|    Jun 19 Tue, 2018 11:54 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരള മുസ്‌ലിംകള്‍ ആയുധമെടുത്തത് സാമൂതിരി രാജാവിനെ സംരക്ഷിക്കാന്‍: എംഎം അക്ബര്‍

Published : 3rd October 2017 | Posted By: shadina sdna


ദുബൈ: മുഹമ്മദ് നബി ജീവിച്ചിരിക്കുന്ന  കാലത്ത് തന്നെ ചേരമാന്‍ പെരുമാള്‍ മഹാരാജാവിന്റെ ആശിര്‍വാദത്തോടുകൂടിയാണ് കേരളത്തില്‍ ഇസ്‌ലാംമതം പ്രചരിക്കാന്‍ തുടങ്ങിയത്. നീണ്ട ഒരു സഹസ്രാബ്ദത്തിലേറെകാലം മുസ്‌ലിംകള്‍ വിവിധ ഹൈന്ദവ രാജാക്കന്‍മാര്‍ക്ക് കീഴില്‍ പ്രജകളായി കഴിഞ്ഞിട്ടും ഒരിക്കല്‍പോലും ഭരണകൂടത്തിനെതിരിലോ മറ്റ് മതവിഭാഗങ്ങള്‍ക്കെതിരിലോ   കലാപമോ സമരമോ നടത്തിട്ടില്ല. മറിച്ച്  ഹിന്ദുവായ സാമൂതിരി രാജാവിനെയും അദ്ദേഹത്തിന്റെ രാജ്യത്തെയും സംരക്ഷിക്കാന്‍വേണ്ടി പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെയാണ് കേരളത്തിലെ മുസ്‌ലിംകള്‍ ആദ്യമായി ആയുധമെടുത്തതെന്ന്  നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം. അക്ബര്‍ പ്രസ്താവിച്ചു.  അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ അല്‍ബറാഹ ഹോസ്പിറ്റലിലെ അല്‍ഒവൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  ‘ഇസ്‌ലാം സഹിഷ്ണുതയുടെ മതം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം അസഹിഷ്ണുതയുടെ മതമാണ് എന്ന ആരോപണംതന്നെ അതിന്റെ പ്രമാണങ്ങള്‍ക്കും ചരിത്രത്തിനും എതിരാണ്. കഴിഞ്ഞ നൂറ്റാണ്ട് വരെ അത്തരമൊരാരോപണം ലോകത്തിന് പരിചയമില്ലാത്തതായിരുന്നു. നിഗൂഢലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ച ഓറിയന്റ്‌റലിസ്റ്റ്കളുടെ സൃഷ്ടിയാണതെന്ന് അദ്ദേഹം പറഞ്ഞു. ഹിജ്‌റയുടെ സന്ദേശംതന്നെ സഹിഷ്ണുതയുടെതാണ്. തന്റെയും അനുചരന്മാരുടേയും മുഴുവന്‍ സമ്പത്തും മക്കയില്‍ ഉപേക്ഷിച്ചുപോകുമ്പോഴും ശത്രുവിഭാഗങ്ങളിലുള്ളവര്‍ മുഹമ്മദ് നബിയുടെ കയ്യില്‍ വിശ്വസിച്ച് ഏല്‍പിച്ച സമ്പത്ത് പൂര്‍ണ്ണമായും തിരികെ നല്‍കാന്‍ അദ്ദേഹം സഹോദരപുത്രന്‍ അലി(റ)വിനെ ചുമതലപ്പെടുത്തിയിരുന്നു. തന്നെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 100 ഒട്ടകങ്ങള്‍ ഇനാം പ്രഖ്യാപിച്ച സമയത്ത് ദുര്‍ഘടംപിടിച്ച യാത്രയില്‍ അദ്ദേഹത്തിന് വഴികാട്ടിയായി കൂടെ കൂട്ടിയത് മുസ്‌ലിം അല്ലാത്ത ഒരു വിശ്വസ്തനായിരുന്നു.
നൂറ്റാണ്ടുകളായി പോരടിച്ചിരുന്ന വിവിധ ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും കുടുസ്സായ ദേശീയതയില്‍നിന്ന് ഏകോദരസഹോദരങ്ങളായി അവരെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. മദീനയുടെ ഭരണാധികാരിയെന്ന നിലയില്‍ ഇസ്‌ലാമിക ഭരണത്തിന്‍കീഴില്‍ ന്യൂനപക്ഷമായ വിവിധ മതഗോത്ര വിഭാഗങ്ങളുമായി അവരുടെ സമ്പൂര്‍ണ്ണമായ വ്യക്തി മത സ്വാതന്ത്ര്യം ഉറപ്പുനല്‍കിക്കൊണ്ട്  ഉണ്ടാക്കിയ സംരക്ഷണകരാര്‍  ‘മദീനാ ചാര്‍ട്ടര്‍’ എന്ന പേരില്‍ ഇസ്‌ലാമിക സഹിഷ്ണുതയുടെ എക്കാലത്തെയും വലിയ മാതൃകയാണ്.
പ്രലോഭനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും  നടത്തി ഇസ്‌ലാമിലേക്ക് ആളെചേര്‍ക്കുന്ന രീതി മതത്തിലില്ലെന്നും ബലാല്‍ക്കാരത്തിന്റെയും മതനിന്ദയുടെയും ഏറ്റവും ചെറിയ രൂപംപോലും പരിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാര്‍ ലംഘനം നടത്തുകയും രാജ്യത്തിന്റെ നായകനെ വകവരുത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരു ജൂതഗോത്രത്തെ നാടുകടത്താന്‍ വിധിക്കവേ, അവരുടെ കൂട്ടത്തില്‍ ജൂതരായി വളര്‍ത്തിവന്നിരുന്ന ചില മുസ്‌ലിംകളുടെ സന്താനങ്ങളെ ഇസ്‌ലാമിലേക്ക് കൊണ്ടുവന്ന് തങ്ങളുടെ കൂടെനിര്‍ത്തും എന്ന് ശപഥംചെയ്തവരോട് വിശുദ്ധ ഖുര്‍ആന്‍ വചനത്തിലൂടെ ആ ബാലന്മാരുടെ മതം മാറ്റാന്‍പോലും തങ്ങള്‍ക്ക് അവകാശമില്ലെന്ന് ബോധ്യപ്പെടുത്തി.
റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനമാണെന്നും സര്‍വ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ജീവന്‍ നിലനിര്‍ത്താനുള്ള മാനുഷികസഹായം എത്തിക്കുന്നത്തിനുള്ള ദൗത്യം മുഴുവന്‍ മനുഷ്യസ്‌നേഹികളും സംഘടനകളും ഏറ്റെടുക്കണമെന്നും തുടര്‍ന്നുനടന്ന ചോദ്യോത്തര സെഷനിലെ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
യുഎഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍സെക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ അല്‍ബറാഹ ശാഖ പ്രസിഡണ്ട് വി.കെ. സകരിയ്യ സ്വാഗതവും  സെക്രട്ടറി യൂസഫ്  നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss