|    Jul 22 Sun, 2018 2:35 pm
FLASH NEWS

കേരളോല്‍സവങ്ങള്‍ പടിവാതില്‍ക്കല്‍ ; മുന്നൊരുക്കമില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍

Published : 15th September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: കേരളോല്‍സവങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിയിട്ടും തദ്ദേശ സ്ഥാപനങ്ങളില്‍ ഇത് നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങിയിട്ടില്ല. കലാകായിക സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കി കാല്‍നൂറ്റാണ്ട് മുമ്പ് യുവജനങ്ങള്‍ക്കുവേണ്ടി ആരംഭിച്ച കേരളോല്‍സവങ്ങള്‍ ആദ്യകാലത്ത് ഏറെ പ്രചാരം നേടിയിരുന്നു പിന്നീട് ഇത് നടത്തിയെടുക്കുന്നതിലെ അപാകതമൂലം കേരളോല്‍സവങ്ങള്‍ വഴിപാട് ചടങ്ങുകളായി മാറുകയായിരുന്നു. കേരളോല്‍സവങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലാകായിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് സ്വാഗതസംഘം രൂപികരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും ഇത് നടപ്പാക്കാറില്ല. ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ചില ക്ലബുകളെയോ, സംഘടനകളെയോ മാത്രം പങ്കെടുപ്പിച്ച് സ്വാഗതസംഘം രൂപികരിച്ചു എന്ന് രേഖകള്‍ ഉണ്ടാക്കുകയാണ് പതിവ്. കേരളോല്‍സവങ്ങളെ കുറിച്ചോ മത്സരയിനങ്ങളെ കുറിച്ചോ ഭരണപ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയിപ്പ് നല്‍കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടാറില്ല. മത്സരങ്ങള്‍ക്ക് സ്ഥാപനങ്ങളിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകാറില്ല. മത്സരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഗ്രൗണ്ടുകള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയാണ് പലപ്പോഴും ഏര്‍പ്പെടുത്തുന്നത്. കലാമല്‍സരങ്ങളുടെ വിധികര്‍ത്താക്കളെ സംബന്ധിച്ചാണ് സംഘാടകര്‍ ഏറെ ഉത്തരവാദിത്വമില്ലായ്മ കാണിക്കുന്നത്. പലപ്പോഴും നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാരലല്‍ കോളേജ് അദ്ധ്യാപകര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടന ഭാരവാഹികള്‍, പെന്‍ഷന്‍പറ്റിയ അദ്ധ്യപകര്‍ തുടങ്ങിയവരെയാണ് വിധികര്‍ത്താക്കളായി സംഘാടകര്‍ നിയമിക്കുന്നത്. കേരളോല്‍സവങ്ങളുടെ വിജയികള്‍ക്ക് മറ്റു മേഖലകളില്‍ അംഗീകാരം ലഭിക്കാത്തതും മത്സര രംഗത്ത് പ്രാതിനിധ്യം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. കാല്‍ലക്ഷം രൂപയിലധികം ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇതിന്റെ പേരില്‍ വക മാറ്റുന്നുണ്ടെങ്കിലും ചിലവഴിക്കാറില്ല എന്നതാണ് സത്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss