|    Apr 22 Sun, 2018 11:44 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കേരളീയ ഗ്രാമങ്ങള്‍ കടം കയറി മുടിയുകയാണോ?

Published : 27th September 2016 | Posted By: SMR

slug-vettum-thiruthum‘കേരളം എങ്ങനെ ജീവിക്കുന്നു?’ അറുപതുകളില്‍ സജീവ ചര്‍ച്ചയ്ക്കു വന്ന വിഷയമായിരുന്നു. അക്കാലം, മദ്രാസില്‍ ഇന്തോ-സോവിയറ്റ് സാംസ്‌കാരിക സദനത്തില്‍ ജോലിചെയ്തിരുന്ന പവനന്‍, ഡോ. എന്‍ വി കൃഷ്ണവാര്യരുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ (കാസര്‍കോട്ടടക്കം) മുതല്‍ തിരുവനന്തപുരം വരെ ഗവേഷണം നടത്തി ജീവിക്കുന്നതെങ്ങനെയെന്ന് അവതരിപ്പിച്ചു. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 56 വര്‍ഷത്തിനുശേഷം വിലയിരുത്തുമ്പോള്‍ കേരളം ദുരിതപ്പാടുകളില്‍ ജീവിക്കാതെ ജീവിക്കുന്നു എന്ന് വിലയിരുത്തേണ്ടിവരും.
തമിഴ്‌നാട്ടില്‍നിന്ന് പച്ചക്കറിയടക്കം ഭക്ഷ്യവസ്തുക്കള്‍, ആന്ധ്രയില്‍നിന്നും പഞ്ചാബില്‍നിന്നും അരി, ഗുജറാത്തില്‍നിന്ന് വസ്ത്രങ്ങള്‍, വെള്ളവും വെളിച്ചവും ‘അന്തഹന്തയ്ക്കിന്തപ്പട്ട്’ എന്ന അവസ്ഥയിലുമാണ്.
കണ്ണൂരിലെ കൈത്തറിവ്യവസായം തകര്‍ച്ചയിലായിട്ട് രണ്ടുദശകത്തിലേറെയായി. കാസര്‍കോട്ടടക്കം ഉത്തര കേരളത്തിലെ ബീഡിവ്യവസായം നാമാവശേഷം. ഉത്തരേന്ത്യയില്‍നിന്നുള്ള പാന്‍പരാഗും ഗുഡ്ക-ഹണി പുകയില ഉല്‍പന്നങ്ങളും ഇതരസംസ്ഥാനക്കാര്‍ക്കൊപ്പം കേരളത്തില്‍ വ്യാപകം. പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ചു എന്നൊക്കെ എക്‌സൈസ് വിഭാഗം വീമ്പടിക്കുന്നെങ്കിലും ലഹരി ഉപയോഗം പൊടിപൂരമാണിന്ന്. കേരളത്തില്‍ ഏറ്റവുമധികം ഇതര സംസ്ഥാന ജീവനക്കാരുള്ള ആലുവ-പെരുമ്പാവൂര്‍ നഗരങ്ങളില്‍ മാത്രം പ്രതിദിനം 40 ലക്ഷത്തിന്റെ ലഹരി ഉല്‍പന്നങ്ങള്‍ ഹോള്‍സെയില്‍-റീട്ടെയില്‍ ഇനങ്ങളിലായി വിപണനം നടക്കുന്നു. മധുരപലഹാരങ്ങളും മരത്തടിയും നെയ്ത്തുതൊഴിലും കോഴിക്കോടിന്റെ വരുമാനമാര്‍ഗം മാത്രമല്ല, ഏഷ്യയില്‍ തന്നെ കോഴിക്കോടന്‍ പട്ടും നെയ്യലുവയും വറുത്തുപ്പേരി എന്ന ചിപ്‌സും തേക്ക്-ഈട്ടി മര ഉരുപ്പടികളും പുകള്‍പെറ്റതായിരുന്നു. കോഴിക്കോട്ട് ഇന്ന് മലേസ്യന്‍ മഹാഗണി മര ഉരുപ്പടികള്‍ക്കും തിരുനല്‍വേലി മധുരങ്ങള്‍ക്കും ഗുജറാത്തി ജിലേബി-ഗുലാബ് ജാമിനുമാണ് പ്രചാരമേറെ. കോട്ടയത്തിന്റെ റബറും കൊക്കോയും ഇടുക്കിയിലെ മലഞ്ചരക്കുകളും രോഗാണു ബാധയാലും ഇറക്കുമതിവസ്തുക്കളുടെ വ്യാപനം മൂലവും മേഖലകളിലെ കര്‍ഷകന്റെ നട്ടെല്ലു മാത്രമല്ല, സുബോധംപോലും നഷ്ടപ്പെടുത്തിയിരിക്കുന്നു. കൊല്ലത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുവണ്ടി ഫാക്ടറികള്‍ തൊഴിലാളിക്ക് ഉല്‍സവസീസണില്‍പോലും എന്തെങ്കിലും നക്കാപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈറ്റവെട്ടിയും കായലുകളില്‍ മുങ്ങിത്താണ് കക്കവാരിയും ജീവിച്ച ആലപ്പുഴ-കൊല്ലം-കോട്ടയം ജില്ലകളിലെ പരമ്പരാഗത തൊഴിലാളികള്‍ വനനിയമങ്ങളുടെ കുരുക്കില്‍പ്പെട്ട് ഈറ്റവെട്ടാനാവാതെ വിഷണ്ണരാണ്. സിമന്റ് ഫാക്ടറികള്‍ക്ക് ആവശ്യമായ കക്കയും കുമ്മായവും കായലുകളെ ആശ്രയിച്ചാണ്. വന്‍കിട ഡ്രെഡ്ജറുകള്‍ മുങ്ങിത്താണ് കിളുന്ത് കായല്‍ജീവികളെ ഒന്നടങ്കം കോരി കായലിന്റെ ആവാസവ്യവസ്ഥകള്‍ തന്നെ നശിച്ചു. ഹൗസ്‌ബോട്ട് വ്യവസായം സകല സീമകളെയും അതിലംഘിച്ചതിനാല്‍ കുമരകവും അഷ്ടമുടിയും അടക്കം കായലുകള്‍ വിസര്‍ജ്യങ്ങളാലും ഹൗസ്‌ബോട്ടുകള്‍ ദിനംപ്രതി തള്ളുന്ന ജൈവമാലിന്യങ്ങളാലും വിഷമയം. ഇവിടത്തെ മുട്ട-പാലുല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ല. കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങള്‍ മുട്ടയും തൈരും വിതരണം ചെയ്യുന്നു. 25 വര്‍ഷത്തിലധികമായി കേള്‍വി ഉണ്ടായിരുന്നത് കേരളം സമ്പാദിക്കുന്ന ഗള്‍ഫ് സമ്പത്തിനെക്കുറിച്ചാണ്. എണ്ണക്കിണറുകള്‍ അക്കരെ വറ്റിത്തുടങ്ങി. മരുഭൂമിയിലിന്ന് ഈത്തപ്പനത്തോട്ടങ്ങള്‍ മാത്രമാണ് മുഖ്യ ആകര്‍ഷണം. ജര്‍മനി, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇറാനിലെയും ഇറാഖിലെയും സൗദി ഉള്‍പ്രവിശ്യകളിലെയും ഈത്തപ്പനത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍കിട ഔഷധ നിര്‍മാണ യൂനിറ്റുകള്‍ക്കായി പഴുക്കും മുമ്പേ ഈത്തപ്പഴത്തിന്റെ സത്ത് വലിച്ചൂറ്റിത്തുടങ്ങി. ഗള്‍ഫ് പണം ഇനി ഏറിയാല്‍ 10 വര്‍ഷത്തേക്കു മാത്രം.
കേരളം ഇന്നെങ്ങനെ ജീവിക്കുന്നു എന്നൊരു അന്വേഷണാത്മക പരമ്പര ആരംഭിച്ചാല്‍ കടം വാങ്ങി ജീവിക്കുന്നു എന്നാണ് ഉത്തരം ലഭിക്കുക. കുടുംബശ്രീ പ്രസ്ഥാനം വീട്ടമ്മമാരില്‍ ഭയപ്പാടുകള്‍ വിതറിത്തുടങ്ങിയിരിക്കുന്നു. ആവശ്യമെന്താണെന്ന് അന്വേഷിക്കാതെ പഞ്ചായത്തുകളിലെ സഹകരണസംഘങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അരലക്ഷം മുതല്‍ ഈട് ചോദിക്കാതെ വാരിക്കോരി നല്‍കുന്നു. തിരിച്ചടവിനു നിവൃത്തിയില്ലാത്ത നല്ലൊരു ശതമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇനിയെന്ത് എന്നാലോചിച്ചു നെടുവീര്‍പ്പിടുകയാണ്. കുടുംബശ്രീ വനിതകളുടെ മുറുക്കും ചട്ടിപ്പത്തിരിയും അരിയുണ്ടയും കോയമ്പത്തൂരില്‍നിന്ന് വന്‍തോതില്‍ കുറഞ്ഞവിലയ്ക്ക് വന്നുതുടങ്ങി. അത്ര പന്തിയല്ല സ്ഥിതിഗതികള്‍ എന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ബജറ്റിലെ ആശ്വാസങ്ങള്‍പോലും ‘പെരും നുണ’ എന്നിടത്തേക്കാണ് പോക്ക്. ജനങ്ങളുടെ കീശയില്‍ കാശുണ്ട്. പ്രസ്തുത കാശ് കടം വാങ്ങി സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇതിനൊക്കെ എന്താണൊരവസാനം എന്ന ചോദ്യത്തിനും കക്ഷിരാഷ്ട്രീയക്കാര്‍ക്ക് ഉത്തരമുണ്ട്.
”വമ്പന്‍ സാധ്യതകളല്ലേ തുറന്നുകിടക്കുന്നത്?” ആ തുറന്നുകിടക്കുന്നതെന്താണെന്നതു മാത്രമാണ് പിടികിട്ടാത്തത്?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss