|    Jan 19 Thu, 2017 2:22 pm
FLASH NEWS

കേരള മോഡല്‍ പഠിക്കാന്‍ ജാര്‍ഖണ്ഡ് സംഘം ഏഴംകുളത്ത്

Published : 27th September 2016 | Posted By: SMR

ഏഴംകുളം: കേരള മോഡല്‍ നേരിട്ട് കണ്ടുപഠിക്കുവാന്‍ ജാര്‍ഖണ്ഡ് സംഘം ഏഴംകുളത്തെത്തി. രാജ്യത്തിന് മാതൃകയായ കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം, കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിനുവേണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള 15 അംഗപ്രതിനിധി സംഘം ജാര്‍ഖണ്ഡില്‍ നിന്നു ഏഴംകുളം ഗ്രാമപ്പഞ്ചായത്തില്‍ എത്തിയത്.
ഗ്രാമപ്പഞ്ചായത്ത് യോഗം ചേരുന്നതും, ഗ്രാമസഭയുടെ സംഘാടനം മുതലുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും, പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് പ്രതിനിധി സംഘം പ്രാധാന്യം നല്‍കുന്നത്. റാഞ്ചി, ഛായിബാസ, വെസ്റ്റ് സിംഹും ജില്ലകളിലെ  ഗാഡ്‌സിലാ, കുത്പാനി, ബുണ്ടു ബ്ലോക്കുകളില്‍ നിന്നുമുള്ള 6 വനിതകളും 9 പുരുഷന്‍മാരും ഉള്‍പ്പെടുന്ന പ്രതിനിധി സംഘമാണ് 25 മുതല്‍ 27 വരെയുള്ള തിയ്യതികളിലായി പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തുന്നത്.
കുടുംബശ്രീ നാഷണല്‍ റിസേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ എത്തിയ പഠനസംഘത്തിന് നേതൃത്വം നല്‍കുന്നത് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ലൈവ്‌ലി ഹുഡ് പ്രെമോഷന്‍ സൊസൈറ്റി ബ്ലോക്ക് ആങ്കറും വൈപിയുമായ നേഹയാണ്. പഠനസംഘത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കുന്നത് എന്‍ആര്‍ഒ പ്രതിനിധി ജയന്‍ പൂക്കാട്, കുടുംബശ്രീ മിഷന്‍ പ്രതിനിധികളായ അരുണ്‍, നിത്യ എന്നിവരാണ്. ഇന്നലെ പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളേയും ജനകീയാസൂത്രണപദ്ധതിയേയും കുറിച്ച് സംഘം മനസ്സിലാക്കി. പഞ്ചായത്ത് യോഗം ചേരുന്നതും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുമുള്ള നിരവധി സംശയങ്ങളായിരുന്നു പഠനസംഘത്തിനുണ്ടായിരുന്നത്.
പഞ്ചായത്തിലെ സ്മാര്‍ട്ട് സ്‌കൂളായ ഏഴംകുളം ഗവ.എല്‍പി യില്‍ എത്തിയ സംഘം സ്മാര്‍ട്ട് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഏഴംകുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മാങ്കൂട്ടം മാതൃക അംഗന്‍വാടിയിലും ഏഴംകുളം കൃഷിഭവനിലും സംഘം സന്ദര്‍ശനം നടത്തി.  ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് വിജുരാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, സെക്രട്ടറി നെല്‍സണ്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സംഘം ഇന്ന് മുന്നാം വാര്‍ഡ് ഗ്രാമസഭാ യോഗത്തില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക