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക