|    Jan 17 Tue, 2017 4:35 pm
FLASH NEWS

കേരള മുസ്‌ലിം ജമാഅത്ത്; ലക്ഷ്യം സമുദായ ശാക്തീകരണം: കാന്തപുരം

Published : 28th February 2016 | Posted By: SMR

കോഴിക്കോട്: മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ദിശാബോധം നല്‍കി സമുദായത്തെ ശാക്തീകരിക്കുകയാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംഘടനയുടെ നയപ്രഖ്യാപനം നടത്തുകയായിരുന്നു കാന്തപുരം.
സമസ്തയുടെ ദൗത്യം ഏറ്റെടുക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ലെങ്കിലും പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയാവബോധം നല്‍കും. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ഭൂമികയെ സംബന്ധിച്ചു പുനരാലോചനകള്‍ നടക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകളുണ്ട്. മുസ്‌ലിംകളുടെ പേരില്‍ തന്നെയും പാര്‍ട്ടികളുണ്ട്. പക്ഷേ സമുദായത്തിനൊരു പിന്തുണ വേണ്ടിവരുമ്പോള്‍ ഈ പാര്‍ട്ടികള്‍ എവിടെയാണ്? പാര്‍ലമെന്ററി വ്യാമോഹത്തിനപ്പുറമുള്ള അജണ്ടകളിലേക്ക് ഇവര്‍ സത്യത്തില്‍ കടന്നുവരുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയില്ലെങ്കിലും ആവശ്യമായ സമയത്ത് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകതന്നെ ചെയ്യും.
രാജ്യത്ത് വ്യാപകമായി വരുന്ന തീവ്രവാദം, വര്‍ഗീയ ചേരിതിരിവ്, അസഹിഷ്ണുത എന്നിവക്കെതിരേ മത-മതേതര മൂല്യങ്ങളും-ദേശീയ താല്‍പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ വലിയ ഉല്‍ക്കണ്ഠയുണ്ട്. തീവ്രവാദസന്ദേശം പ്രചരിപ്പിക്കുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല. മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, കുടുംബം, സാമ്പത്തിക മേഖലകളില്‍ പദ്ധതികളാവിഷ്‌കരിക്കും. ജില്ലാ, സോണ്‍ തലങ്ങളില്‍ മസ്ഹലത്ത് ഫോറങ്ങള്‍(അനുരഞ്ജന സമിതികള്‍) സ്ഥാപിക്കും. സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി ‘സൗഹൃദഗ്രാമം’ സൃഷ്ടിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ജമാഅത്ത് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകള്‍ പോളിസി സെല്‍ ചേര്‍ന്ന് പിന്നീട് തീരുമാനമെടുക്കും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എം അലിക്കുഞ്ഞി മുസ്‌ല്യാര്‍ ശിറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല പ്രസംഗിച്ചു. എ പി മുഹമ്മദ് മുസ്‌ല്യാര്‍ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്‌ല്യാര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, എം വി അബ്ദുറസാഖ് സഖാഫി മുസ്‌ലിം ജമാഅത്ത് സാരഥികളെ അനുമോദിച്ചു. സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക