|    Apr 25 Wed, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരള നിയമസഭയിലെ 55 എംഎല്‍എമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

Published : 1st February 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരള നിയമസഭയിലെ 55 എംഎല്‍എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 42 എംഎ ല്‍എമാര്‍ പ്രതിപക്ഷത്ത്‌നിന്നും 13 പേര്‍ ഭരണപക്ഷത്തുനിന്നുമുള്ളവരാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായ ഏക മന്ത്രി സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനാണ്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകൃത്യത്തിനായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം 1997ല്‍ വടക്കാഞ്ചേരി പോലിസ് സ്‌റ്റേഷനിലാണ് മന്ത്രിക്കെതിരേ കേസെടുത്തിരിക്കുന്നത്.
രാജ്യദ്രോഹം, വധശ്രമം, ആയുധം കൈവശംവയ്ക്കല്‍, അതിക്രമിച്ചുകടയ്ക്കല്‍, നിയമവിരുദ്ധമായി സംഘംചേരല്‍, അന്യായമായി തടവിലാക്കല്‍, സര്‍ക്കാ ര്‍ ജീവനക്കാരെ ആക്രമിക്കല്‍, റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 11 ജില്ലകളിലായി 192 കേസുകളാണ് എംഎല്‍എമാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 180ഓളം കേസുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 110 ക്രിമിനല്‍ കേസുകളാണ് തിരുവനന്തപുരം സിറ്റി, റൂറല്‍ പോലിസ് സ്‌റ്റേഷനുകളിലായി നിയമസഭാ സാമാജികര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തലസ്ഥാനത്ത് മ്യൂസിയം, തമ്പാനൂര്‍, കന്റോണ്‍മെന്റ്, തിരുവല്ലം, വെഞ്ഞാറമൂട്, പാറശ്ശാല പോലിസ് സ്‌റ്റേഷനുകളിലാണ് കേസുകളിലേറെയും.
കോഴിക്കോട് 34ഉം കണ്ണൂരി ല്‍ 25ഉം തൃശൂര്‍, കാസര്‍കോട് ജില്ലകളിലായി അഞ്ചുവീതവും ആലപ്പുഴയില്‍ നാലും ഇടുക്കി, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലായി രണ്ടും എറണാകുളത്ത് ഒരുകേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് വി ശിവന്‍കുട്ടിക്കാണ് 23. എളമരം കരീമിനെതിരേയും ടി വി രാജേഷിനെതിരേയും 17 ക്രിമിനല്‍ കേസുകള്‍ വീതവും കെ കെ ലതികയ്‌ക്കെതിരേ 16ഉം കോടിയേരി ബാലകൃഷ്ണനെതിരേ ഒമ്പതും തോമസ് ഐസക്കിനെതിരേ എട്ടും കെ കെ നാരായണനെതിരേ ഏഴും കേസുകളാണുള്ളത്.
കോലിയക്കോട് കൃഷ്ണന്‍ നായര്‍, എ പ്രദീപ്കുമാര്‍- 8 വീതം, സി ദിവാകരന്‍ 5, ഇ എസ് ബിജിമോള്‍, ഇപി ജയരാജന്‍ 4 വീതം, മാത്യു ടി തോമസ്, വി എസ് സുനില്‍കുമാര്‍, സി കൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ 3 വീതം, ജമീല പ്രകാശം, വി ശശി, എം എ ബേബി, എ കെ ശശീന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ രാധാകൃഷ്ണന്‍, എ പി അബ്ദുല്ലക്കുട്ടി, എ കെ ശശീന്ദ്രന്‍, ജി സുധാകരന്‍, ബാബു എം പാലിശ്ശേരി, കെ ദാസന്‍, ഇ ചന്ദ്രശേഖരന്‍ 2 വീതം, പി സി വിഷ്ണുനാഥ്, മുല്ലക്കര രത്‌നാകരന്‍, എ കെ ബാലന്‍, വി എസ് അച്യുതാനന്ദന്‍, എസ് ശര്‍മ, പി ശ്രീരാമകൃഷ്ണന്‍, സുരേഷ് കുറുപ്പ്, കെ വി അബ്ദുല്‍ഖാദര്‍, ടി എന്‍ പ്രതാപന്‍, പി ഉബൈദുല്ല, ബി സത്യന്‍, എ ടി ജോര്‍ജ്, ആര്‍ രാജേഷ്, സി കെ സദാശിവന്‍, എസ് രാജേന്ദ്രന്‍, അന്‍വര്‍ സാദത്ത്, സി രവീന്ദ്രനാഥ്, ഗീതാഗോപി, കെ അച്യുതന്‍, എം ഹംസ, പി കെ ബഷീര്‍, അബ്ദുസ്സമദ് സമദാനി, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ എം ഷാജി, സണ്ണി ജോസഫ്, ജെയിംസ് മാത്യു എന്നിവര്‍ക്കെതിരേ ഓരോ കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss