|    Jun 20 Wed, 2018 9:35 am

കേരള ദലിത് മഹാസഭ ഭീമാ ജ്വല്ലറിയിലേക്ക് മാര്‍ച്ച് നടത്തി

Published : 2nd November 2016 | Posted By: SMR

കൊച്ചി: തട്ടിയെടുത്ത് അട്ടപ്പാടിയിലെ ആദിവാസി ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കേരള ദലിത് മഹാസഭയുടെ നേതൃത്വത്തില്‍ എറണാകുളം എംജി റോഡിലുള്ള ഭീമാ ജ്വല്ലറിയിലേക്ക് മാര്‍ച്ച് നടത്തി. അട്ടപ്പാടിയിലെ ആദിവാസികളില്‍നിന്നും തട്ടിയെടുത്ത 374.48 ഏക്കര്‍ ഭൂമി തിരികെ നല്‍കുക, കെ വി മോഹന്‍കുമാര്‍, പി പ്രഭാകരന്‍ റിപോര്‍ട്ടുകള്‍ നടപ്പാക്കുക, അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങളും ദലിത് മഹാസഭ മാര്‍ച്ചില്‍ ഉന്നയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അട്ടപ്പാടിഹില്‍ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിയിലെ (അഹാഡ്‌സ്)നാലു ജീവനക്കാരും മൂന്ന് സര്‍ക്കാര്‍ ജീവനക്കാരുമാണ് ഭൂമി കൈമാറുന്നതിന് വ്യാജരേഖ ഉണ്ടാക്കാന്‍ സഹായിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ദലിത് മാസിക പത്രാധിപര്‍ കെ എം സലിംകുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍, റവന്യൂ, എസ്‌സി എസ്ടി, വനം, എല്‍എസ്ജി വകുപ്പുകള്‍ മറ്റു ഡിപാര്‍ട്ടുമെന്റുകളിലേയും ഏജന്‍സികളിലെയും ഉദ്യോഗസ്ഥന്മാരും അഗളി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന, അതിക്രമം, വഞ്ചന, രേഖകളില്‍ കൃത്രിമത്വം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതെന്നും കെ എം സലിംകുമാര്‍ പറഞ്ഞു. ഭൂമി തട്ടിയെടുത്തതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ നിയോഗിച്ച രണ്ടു കമ്മീഷനുകളും അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് കൊടുക്കണമെന്ന് നിര്‍ദേശിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന് മാര്‍ച്ചില്‍ സംസാരിച്ച കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി പറഞ്ഞു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ചെയര്‍മാന്‍ അഡ്വ. പി ജെ മാനുവല്‍, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി ചെയര്‍പേഴ്‌സന്‍ വി സി ജെന്നി, സിപിഐ എംഎല്‍(ലിബറേഷന്‍) സംസ്ഥാന സെക്രട്ടറി ഒ പി കുഞ്ഞുപിള്ള, സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ എറണാകുളം ജില്ലാ സെക്രട്ടറി എം കെ കൃഷ്ണന്‍കുട്ടി, ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘം സംസ്ഥാന സെക്രട്ടറി സ്വപ്‌നേഷ് ബാബു, പി കെ വിജയന്‍, കെ സി ഉല്ലാസ്, ടി പി മുരുകേശന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss