|    Dec 13 Thu, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരള പുനര്‍നിര്‍മാണം: വിദ്യാര്‍ഥികളും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി

Published : 10th September 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാവാന്‍ വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 11, 12 തിയ്യതികളില്‍ ശേഖരിക്കും. ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍. അതുകൊണ്ടാണ് നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കുട്ടികളുടെയും പങ്കാളിത്തം സര്‍ക്കാര്‍ ആലോചിച്ചത്. ഒറ്റക്കെട്ടായി കേരളസമൂഹം ദുരന്തത്തെ അതിജീവിക്കുന്ന ഘട്ടത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതില്‍ പങ്കുചേരുന്നു എന്നത് സന്തോഷകരമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സിബിഎസ്ഇ/ഐസിഎസ്ഇ/കേന്ദ്രീയ വിദ്യാലയം/നവോദയ സ്‌കൂളുകളെയും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നാടിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം. കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനുള്ള മാതൃകാപരമായ ഇടപെടലുകള്‍ ഇതിനകം തന്നെ കുട്ടികള്‍ നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സമാഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ പോലും സംഭാവന നല്‍കിയ കുട്ടികളുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സാധിക്കാത്ത കുട്ടികള്‍ക്കു കൂടി ഇതിന്റെ ഭാഗമാവാനുള്ള അവസരമാണ് വന്നിരിക്കുന്നത്. കഴിയാവുന്ന തുക നല്‍കി നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാവണമെന്ന് വിദ്യാര്‍ഥികളോടും വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss