|    Mar 23 Fri, 2018 6:41 am

കേരള-തമിഴ്‌നാട് അതിര്‍ത്തി റോഡ് പൊളിച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

Published : 10th July 2016 | Posted By: SMR

വെള്ളറട: സംസ്ഥാന അതിര്‍ത്തിയിലെ ഗതാഗതപാത തമിഴ്‌നാട് വെട്ടിക്കുഴിച്ചു. ഇതോടെ ഗതാഗതം പൂര്‍ണമായും താറുമാറായി. നാട്ടുകാര്‍ ദുരിതത്തില്‍. വെള്ളറട പഞ്ചായത്ത് അതിര്‍ത്തിയായ കടുക്കറയിലാണ് പാലം പണിയാനെന്ന പേരില്‍ തമിഴ്‌നാട് ഗതാഗതം തടസ്സപ്പെടുത്തിയത്. കാട്ടാക്കട, നെടുമങ്ങാട്, പാലോട്, വിതുര ഭാഗങ്ങളില്‍ നിന്നു തക്കല പത്മനാഭപുരം കൊട്ടാരത്തിലേക്ക് സഞ്ചാരികളെത്തുന്ന എളുപ്പവഴിയാണിത്. വെള്ളറട പ്രദേശത്തുള്ളവര്‍ക്കും തക്കല കന്യാകുമാരിയിലും എത്തണമെങ്കില്‍ ഇനി വളഞ്ഞ വഴി തേടണം.
ചിറ്റാര്‍ റിസര്‍വോയറിന്റെ ഒരു ഭാഗം തമിഴ്‌നാട് അതിര്‍ത്തി കടന്ന് കേരളത്തിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുക പതിവാണ്. മഴക്കാലങ്ങളില്‍ സംഭരണി വേഗം നിറയുന്നതു കാരണം ഈ ഭാഗത്താണ് തമിഴ്‌നാട്ടിന്റെ പ്രഹരം. ചിറ്റാര്‍ ഡാം നിറയുമ്പോള്‍ വെള്ളം തുറന്നുവിടണമെന്ന കേരള കര്‍ഷകരുടെ ആവശ്യം പരിഗണിച്ച ചരിത്രം തമിഴ്‌നാടിനില്ല.
വെള്ളറടയിലെ കുരിശുമലയില്‍ നിന്ന് ഉദ്ഭവിക്കുന്ന ജലം തടഞ്ഞുനിര്‍ത്തി അണക്കെട്ട് പണിയുകയായിരുന്നു. വെള്ളറട, കാട്ടാക്കട, കള്ളിക്കാട്, ആര്യനാട്, നെടുമങ്ങാട്, പാലോട്, വിതുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അനേകം പേര്‍ കച്ചവടത്തിനും പഠനത്തിനും മറ്റുമായി കുലശേഖരം, ആറ്റൂര്‍, സ്വാമിയാര്‍ മഠം, തക്കല എന്നിവിടങ്ങളിലേക്ക് പോവുന്ന എളുപ്പവഴിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നശിപ്പിച്ചത്.
കേരള-തമിഴ്‌നാട് അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന കലുങ്കിന് യാതൊരു കേടുപാടും ഉണ്ടായിരുന്നില്ല. കലുങ്ക് പൊളിക്കാതെ പാലം പണിയാനുള്ള ആവശ്യത്തിലധികം സ്ഥലം ഇവിടെയുണ്ട്. പകരം തന്ത്രപ്രധാന റോഡ് തകര്‍ത്ത് ജനങ്ങളെ ദുരിതത്തിലാക്കിയതിന് വിശദീകരണമൊന്നും തമിഴ്‌നാട്ടിന്റെ ഭാഗത്തുനിന്നുമില്ല. സ്വദേശ-വിദേശ സഞ്ചാരികള്‍ ചിറ്റാര്‍ തൃപ്പരപ്പ് വെള്ളച്ചാട്ടം, തക്കല കൊട്ടാരം, ശുചീന്ദ്രക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്ന എളുപ്പപാത അടഞ്ഞതോടെ സഞ്ചാരവും നിലച്ചു.
ഈ പ്രദേശങ്ങളിലെ മലയാളികള്‍ ലക്ഷ്യങ്ങളിലെത്താന്‍ അനേകം കിലോമീറ്റര്‍ ചുറ്റിക്കടക്കണം. മലയാളികള്‍ ഏറെയുള്ള കുലശേഖരത്ത് സ്‌കൂള്‍, കോളജ്, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ മലയാളികളുടെ വകയായിട്ടുണ്ട്. പാത തകര്‍ക്കപ്പെട്ടതിന്റെ ഫലമായി ആ ഭാഗത്തേക്ക് കടക്കാനാവാതെ ഇവര്‍ നട്ടംതിരിയുകയാണ്. തകര്‍ന്ന പാലം എന്ന് പൂര്‍വസ്ഥിതിയിലാവുമെന്നും ആര്‍ക്കുമറിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss