|    Nov 14 Wed, 2018 9:45 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കേരള സര്‍ക്കാരിന്റെ മാസാചരണങ്ങള്‍

Published : 7th June 2017 | Posted By: fsq

 

കെ  എം  സലീം

വാര്‍ഷിക കലണ്ടറില്‍ അടയാളപ്പെടുത്തിയിട്ടുള്ള സ്മരണീയ ദിനങ്ങളെല്ലാം തന്നെ മുടക്കം കൂടാതെ ആചരിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും വീഴ്ചവരുത്താറില്ല എന്നതിനാല്‍ കൊല്ലവര്‍ഷത്തിലെ 364 ദിവസങ്ങളും സ്മരണീയ ദിനങ്ങളായിട്ടുതന്നെയാണ് മലയാളികള്‍ക്ക് അനുഭവപ്പെടാറുള്ളത്. എന്നാല്‍, അടുത്തകാലത്തായി ചില സ്മരണീയ മാസങ്ങളും മലയാളികളുടെ ആചരണങ്ങളില്‍ ഇടംനേടിയതായിട്ടാണു കാണാന്‍ കഴിയുന്നത്. മലയാള കലണ്ടര്‍ പ്രകാരം കുംഭമാസം ഗ്രാമപ്പഞ്ചായത്തുകള്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള മാസമായിട്ടാണ് ആചരിക്കാറുള്ളത്. സംസ്ഥാനത്തുള്ള മിക്ക ഗ്രാമപ്പഞ്ചായത്തുകളിലും മാസാചരണത്തിന്റെ ഭാഗമായി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നാലു കോഴിക്കുഞ്ഞുങ്ങളെ വീതം സൗജന്യ നിരക്കില്‍ നല്‍കാറുള്ളത് കേരളം കോഴിമുട്ടയുടെ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നു മുട്ടക്കോഴികള്‍ എന്ന പേരില്‍ വിതരണം ചെയ്യുന്ന നാലു കോഴിക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും വളര്‍ന്നുവരുന്നതോടെ പൂവന്‍കോഴികളായി മാറുന്നതിനാല്‍ അവ ഏതാനും മാസങ്ങള്‍ക്കകം തീന്‍മേശയില്‍ എത്തിച്ചേരാറാണു പതിവ്. അക്കാരണത്താല്‍ തന്നെ കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നു ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്ന കോഴിമുട്ടയുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.കേരളം കാര്‍ഷികോല്‍പന്നങ്ങളുടെ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് സൗജന്യമായി രാസവളങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മാസമായിട്ടാണ് മീനമാസം ആചരിച്ചുപോരുന്നത്. വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ ചൂടും കടുത്ത ജലക്ഷാമവും അനുഭവപ്പെടാറുള്ള മീനമാസത്തില്‍ യൂറിയ, ഫാക്ടംഫോസ് മുതലായ രാസവളങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിച്ചാലുള്ള അനന്തരഫലം എന്തായിരിക്കുമെന്ന് കൃഷിവകുപ്പിലെ ബുദ്ധിജീവികള്‍ക്കു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും കര്‍ഷകര്‍ക്ക് പ്രായോഗിക പരിജ്ഞാനമുള്ളതിനാല്‍ കൃഷിവകുപ്പു നല്‍കുന്ന രാസവളങ്ങള്‍ വിതരണസ്ഥാപനങ്ങള്‍ക്കു നല്‍കി പകരമായി പണം കൈപ്പറ്റാറാണു പതിവ്. അക്കാരണത്താല്‍ കേരം നിറഞ്ഞ കേരള നാട്ടിലേക്ക് വേനല്‍ക്കാലത്ത് ആവശ്യമായ ഇളനീര്‍പോലും എത്തിക്കൊണ്ടിരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്.മീനമാസത്തിലെ കഠിന ചൂടു കാരണമായി അരുവികളും തോടുകളും പുഴകളുമെല്ലാം വറ്റിവരളുന്ന മുറയ്ക്ക് അവിടങ്ങളില്‍ ജലം സംഭരിച്ചുനിര്‍ത്തുന്നതിനു വേണ്ടി (?) സര്‍ക്കാര്‍ ഉദ്യോഗസ്ഥരും താല്‍ക്കാലിക തടയണനിര്‍മാണ വിദഗ്ധരും ജാഗരൂകരാവുന്നതിനാല്‍ സര്‍ക്കാരിന്റെ മീനമാസാചരണം ജനമനസ്സുകളില്‍ മായാത്ത ഓര്‍മകളാണ് അവശേഷിപ്പിക്കാറുള്ളത്. ലോകജനത ജൂണ്‍ 5 പരിസ്ഥിതിദിനമായിട്ടാണ് ആചരിക്കാറുള്ളതെങ്കിലും കേരള സര്‍ക്കാരും പരിസ്ഥിതിവാദികളും അടുത്തകാലംതൊട്ട് ഇടവമാസം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള മാസമായിട്ടാണ് ആചരിച്ചുകൊണ്ടിരിക്കുന്നത്. പാതയോരത്തെ തണല്‍മരങ്ങള്‍ കര്‍ക്കിടകക്കാറ്റില്‍ അല്‍പം കൂടുതല്‍ ഇളകിയെന്ന കാരണത്താല്‍ മരം അപകടഭീഷണിയിലാണെന്നു മുദ്രകുത്തി അടിയന്തരമായി മുറിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള ഭീമഹരജികള്‍ തയ്യാറാക്കി മന്ത്രിസമക്ഷം സമര്‍പ്പിക്കുന്നവര്‍ മീനമാസത്തെ കൊടുംചൂടില്‍ മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് വാചാലരാവുന്നത് കണ്ടും കേട്ടും പരിചയിച്ചവരാണു മലയാളികള്‍. അത്തരക്കാരില്‍ അധികപേരും സര്‍ക്കാരിന്റെ ഇടവമാസാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന തൈനടല്‍ ആചാരത്തില്‍ പ്രധാന പങ്കാളികളാവുന്നതും പതിവു കാഴ്ച തന്നെയാണ്. ഇടവമാസാചരണത്തില്‍ പ്രധാന പങ്കാളിത്തം വഹിക്കാന്‍ കടപ്പെട്ടവര്‍ അധ്യാപകരും വിദ്യാര്‍ഥികളുമാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മുഖേന കൃഷിവകുപ്പ് വിതരണംചെയ്യുന്ന നട്ടാല്‍ മുളയ്ക്കാത്തതും അഥവാ മുളച്ചാല്‍ തന്നെ കായ്ക്കാത്തതുമായ പച്ചക്കറിവിത്തുകള്‍ തങ്ങളുടെ വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ അതീവ തല്‍പരരായ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ നിന്നു തങ്ങളെ ഏല്‍പിച്ച വൃക്ഷത്തൈകള്‍ തങ്ങളുടെ മൂന്നു സെന്റ് പുരയിടത്തില്‍ എവിടെ വയ്ക്കണമെന്നറിയാതെ അവരുടെ രക്ഷിതാക്കളോട് പരിതപിക്കാറുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതുകൊണ്ടാവാം ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനമേധാവികളുടെ മേല്‍നോട്ടത്തില്‍ പാതയോരങ്ങളില്‍ തൈകള്‍ കുഴിച്ചിടാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പോയ വര്‍ഷങ്ങളില്‍ സര്‍ക്കാരും വനംവകുപ്പും പരിസ്ഥിതിവാദികളും പ്രകൃതിസ്‌നേഹികളും മത-രാഷ്ട്രീയസംഘടനകളും ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് കൊച്ചു കേരളത്തിന്റെ പാതയോരങ്ങളില്‍ കുഴിച്ചിട്ട തൈകളില്‍ കാല്‍ഭാഗമെങ്കിലും മരങ്ങളായി മാറിയിരുന്നെങ്കില്‍ സര്‍ക്കാരിന്റെയും പ്രകൃതിസ്‌നേഹികളുടെയും ഇത്തവണത്തെ ഇടവമാസാചരണത്തിന്റെ ഭാഗമായി ഒരുകോടി തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള നടപടികള്‍ എടുക്കേണ്ടിവരുമായിരുന്നില്ല. സര്‍ക്കാരിന്റെയും പ്രകൃതിസ്‌നേഹികളുടെയും ഇടവമാസാചരണം പ്രതീക്ഷിച്ചുകൊണ്ട് കേരളത്തിലെ നഴ്‌സറികളില്‍ വൃക്ഷത്തൈകള്‍ വിതരണത്തിനായി തയ്യാറാക്കുന്നവര്‍ ദൈവാധീനമുള്ളവരാണെന്നതിനാല്‍ പോയവര്‍ഷങ്ങളില്‍ പാതയോരത്തു കുഴിച്ചിട്ട തൈകള്‍ മാത്രമല്ല, കുഴികള്‍ തന്നെയും കണ്ടെത്താന്‍ കഴിയാത്തവിധം അപ്രത്യക്ഷമായിരിക്കുന്നതിനാല്‍ വരുംകാലങ്ങളിലും സര്‍ക്കാരിന്റെ ഇടവമാസാചരണം തുടരുകയും തൈ വിതരണപക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ഇടനിലക്കാരുടെയും ധനാഗമനമാര്‍ഗം തടസ്സപ്പെടാനിടയില്ലെന്നു പ്രതീക്ഷിക്കുകയും ചെയ്യാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss