|    May 26 Fri, 2017 11:10 am
FLASH NEWS

കേരള പ്രവാസി കമ്മീഷന്‍ പ്രഖ്യാപനത്തില്‍ മാത്രം

Published : 7th September 2016 | Posted By: SMR

കൊച്ചി: കോടതി നിര്‍ദേശം നല്‍കിയിട്ടും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച പ്രവാസി കമ്മീഷന്‍ പ്രഖ്യാപനത്തില്‍ മാത്രം.
നോണ്‍ റസിഡന്‍ഷ്യല്‍ ഇന്ത്യന്‍ (കേരളൈറ്റ് ) കമ്മീഷന്‍ ആക്റ്റ് 2016 നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2016 ജനുവരിയില്‍ തീരുമാനമെടുക്കുകയും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ജസ്റ്റിസ് പി ഭവദാസനെ പ്രവാസി കമ്മീഷന്റെ ചെയര്‍മാനായി പ്രഖ്യാപിച്ചു.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പെരുമാറ്റ ച്ചട്ടത്തിന്റെ പേരില്‍ കമ്മീഷന്‍ രൂപവല്‍ക്കരണം അവതാളത്തിലായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത് മാര്‍ച്ച് നാലിനാണ്. ഇതിന് മുമ്പേ തന്നെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് കമ്മീഷന്‍ രുപവല്‍ക്കരണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണ്. അതിനാല്‍, കമ്മീഷന്‍ രൂപവല്‍ക്കരണത്തിനോ ചെയര്‍മാന്റെ ചുമതലയേല്‍ക്കലിനോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ലാതിരുന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറാം ദിവസം പിന്നിട്ടിട്ടും കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കലാണ് കമ്മീഷന്റെ ചുമതല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ സംസ്ഥാനത്ത് നിലവിലില്ല. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ പ്രവര്‍ത്തനം സമയബന്ധിതമായി ആരംഭിക്കേണ്ടതാണ്. എന്നാല്‍, ഇതുവരെയും പ്രവര്‍ത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യംപോലും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. കേരളത്തില്‍ നിന്ന് ഏകദേശം 16 ലക്ഷത്തോളം പ്രവാസികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഗള്‍ഫ് നാടുകളില്‍ തൊഴില്‍ പ്രതിസന്ധിയടക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രവാസി കമ്മീഷന്റെ ആവശ്യകത വര്‍ധിച്ചുവരുകയാണ്.
കമ്മീഷന്‍ നിയമനം വൈകുന്നതിനെതിരേ ഹൈക്കോടതിയില്‍ റിട്ട് ഹരജി എത്തിയിരുന്നു. ഹരജിയില്‍ കമ്മീഷന്‍ രൂപീകരണത്തിന് തടസ്സമില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടും ഇപ്പോഴും പ്രവാസി ക്ഷേമം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day