|    Oct 21 Sun, 2018 11:08 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കേരള ലോകായുക്ത കൊണ്ട് എന്തു ഗുണം?

Published : 29th January 2017 | Posted By: fsq

 

1999ന്റെ അവസാനത്തില്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് കേരളത്തില്‍ ലോകായുക്ത നിലവില്‍ വന്നത്. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എംഎല്‍എമാര്‍, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി ഭാരവാഹികള്‍, അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ദുര്‍ഭരണം, ക്രമക്കേടുകള്‍, അഴിമതി, സ്വജനപക്ഷപാതം എന്നിവയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ് 2000ല്‍ കേരളത്തില്‍ ലോകായുക്ത നിയമം നടപ്പായത്. അതിനു കീഴില്‍ ലോകായുക്തയും ഉപലോകായുക്തയും പ്രവര്‍ത്തിക്കുന്നു. ഹിമാചല്‍പ്രദേശ് ഹൈക്കോടതിയില്‍ ചീഫ്ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി സി ബാലകൃഷ്ണ മേനോന്‍ ആയിരുന്നു ആദ്യത്തെ ലോകായുക്ത. എന്നാല്‍, കേരളത്തിലെ ലോകായുക്തയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരു അധികാരവുമില്ല. വര്‍ഷത്തില്‍ ആയിരത്തിലേറെ പരാതികള്‍ ലോകായുക്തയില്‍ എത്തുന്നുണ്ട്. ഇതില്‍ ഏറിയപങ്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരേ ഉള്ളതാണ്. ലോകായുക്ത ഇറക്കുന്ന ഉത്തരവുകള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത് അസ്ഥിരപ്പെടുത്തുകയാണ് പതിവ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഹൈക്കോടതി, ലോകായുക്തയ്ക്ക് അന്വേഷണ റോള്‍ മാത്രമേയുള്ളൂവെന്നും ഉത്തരവുകള്‍ ഇറക്കാനുള്ള അധികാരമില്ലെന്നും വിധിച്ചു. ശുപാര്‍ശ ചെയ്യാന്‍ മാത്രം കഴിയുന്ന ഒരു ലോകായുക്ത എന്തിനാണെന്നാണ് നാം ചോദിക്കേണ്ടത്. പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നു ചെലവഴിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അന്വേഷണ റോളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുകൊണ്ട് എന്താണ് കാര്യം? യുഡിഎഫും എല്‍ഡിഎഫും അവരുടെ പ്രകടനപത്രികകളില്‍ ലോകായുക്ത ശക്തിപ്പെടുത്തുമെന്നും ലോകായുക്തയ്ക്ക് ഉത്തരവുകള്‍ ഇറക്കാനുള്ള അധികാരം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. ഒരു മുന്‍ ഗതാഗതമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരേ ലോകായുക്ത നടപടികള്‍ ആരംഭിച്ചെങ്കിലും അവര്‍ ഹൈക്കോടതിയെ സമീപിച്ച് നടപടികള്‍ തടഞ്ഞു. കേരള ലോകായുക്ത നിയമപ്രകാരം, കേരള നിയമസഭാ സാമാജികനാവുന്ന ഒരാളുടെ അഞ്ചു വര്‍ഷത്തെ അഴിമതി മാത്രമേ അന്വേഷിക്കാന്‍ കഴിയൂ. കേരളത്തിലെ ഭൂരിപക്ഷം എംഎല്‍എമാരും പത്തും ഇരുപതും വര്‍ഷം ഈ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരാണ്. ഇക്കാരണത്താല്‍ അവര്‍ക്കെതിരേ ഒരു അന്വേഷണവും നടത്താന്‍ ലോകായുക്തയ്ക്ക് കഴിയില്ല. ലോകായുക്തയ്ക്ക് അധികാരങ്ങള്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. കേരളത്തില്‍ ലോകായുക്ത വരുന്ന സമയത്ത് മറ്റു 15 സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ നിലവിലുണ്ടായിരുന്നു. കര്‍ണാടക ലോകായുക്ത നിയമത്തിന്റെ ശക്തി മൂലമാണ് യെദ്യൂരപ്പയുടെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചത്. എന്നാല്‍, കേരള ലോകായുക്ത രൂപീകരിച്ച് 17 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഒരു ജനപ്രതിനിധിയെയോ ഉദ്യോഗസ്ഥനെയോ ശിക്ഷിക്കാനോ ജയിലില്‍ അടയ്ക്കാനോ അതിനു കഴിഞ്ഞിട്ടില്ല. കേരള സംസ്ഥാന സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായ കേസുകള്‍ കേള്‍ക്കുന്ന ഒരു അലങ്കാരസ്ഥാപനമായി മാത്രം ലോകായുക്ത മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഇത്തരം പല ഏജന്‍സികളുടെയും അവസ്ഥ ഇതുതന്നെയാണ്. ഭരണകൂടത്തിന് അധികാരം വിട്ടുകൊടുക്കാന്‍ വലിയ മടിയാണ്. കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ അവതാളത്തിലായി കഴിയുമ്പോഴും ലോകായുക്ത എന്ന സ്ഥാപനം വളരെ ഫലപ്രദമായി മറ്റു പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss