|    May 21 Mon, 2018 8:47 pm
FLASH NEWS

കേരള -തമിഴ്‌നാട് സംയുക്ത സര്‍വേ ആരംഭിച്ചു

Published : 8th June 2017 | Posted By: fsq

 

നെടുങ്കണ്ടം: കമ്പംമെട്ട് ചെക്‌പോസ്റ്റിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത സര്‍വേ ആരംഭിച്ചു. കമ്പംമെട്ട് വനംവകുപ്പ് ഓഫിസില്‍ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, തേനി ആര്‍ഡിഒ രവിചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്നലെ സര്‍വേ നടപടികള്‍ ആരംഭിച്ചത്. കമ്പംമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം തമിഴ്‌നാടുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് സര്‍വേ. തമിഴ്‌നാടിന്റെ ഭാഗത്തു നിന്നു തേനി ആര്‍ഡിഒ ആണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍വേ നടക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് വന്‍ പോലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പോലിസും അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. കമ്പംമെട്ട് ചെക്‌പോസ്റ്റിനു സമീപത്ത് നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള സര്‍വേ കല്ലില്‍ നിന്നാണ് ഇരുസംസ്ഥാനങ്ങളും സര്‍വേ തുടങ്ങിയത്. സബ് കലക്ടറുടെയും ആര്‍ഡിഒയുടെയും ഇരു സംസ്ഥാനങ്ങളുടെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിലാണ് സര്‍വേ  പുരോഗമിക്കുന്നത്. നിലവില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കൈവശമുള്ള സര്‍വേ രേഖകള്‍ കൃത്യമാണ്. എന്നാല്‍ കാണാതായ അതിര്‍ത്തിക്കല്ലുകള്‍ പുനസ്ഥാപിക്കാനും ചിലയിടങ്ങളിലെ നേരിയ തോതിലുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കാനുമാണ് സര്‍വേ. നിലവില്‍ സര്‍വേ രേഖകളുടെ അടിസ്ഥാനത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും തര്‍ക്കങ്ങള്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം രമ്യമായി പരിഹരിക്കുമെന്നും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറിയിച്ചു. അണക്കരമെട്ടില്‍ തമിഴ്‌നാട് നിര്‍മിച്ച വാച്ച് ടവര്‍ കേരളത്തിന്റെ ഭൂമിയിലേയ്ക്ക് കയറ്റിവെച്ചിരുക്കുന്നവെന്ന പ്രശ്‌നവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കാനും കമ്പംമെട്ട് വനംവകുപ്പ് ഓഫിസില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി എസ് ഭാനുകുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ എം കെ ഷാജി, കമ്പംമെട്ട് എസ്‌ഐ ഷനല്‍കുമാര്‍, തമിഴ്‌നാട് ഉത്തമപാളയം ഡിഎഫ്ഒ അബ്ദുള്‍ഖാദര്‍, സര്‍വേയര്‍ എ ഡി ശാന്തി, ഉത്തമപാളയം തഹസില്‍ദാര്‍മാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss