|    Jan 21 Sat, 2017 9:51 am
FLASH NEWS

കേരളോല്‍സവം പാറശാലയില്‍ നടത്താന്‍ തീരുമാനം; ചൂടേറിയ ചര്‍ച്ചകളില്ലാതെ ജില്ലാ പഞ്ചായത്തിന്റെ ആദ്യയോഗം

Published : 28th November 2015 | Posted By: SMR

തിരുവനന്തപുരം: ജില്ലാപഞ്ചായത്തില്‍ പുതിയ ഭരമണസമിതിയുടെ ആദ്യയോഗം ചേര്‍ന്നു. ആകാംക്ഷയോടെ പുതിയ അംഗങ്ങളും ഇരുത്തം വന്ന പഴയ അംഗങ്ങളും പരസ്പരം പരിചയപ്പെട്ട് ഒത്തുചേര്‍ന്നു. വലിയ അജണ്ടകളോ ചൂടേറിയ ചര്‍ച്ചകളോ ഇല്ലാതെ സമാധാനപരമായി ആദ്യയോഗം പിരിഞ്ഞു. ചികില്‍സയില്‍ കഴിയുന്ന മുരുക്കുംപുഴ ഡിവിഷനിലെ എസ് കവിത ഒഴികെ മറ്റ് 25 അംഗങ്ങളും ആദ്യ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കേരളോല്‍സവം ആയിരുന്നു പ്രധാന ചര്‍ച്ച. ഈ വര്‍ഷത്തെ ജില്ലാ കേരളോല്‍വം പാറശാലയില്‍ നടത്താന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനം കൈക്കാണ്ടു. ഡിസംബര്‍ 12, 13, 14 തീയതികളലായി നടത്താനാണ് തീരുമാനം. അതിന് മുന്നോടിയായി അവശേഷിക്കുന്ന ബ്ലോക്ക് തലങ്ങളിലും ഗ്രാമപഞ്ചായത്ത് തലങ്ങളിലും കേരളോല്‍സവങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. 10ാം തീയതിക്ക് മുമ്പ് അത് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ കേരളോല്‍സവം നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന ബാലരാമപുരം ഹൈസ്‌ക്കൂളില്‍ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ള സിനിമാറ്റിക് ഡാന്‍സ് സ്‌ക്കൂളില്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചതാണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ പൊലീസത്തെി സ്‌ക്കൂളില്‍ കാട്ടിക്കൂട്ടിയ സംഭവവികാസങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബാലരാമപുരം സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ മൂന്നിന് വൈകുന്നേരം നാലിന് യോഗം ചേരാനാണ് തീരുമാനം. അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ളയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വീനര്‍ വര്‍ക്ക് എന്ന നിലയില്‍ നല്‍കി വന്നിരുന്ന അനുമതി ഇനിമുതല്‍ ഉണ്ടാവില്ല. അഞ്ചുലക്ഷം വരെയും അതിന് പുറത്തുമുള്ള എല്ലാ പണികളും ടെണ്ടര്‍ സംവിധാനം വഴി മാത്രമേ ഇനിമുതല്‍ അനുമതി നല്‍കൂവെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന എല്ലാ ആശുപത്രികളിലെയും ഹോസ്പിറ്റല്‍ മാനേജുമെന്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ഭരണസമിതി അനുമതി നല്‍കി അവസകാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന നിര്‍മാണങ്ങള്‍ മാര്‍ച്ചിന് മുമ്പ് തീര്‍ക്കാനും നിര്‍ദ്ദേശം നല്‍കി. പള്ളിക്കല്‍, മൂതല താഴെഭാഗം പള്ളി റോഡ്, നാവായിക്കുളം, ചിറ്റായിക്കേട് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം, കടമ്പാട്ടുകോണം വെട്ടിയറ ഇലങ്കം റോഡ് ഒറ്റൂര്‍ പ്രസിഡന്റ് ജങ്ഷന്‍ വൈഎംഎ പോങ്ങരകുളം കാവുവിള റോഡ്, പുല്ലമ്പാറ പഞ്ചായത്തിലെ ചെപ്പിലോട് പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മാണം എന്നീ പ്രോജക്ടുകളുടെ റിവൈസ്ഡ് എസ്റ്റിമേറ്റും യോഗം അംഗീകരിച്ചു. ധനുവച്ചപുരം എന്‍കെഎംഎച്ച്എസ്എസിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന കെട്ടിടത്തിന്റെയും ഓടിട്ട കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണി നടത്താനും യോഗം അനുവാദം നല്‍കി. ബാലരാമപുരം ഗവ. എച്ച്എസ്എസിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാനും തീരുമാനിച്ചു.
വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ അംഗങ്ങളായ ആനാട് ജയന്‍, അന്‍സജിത റസല്‍, അഡ്വ. എസ് കെ പ്രീജ, അഡ്വ. എസ് കെ ബെന്‍ഡാര്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, സെക്രട്ടറി കെ ചന്ദ്രശേഖരന്‍ നായര്‍ എന്നവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് മറുപടിയും നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക