|    Mar 22 Thu, 2018 11:51 am
Home   >  Todays Paper  >  Page 5  >  

കേരള ബാങ്ക് രൂപീകരണം : ആശങ്ക പരിഹരിച്ചു മുന്നോട്ടുപോവും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 13th August 2017 | Posted By: fsq

 

കാക്കനാട്: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടപ്പാക്കുന്ന സൗജന്യ സേവനങ്ങളുടെയും നൂതന പദ്ധതികളുടെയും ഔപചാരിക ഉദ്ഘാടനം കാക്കനാടുള്ള ബാങ്കിന്റെ ഹെഡ് ഓഫിസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയുമുള്ള മലയാളികളുടെ നിക്ഷേപം സ്വരൂപിച്ച് സ്വന്തം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ സഹകരണ മേഖലയിലെ ബാങ്ക് ശാഖകളുടെ എണ്ണം കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്യില്ല. നിലവിലുള്ള സേവന-വേതന വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ല. കേരള ബാങ്കിന്റെ സാധ്യതാ പഠന റിപോര്‍ട്ടിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ അഭിപ്രായം അറിയിക്കാവുന്നതാണ്. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കില്ല. ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ടുപോകൂവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല രാജ്യത്തിനുതന്നെ മാതൃകയാണ്. എങ്കിലും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയണം. സ്മാര്‍ട്ട്‌ഫോണ്‍ വഴി വേഗത്തില്‍ സേവനം ലഭിക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഇവരെ ആകര്‍ഷിക്കാന്‍ ആധുനികവല്‍ക്കരണത്തിന്റെ സവിശേഷ പാതയിലേക്ക് സഹകരണ മേഖലയും കുതിപ്പ് നടത്തണം. കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് നയങ്ങള്‍ കൂറ്റന്‍ ബാങ്കുകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് പത്തോ പന്ത്രണ്ടോ വന്‍കിട ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം. ഈ സാഹചര്യത്തില്‍ ചെറുകിടക്കാര്‍ക്കും ഇടത്തരം വായ്പ ആവശ്യക്കാര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്കിങ് അപ്രാപ്യമാവുകയാണ്. പൊതുമേഖല, സ്വകാര്യ, വാണിജ്യ, പുതുതലമുറ ബാങ്കുകള്‍ സേവനങ്ങള്‍ക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇവിടെ കേരളത്തിലെ പ്രാഥമിക, സഹകരണ സംഘങ്ങളും ബാങ്കുകളും മാത്രമാണ് സാധാരണക്കാര്‍ക്ക് ആശ്വാസമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സഹകരണ വകുപ്പ് ഗവ. സെക്രട്ടറി പി വേണുഗോപാല്‍  അധ്യക്ഷത വഹിച്ചു. എം എസ് ലൈല, ബി ഓമനക്കുട്ടന്‍, എസ് ലളിതാംബിക, ആര്‍ സുന്ദര്‍, വി ആര്‍ രവീന്ദ്രനാഥ്, ഇ ആര്‍ രാധാമണി, അശോക്കുമാര്‍ നായര്‍,  കെ ആര്‍ മീന പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss