|    Jun 26 Tue, 2018 12:32 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളീയ നവോത്ഥാനത്തിന്റെ ബജറ്റ്

Published : 9th July 2016 | Posted By: SMR

slug-keralabudgetകേരളത്തിലെ അക്കാദമികമേഖലയില്‍ സാമ്പത്തികശാസ്ത്രരംഗത്തെ ഏറ്റവും തലപ്പൊക്കമുള്ള പണ്ഡിതന്മാരുടെ ഇടയില്‍നിന്നാണ് ഡോ. തോമസ് ഐസക് വരുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷണം നടത്തുകയും പിന്നീട് അവിടെ പഠിപ്പിക്കുകയും ചെയ്യുന്ന കാലത്ത് വികസനപഠനമേഖലയിലെ ഏറ്റവും പേരുകേട്ട സ്ഥാപനങ്ങളിലൊന്നായിരുന്നു സിഡിഎസ്. ഐ എസ് ഗുലാത്തിയെ പോലുള്ള പണ്ഡിതന്മാരുടെ കൂടെയാണ് അദ്ദേഹം അക്കാലമൊക്കെ ചെലവഴിച്ചത്. പിന്നീട് നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ആസൂത്രണബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കേരളത്തിന്റെ സമഗ്രമായ നവീകരണം ലക്ഷ്യമാക്കി ജനകീയാസൂത്രണപ്രക്രിയ ആരംഭിച്ചപ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിന്നയാളാണ് ഡോ. തോമസ് ഐസക്. കേരളത്തിന്റെ ഗതകാലചരിത്രത്തിലും അതിന്റെ സാമൂഹികസവിശേഷതകളിലും വൈവിധ്യങ്ങളിലും ഊന്നിനിന്നുകൊണ്ട് ഈ നാടിനെ ലോകത്തിനു മാതൃകയായ ഒരു സമൂഹമാക്കി എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്ന ചോദ്യമാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ അക്കാദമികപ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും സവിശേഷമാക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റെ പുതിയ കാലഘട്ടത്തിന്റെ നായകനും സൈദ്ധാന്തികനുമാണ് തോമസ് ഐസക് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
പക്ഷേ, പൊതുമണ്ഡലത്തിലെ ഈ ഔന്നത്യം അങ്ങനെ പെട്ടെന്നൊരുനാള്‍ കൈവന്നതൊന്നുമല്ല ഐസക്കിനെ സംബന്ധിച്ചിടത്തോളം. അദ്ദേഹം പോരാട്ടവീഥികളിലൂടെയാണ് കടന്നുവന്നത്. സംഘടിതപ്രസ്ഥാനങ്ങളുടെ ഭാഗമായാണ് അദ്ദേഹം പൊതുജീവിതത്തില്‍ വന്നത്. വിദ്യാര്‍ഥിജീവിതകാലത്ത് നിരന്തരമായ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളും അദ്ദേഹത്തിന്റെ നിത്യജീവിതാനുഭവങ്ങളുടെ ഭാഗമായിരുന്നു. പോലിസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും തലോടല്‍ അദ്ദേഹം നന്നായി അനുഭവിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രീയമായ മേഖലകളില്‍ സ്വന്തം നിലപാട് കര്‍ശനമായി ഉയര്‍ത്തിപ്പിടിക്കുന്ന വേളയില്‍ തന്നെ വ്യത്യസ്ത നിലപാടുകളോടും സമീപനങ്ങളോടും സഹിഷ്ണുതാപരവും ജനാധിപത്യപരവുമായ സമീപനമാണ് അദ്ദേഹം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്.
ഈയൊരു സവിശേഷമായ പശ്ചാത്തലംമൂലമായിരിക്കണം ഇത്തവണയും അദ്ദേഹം ബജറ്റ് അവതരണത്തിനായി നിയമസഭയില്‍ പ്രവേശിച്ച നിമിഷം മുതല്‍ സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ചെവികൂര്‍പ്പിച്ചിരുന്നത്. അത് വൃഥാവ്യായാമമായില്ല എന്ന് ബജറ്റ് വിലയിരുത്തുന്ന ആര്‍ക്കും കാണാവുന്നതാണ്. കാലിയായ ഒരു ഖജനാവിനെ സാക്ഷിനിര്‍ത്തിയാണ് ധനമന്ത്രി പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ പകച്ചുനില്‍ക്കുകയും വികസനമേഖലയില്‍ പിന്നാക്കം പോവുകയും ചെയ്യുന്ന ഒരു ബജറ്റല്ല അദ്ദേഹം കേരളത്തിനു നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തെ വികസനത്തിന് കൃത്യമായ ഒരു പരിപ്രേക്ഷ്യം നല്‍കുകയും ജനങ്ങള്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും പ്രതീക്ഷയുടെ പുതിയൊരു ഉണര്‍വുനല്‍കുകയും ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. 2016ലെ ബജറ്റില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് സമഗ്രതല സ്പര്‍ശിയായ ഒരു വികസന സമീപനമാണ്. അത് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സമീപനമാണ്. വിശേഷിച്ച് പാര്‍ശ്വവല്‍കൃതരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം മനസ്സില്‍ കണ്ടുകൊണ്ടുള്ള നയപ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
അതില്‍ പ്രധാനം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന സവിശേഷമായ ഊന്നല്‍ തന്നെയാണ്. സ്ത്രീശാക്തീകരണം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഏറ്റവും പ്രധാനമായ രാസത്വരകമാണ് എന്ന സന്ദേശമാണ് ബജറ്റില്‍ അദ്ദേഹം നല്‍കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 10 ശതമാനമെങ്കിലും സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രത്യേക നടപടികള്‍ക്കായി മാറ്റിവയ്ക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ധീരമാണ്. പുരുഷമേധാവിത്വപരമായ നിലപാടുകളില്‍ അഭിരമിക്കുന്ന നമ്മുടെ പൊതുസമൂഹത്തിനും മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കും ഒരു സ്വയംവിമര്‍ശനത്തിനും ആത്മപരിശോധനയ്ക്കും അത് സഹായകമാവേണ്ടതാണ്. ഭിന്നലിംഗക്കാരെപ്പോലുള്ള, പൊതുവില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുര്‍ബലവിഭാഗങ്ങളെയും അദ്ദേഹം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്.
കഴിഞ്ഞദിവസം കേരള സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ചു പുറത്തിറക്കിയ ധവളപത്രത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് സംസ്ഥാനത്തിന്റെ ഗുരുതരമായ ധനസ്ഥിതിയുടെ ചിത്രമാണ്. റവന്യൂ കമ്മി നാളിതുവരെയില്ലാത്തവിധം വര്‍ധിക്കുകയും അത് നികത്താന്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാതെ ഭരണാധികാരികള്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയും ചെയ്ത അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. ധവളപത്രം തുറന്നുകാട്ടിയ ചിത്രം അതിഭീകരമാണ്. കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നികുതിപിരിവില്‍ ഉണ്ടായ നേട്ടങ്ങള്‍പോലും നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞില്ല എന്ന വസ്തുതയാണ് അതു തെളിയിച്ചത്. നികുതിപിരിവില്‍ വന്‍തോതില്‍ ഇടിവുണ്ടായി. ഉദ്യോഗസ്ഥതലങ്ങളില്‍ അഴിമതിയും അലംഭാവവും വര്‍ധിച്ചു. ജനങ്ങള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന വേളയില്‍ നികുതി കൊടുക്കുന്നുണ്ട്. പക്ഷേ, അതു കൃത്യമായി പിരിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കുന്നതില്‍ യാതൊരു കാര്യക്ഷമതയും പ്രകടിപ്പിച്ചില്ല.
ഇതൊരു വസ്തുതയാണെന്ന് ആര്‍ക്കും അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല. ധനമന്ത്രാലയത്തില്‍ പുതിയ മന്ത്രി ചാര്‍ജെടുത്ത ഒറ്റമാസംകൊണ്ടുതന്നെ നികുതിപിരിവില്‍ വലിയ ഉണര്‍വുണ്ടായി എന്നതില്‍നിന്നുതന്നെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏതു നാട്ടിലും ഖജനാവില്‍ നോട്ടെണ്ണല്‍ യന്ത്രം വയ്ക്കുന്നതു മനസ്സിലാക്കാം. പക്ഷേ, നോട്ടെണ്ണല്‍ യന്ത്രം വകുപ്പുമന്ത്രിയുടെ അടുക്കളയില്‍ സ്ഥാപിക്കുന്നതിന്റെ ഔചിത്യം മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍, സമീപകാലത്ത് അത്തരം വൈകൃതങ്ങളാണ് ഭരണരംഗത്ത് കേരളം കണ്ടുകൊണ്ടിരുന്നത്. അത്തരം അസംബന്ധനാടകങ്ങള്‍ക്കു സമൂഹം വലിയ വില കൊടുക്കേണ്ടതായും വന്നു. നികുതിപിരിവിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ ഊര്‍ജിതമാക്കാന്‍ വിവിധ നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പ്രധാനം കച്ചവടക്കാരെയും ഉദ്യോഗസ്ഥവൃന്ദങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടിയാണ്. നികുതിപിരിവ് 20 ശതമാനം കണ്ട് വര്‍ധിപ്പിക്കാനാണ് അധികാരത്തില്‍ വന്നയുടനെ മന്ത്രി അധികൃതരോടു പറഞ്ഞത്. അവര്‍ ഒരുമാസത്തിനകം തന്നെ ലക്ഷ്യം കണ്ടു. ഇപ്പോള്‍ 25 ശതമാനം കണ്ടു വര്‍ധന എന്ന പുതിയ ലക്ഷ്യമാണ് മന്ത്രി മുന്നോട്ടുവയ്ക്കുന്നത്. അതിനായി വിവിധ പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്.
വിദ്യ സമ്പാദിക്കാന്‍ വേണ്ടിവന്നാല്‍ ചൈനയിലും പോവണം എന്ന പ്രവാചകവചനത്തെ അനുസ്മരിപ്പിക്കുന്നതരത്തിലാണ് ധനമന്ത്രി ഈയിടെ ഡല്‍ഹിക്കു വണ്ടികയറിയത്. അവിടെ കെജ്‌രിവാള്‍ മന്ത്രിസഭ നികുതിപിരിവിന്റെ മേഖലയില്‍ രാജ്യത്തിനു തന്നെ മാതൃകയായ ഒരുപാടു പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയുണ്ടായി. അതില്‍ പ്രധാനം കച്ചവടക്കാരെ ശത്രുക്കളെപ്പോലെ പരിഗണിച്ച് അവരുടെ കടയില്‍ ഇരച്ചുകയറി സൈനികസന്നാഹം പോലെയുള്ള നികുതിപിരിവു പരിപാടി ഉപേക്ഷിച്ച് അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പുതിയ രീതിയാണ്. അധികൃതരുടെ ഉപദ്രവം ഒഴിവാക്കുന്ന സമീപനം ഡല്‍ഹിയില്‍ പരോക്ഷനികുതി രംഗത്ത് വന്‍ വര്‍ധനയാണു കൊണ്ടുവന്നത്. അത്തരം ജനസൗഹൃദപരമായ സമീപനങ്ങളാണ് പ്രായോഗികവും ലാഭകരവും എന്ന് നമ്മുടെ ധനമന്ത്രിയും കണ്ടറിഞ്ഞതിന്റെ ഭാഗമായി ഈ രംഗത്ത് സവിശേഷമായ നിരവധി പുതിയ മാറ്റങ്ങള്‍ക്ക് അദ്ദേഹം തിരികൊളുത്തിയിരിക്കുന്നു.
മറ്റൊരു പ്രധാന മേഖല ക്ഷേമരംഗത്തെ പ്രവര്‍ത്തനങ്ങളാണ്. സാമ്പത്തികപ്രതിസന്ധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയില്ലെന്ന വാഗ്ദാനം പൊതുവില്‍ പാലിക്കുന്ന തരത്തിലുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കാണാന്‍ കഴിയും. വരുംവര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ധനകാര്യവിഹിതം വര്‍ധിക്കുകയും ചരക്ക് സേവനനികുതി നടപ്പാക്കുന്ന വേളയില്‍ അതിന്റെ ആനുകൂല്യം ലഭ്യമാവുകയും കേരളത്തിന്റെ നികുതിപിരിവില്‍ വര്‍ധനയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് സമൂഹത്തിന്റെ വികസനത്തിനു പ്രയോജനപ്പെടുത്താനാവും എന്ന പ്രത്യാശ ധനമന്ത്രിക്കുണ്ട്.
അതിനു വേണ്ടത് നിക്ഷേപവര്‍ധനയാണ്. അടിസ്ഥാന വികസനമേഖലയിലും പരമ്പരാഗത തൊഴില്‍മേഖലയിലും കാര്‍ഷികരംഗത്തും ധനമന്ത്രിയുടെ കണ്ണ് എത്തുന്നുണ്ട്. ഓരോ മേഖലയിലും ദീര്‍ഘകാല വികസനസാധ്യതയാണ് അദ്ദേഹം മുമ്പോട്ടുവയ്ക്കുന്നത്. അതിനാവശ്യമായ ധനസംഭരണത്തിനു ലോട്ടറിയും മദ്യവില്‍പനയുംപോലെ കഴിഞ്ഞ സര്‍ക്കാരിന്റെ സ്ഥിരം മേഖലകളില്‍നിന്നു വ്യതിചലിച്ചു പുതിയ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. ഇതൊക്കെയും പ്രായോഗികരംഗത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് സാധ്യമാവുകയാണെങ്കില്‍ അത് കേരളത്തിന്റെ നവോത്ഥാനത്തിനു വഴിയൊരുക്കുമെന്നു തീര്‍ച്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss