|    Oct 17 Tue, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരള സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് അമിത് ഷാ

Published : 9th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  കേരളത്തിലെ ഇടതു സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 12 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അമിത് ഷാ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇടതു ഭരണകാലങ്ങളില്‍ 120 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടിട്ടുണ്ട്. ഒരു വെടിയുണ്ട കൊണ്ട് ജീവനെടുക്കാമെന്നിരിക്കെ ഭയപ്പെടുത്താനായി തങ്ങളുടെ പ്രവര്‍ത്തകരെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തുന്ന സാഹചര്യമാണു കേരളത്തിലേത്. ഇത്തരം നടപടികളെ പേടിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി അക്രമരാഹിത്യമാണു തങ്ങളുടെ പാതയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണു കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ മൗനംപാലിക്കുകയാണ്. രാജ്യത്ത് ഇടതുപക്ഷം ഭരണത്തിലിരിക്കുന്നിടത്ത് അവരുടെ പ്രവര്‍ത്തനം അക്രമങ്ങളിലേക്കു മാറുന്ന കാഴ്ചയാണുള്ളത്. പശ്ചിമ ബംഗാളിലെ സാഹചര്യം മറ്റൊരു ഉദാഹരണമാണെന്നും ഇടതു പാര്‍ട്ടികളുടെ അക്രമരാഷ്ട്രീയത്തിന് എതിരേ ശക്തമായ ചെറുത്തുനില്‍പ് നടത്താന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും അമിത് ഷാ വ്യക്തമാക്കി. കേരളത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങളുമായായിരുന്നു പ്രകടനം.ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, പാര്‍ട്ടി എംപിമാര്‍, എംഎല്‍എമാര്‍, മറ്റു പ്രദേശിക നേതാക്കള്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. ജനരക്ഷായാത്രയിലെ തന്റെ സാന്നിധ്യം പാതിയില്‍ ഉപേക്ഷിച്ചു മടങ്ങിയ ഇദ്ദേഹം ഇന്നലെയാണു വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക