|    Feb 24 Fri, 2017 3:00 am

കേരളാ പോലിസിന്റെ ചരിത്രത്തിലെ വഴിത്തിരിവ്

Published : 29th November 2016 | Posted By: SMR

റസാഖ്  മഞ്ചേരി

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ് പശ്ചിമഘട്ട സമിതി അംഗം അജിത എന്നിവരെ വധിച്ചത് കേരളാ പോലിസിന്റെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവ്. കേരളത്തിന് പരിചയമില്ലാത്ത ഏറ്റുമുട്ടല്‍ കൊലയാണ് 24ന് നിലമ്പൂര്‍ കാട്ടിനുള്ളില്‍ നടന്നത്. ഉത്തരേന്ത്യയില്‍ നിന്ന് നിരന്തരം കേട്ടുകൊണ്ടിരുന്ന ഏറ്റുമുട്ടലുകളില്‍ മിക്കതും വ്യാജമാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ സംഭവവും സംശയ ദൃഷ്ടിയോടെയാണു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.
ചുവപ്പന്‍ ഇടനാഴിയുടെ ഭാഗമെന്ന് മാവോവാദികള്‍ വിശേഷിപ്പിക്കുന്ന പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് ഇവരുടെ താവളത്തില്‍ ചെന്നു തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ പ്രമുഖ നേതാക്കളെ വധിച്ചതെന്ന് അവകാശപ്പെടുന്നത്. പോലിസുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും വിഷയം അതീവ ഗൗരവമുള്ളതു തന്നെ. വനത്തില്‍ സ്ഥിരം താവളമൊരുക്കാനും  പോലിസുമായി ഏറ്റുമുട്ടാനും മാത്രം മോവോവാദികള്‍ ശക്തി പ്രാപിച്ചുവെന്ന് പോലിസിന് സമ്മതിക്കേണ്ടിവരും.
വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയുടെ അടക്കം സഹായത്തോടെ നിരീക്ഷണം നടത്തിയിട്ടും മാവോവാദി താവളങ്ങള്‍ കണ്ടെത്താന്‍ പോലിസിനായില്ലെന്ന് വരും. തണ്ടര്‍ ബോള്‍ട്ട് എന്ന പ്രത്യേക സേന രൂപീകരിച്ചിട്ടും മോവോവാദികളുടെ വ്യാപനത്തെ തടയാനായില്ല. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ണാടക, തമിഴ്‌നാട്, കേരള വനാതിര്‍ത്തികളില്‍ വ്യാപിച്ച് കിടക്കുന്ന റെഡ് കോറിഡോറില്‍’ നാലര കോടിയോളം ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് നിര്‍ണായക സ്വാധീന മുണ്ടെന്നാണ് മാവോവാദികളുടെ അവകാശവാദം. ചിലയിടങ്ങളില്‍ ജന്‍ധന്‍ സര്‍ക്കാര്‍ എന്ന ജനകീയ ഭരണവും നടക്കുന്നുണ്ടത്രേ.
മാവോവാദികള്‍ ജനാധിപത്യ പാതയിലേക്ക് വരണമെന്നാവശ്യപ്പെടുന്ന സിപിഎം ഭരിക്കുമ്പോള്‍തന്നെ നടന്ന മാവോവാദിവേട്ട ഇടതു ചിന്താധാരയില്‍ കനലു കോരിയിട്ടിരിക്കുകയാണ്. മാവോവാദികള്‍ തിരിച്ചടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തീവ്രവാദ പ്രചാരണം പോലെ നിഴലിനെയല്ല പോലിസ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. എതിര്‍ പ്രചാരണം പോലിസിന്റെ മനോവീര്യം കെടുത്തുമെന്നതില്‍ സംശയമില്ല. പക്ഷേ, ചുവപ്പന്‍ ഇടനാഴിയില്‍ തിളയ്ക്കുന്ന പ്രതികാരം കേരളത്തിന്റെ സ്വസ്ഥത കെടുത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക