|    May 26 Fri, 2017 4:55 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്: നിര്‍ണായക ക്യാംപിന് ഇന്നു തുടക്കം

Published : 6th August 2016 | Posted By: SMR

പത്തനംതിട്ട: യുഡിഎഫിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) നിര്‍ണായക ക്യാംപ് ഇന്ന് ചരല്‍ക്കുന്ന് ക്യാംപ് സെന്ററില്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഉദ്ഘാടനം ചെയ്യും.
വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികള്‍, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ പങ്കെടുക്കും. നാളെ ഉച്ചയോടെ ക്യാംപ് അവസാനിക്കും. തീരുമാനങ്ങള്‍ നാളെ ഉച്ചയ്ക്ക് പാര്‍ട്ടി ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കും.
അതേസമയം, ഇടഞ്ഞുനില്‍ക്കുന്ന കെ എം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിനെ സംബന്ധിച്ച് ചരല്‍ക്കുന്ന് ക്യാംപ് നിര്‍ണായകമാണ്. യുഡിഎഫിനു പുറത്തേക്ക് കേരളാ കോണ്‍ഗ്രസ് വഴിതേടുന്നുവെന്നതാണ് ക്യാംപിന്റെ പ്രത്യേകത. ഇക്കാര്യത്തില്‍ ചില സൂചനകള്‍ പുറത്തു—വന്ന സാഹചര്യത്തില്‍ പ്രധാന ചര്‍ച്ചാവിഷയവും ഇതുതന്നെയാണ്.
ഇന്നുരാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി പുതിയ രാഷ്ട്രീയനീക്കത്തിലെ അന്തിമതീരുമാനമെടുക്കും. ഉച്ചയ്ക്കു നടക്കുന്ന ഉദ്ഘാടന പ്രസംഗത്തില്‍ കെ എം മാണി നയം എന്തെന്ന സൂചന നല്‍കും. പിന്നീട് രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്യും. ഇന്നുരാത്രി വൈകി ഇതുസംബന്ധിച്ച തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന നിര്‍ദേശമാവും ഉണ്ടാവുക.
എന്നാല്‍, ഏതുപക്ഷത്തോടാവും അടുപ്പം കാണിക്കുകയെന്ന നിലപാടു പ്രഖ്യാപിക്കില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യമായ എതിര്‍പ്പ് ഉണ്ടാവാനിടയില്ല. മുന്നണിമാറ്റമെന്ന തരത്തിലേക്ക് തീരുമാനം ഉണ്ടാവില്ലെന്നും പാര്‍ട്ടികേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കേരളാ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കു ചേക്കേറുമെന്നത് കെട്ടുകഥ മാത്രമെന്നാണ് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയുടെ പ്രതികരണം. ബാര്‍ കോഴയില്‍ തട്ടി ഉലഞ്ഞുതുടങ്ങിയ കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബന്ധത്തിന്റെ ഭാവി എന്തെന്നു നിര്‍ണയിക്കുന്നതാവും ചരല്‍ക്കുന്ന് ക്യാംപ്.
പി ടി ചാക്കോയുടെ അനുഭവം മാണിക്കുണ്ടാവാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജോസഫ് എം പുതുശ്ശേരി കുറ്റപ്പെടുത്തി. ബാര്‍ കോഴ മാത്രമല്ല പ്രതിഷേധത്തിനു കാരണം. പ്രതിഷേധം ഒരു വ്യക്തിക്കെതിരേയുമല്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്.
നിലവിലെ അസംതൃപ്തി സമ്മര്‍ദ്ദതന്ത്രമല്ല. ബാര്‍ കോഴ കേസില്‍ മാണിക്കെതിരേ കോണ്‍ഗ്രസ്സില്‍ ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അതൃപ്തിയിലാണെന്നും യുക്തമായ തീരുമാനം ചരല്‍ക്കുന്ന് ക്യാംപിലുണ്ടാവുമെന്നും ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day