|    Aug 15 Wed, 2018 4:10 pm
FLASH NEWS

കേരള ബ്ലോഗ് എക്‌സ്പ്രസ് ഇന്ന് കണ്ണൂരില്‍

Published : 28th March 2018 | Posted By: kasim kzm

കണ്ണൂര്‍: അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രവിസ്മയങ്ങളിലേക്ക് മിഴിതുറന്നും മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ സൗന്ദര്യം നുകര്‍ന്നും കായാക്കിങ് ആസ്വദിച്ചും ഉത്തരമലബാര്‍ കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ മുപ്പതംഗ കേരള ബ്ലോഗ് എക്‌സ്പ്രസ് സംഘം ഇന്ന് കണ്ണൂരിലെത്തും.
തിരുവനന്തപുരത്തുനിന്ന് 18ന് യാത്ര തുടങ്ങിയ ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനാണ് വിവിധ ജില്ലകളിലെ 12 ദിവസത്തെ പര്യടനത്തിന് ശേഷം കണ്ണൂരില്‍ എത്തുന്നത്. ഏപ്രില്‍ ഒന്നിനു കൊച്ചിയിലാണ് സമാപനം. ഫ്രാന്‍സ്, അമേരിക്ക, യു കെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്നുള്ള  പ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്. വയനാട് വൈത്തിരി വില്ലേജിലെ സന്ദര്‍ശനത്തിനു ശേഷം കോഴിക്കോട് വഴി കണ്ണൂരിലെത്തുന്ന സംഘം സീ ഷെല്‍സ് ബീച്ച് ഹോമിലും സീ ഷെല്‍സ് ഹോം സ്‌റ്റേയിലുമാണ് തങ്ങുക. നാളെ രാവിലെ കായാക്കിങിനായി ധര്‍മടത്തേക്ക് തിരിക്കും. ഉച്ചയോടെ മുഴപ്പിലങ്ങാട്ട് എത്തിച്ചേരും.മുഴപ്പിലങ്ങാട്ടുനിന്ന് നേരെ കണ്ണൂര്‍ കോട്ടയിലേക്ക്. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധീനതകളില്‍ ഉണ്ടായിരുന്ന, 500 വര്‍ഷത്തിലേറെ പഴക്കമുള്ള സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രസ്മൃതികളും പൗരാണിക സൗന്ദര്യവും സംഘാംഗങ്ങള്‍ ആസ്വദിക്കും. തുടര്‍ന്ന് കാസര്‍കോട്ടേക്ക് തിരിക്കും. ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസ്സിന്റെ കേരളപര്യടനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പര്യടനം ഇതിനകം പൂര്‍ത്തിയാക്കി. കേരളത്തിലെ പ്രകൃതിദൃശ്യങ്ങളും ഗ്രാമനഗര ജീവിതകാഴ്ചകളും ആസ്വദിക്കുന്ന സംഘം തങ്ങളുടെ അനുഭവങ്ങള്‍ സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അഞ്ചുവര്‍ഷം  മുമ്പ് സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയ കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ കഴിഞ്ഞ നാല് എഡിഷനുകളും വന്‍ വിജയമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss