|    Oct 18 Thu, 2018 6:58 pm
FLASH NEWS
Home   >  Pravasi   >  

കേരളാ പോലിസ് സംഘപരിവാര സ്വാധീന വലയത്തിലെന്നു സംശയം: സത്യന്‍ മൊകേരി

Published : 22nd January 2017 | Posted By: fsq

 

ജുബൈല്‍: ഇടതുപക്ഷ ഭരണത്തില്‍ പോലും പോലിസ് സംഘപരിവാര നയനിലപാടുകളാണ് പിന്തുടരുന്നതെന്ന് സംശയിക്കേണ്ടിയിക്കുന്നുവെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടിയും മുന്‍ എംഎല്‍എയുമായ സത്യന്‍ മൊകേരി. സമീപകാല സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടാവുന്നതേയുള്ളൂ. സിപിഐ ഇതിനെ ഗൗരവമായി തന്നെയാണ് കാണുന്നത്. ആവശ്യമുള്ളിടങ്ങളിലൊക്കെ ഈ അഭിപ്രായം പ്രകടിപ്പിക്കും. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജുബൈലില്‍ എത്തിയ അദ്ദേഹം ഗള്‍ഫ് തേജസ് പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു. നിലമ്പൂര്‍ സംഭവത്തില്‍ ഭരണകൂടത്തിന് തെറ്റുപറ്റിയെന്നാണ് സിപിഐ വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പോലിസ് ഭാഷ്യം. ഏറ്റുമുട്ടിയതിന് തെളിവ് വേണ്ടേ. അവരില്‍ നിന്ന് ആകെ കിട്ടിയത് ഒരു കൈത്തോക്കു മാത്രം. ഒരു കൈത്തോക്ക് കൊണ്ട് സര്‍വ സന്നാഹമായി നില്‍ക്കുന്ന ഭരണകൂടത്തോട് ഏറ്റുമുട്ടുക എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. പോലിസിനെ കണ്ടപ്പോള്‍ കൂടെയുള്ളവര്‍ ഓടിമറഞ്ഞെന്നാണ് ഇപ്പോള്‍ പോലിസ് പറയുന്നത്. അപ്പോള്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ല എന്ന് ഉറപ്പല്ലേ. മാവോവാദികള്‍ കേരളത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയതായി അറിവില്ല. പിന്നെ എന്തിനാണ് വെടിവച്ചതെന്ന ചോദ്യം ബാക്കിയാവുന്നു. നരേന്ദ്ര മോദി രാജ്യത്ത് ഫാഷിസ്റ്റ് രീതിയാണ് നടപ്പാക്കുന്നത്. നോട്ട് നിരോധനം ഒരു ഉദാഹരണം മാത്രം. നാം ജോലിചെയ്ത് ഉണ്ടാക്കിയ പണം കിട്ടാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുക. ഇതിനെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുക. ബിജെപിയും ആര്‍എസ്എസും എന്തുംചെയ്യാന്‍ മടിയില്ലാത്തവരാണ്. അവരെ നയിക്കുന്നത് തനി വര്‍ഗീയതയാണ്. യുഎപിഎ എന്ന കരിനിയമം ഇപ്പോള്‍ ആര്‍ക്ക് നേരെ വേണമെങ്കിലും പ്രയോഗിക്കാമെന്ന സ്ഥിതിയാണ്. സംസ്ഥാനം ഭരിക്കുന്നത് ഇടതുപക്ഷമാണെന്ന ബോധ്യം ഭരിക്കുന്നവര്‍ക്ക് വേണം. ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അനുയോജ്യമായ പുനരധിവാസം ഉറപ്പാക്കണം. പാവപ്പെട്ടവന്റെ ഭൂമി കൈയേറി വികസനം നടപ്പാക്കുന്നതിനോട് യോജിപ്പില്ല. സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍നായര്‍, അച്യുതമേനോന്‍, ടി വി തോമസ് മുതല്‍ ബിനോയ് വിശ്വം, കെ രാജേന്ദ്രന്‍ വരെയുള്ളവര്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെയാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്. കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചുവെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ഇ എ കുമാരനെയും മുണ്ടക്കയം സദാശിവനെയും പരിഗണിക്കാതിരുന്നത് അവര്‍ കഴിവില്ലാത്തവരായിട്ടല്ല. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ പോവുന്നത് ആര്‍എസ്എസിന്റെ ഹിഡന്‍ അജണ്ടയാണ്. അധികാരം ഉപയോഗിച്ച് വര്‍ഗീയത നടപ്പാക്കാനുള്ള ഏതു ശ്രമത്തേയും ശക്തമായി എതിര്‍ക്കും. ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതില്‍ സിപിഎമ്മിനെ അപേക്ഷിച്ച് സിപിഐ പിറകിലാണെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. അടിയന്തരാവസ്ഥയുടെ ദുഷ്‌പേര് ഇന്നും പേറുന്ന പാര്‍ട്ടിയാണ് സിപിഐ. അടിയന്തരാവസ്ഥ തെറ്റായിപോയി എന്ന് തുറന്ന് സമ്മതിക്കുന്നതില്‍ യാതൊരു മടിയുമില്ല പാര്‍ട്ടിക്ക്. കോണ്‍ഗ്രസ് കാലാകാലങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിച്ച പാര്‍ട്ടിയാണ്. മതതീവ്രവാദത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. സംഘപരിവാരത്തിനെതിരേ ശക്തമായി പേരാടിയതിന്റെ പേരില്‍ കൊല്ലപ്പെട്ട സാഹിത്യകാരന്‍ ഗോവിന്ദ് പന്‍സാരെ സിപിഐക്കാരനായിരുന്നുവെന്നും അദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss