|    Jan 20 Fri, 2017 3:27 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ് എങ്ങോട്ടുപോവും?

Published : 2nd August 2016 | Posted By: SMR

ഈയാഴ്ച ചരല്‍ക്കുന്നില്‍ കേരളാ കോണ്‍ഗ്രസ് നേതൃതല യോഗത്തില്‍ പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് അധ്യക്ഷന്‍ കെ എം മാണി പറയുന്നത്. ഐക്യജനാധിപത്യ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. മുന്നണി വിട്ടുപോവാനാണ് അവര്‍ തീരുമാനിക്കുന്നതെങ്കില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു പ്രത്യാഘാതമായിത്തീരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
യുഡിഎഫില്‍ മാണി അസംതൃപ്തനാണ് എന്ന കാര്യത്തിലുമില്ല സംശയം. തിരഞ്ഞെടുപ്പ് കാലത്തും അതിനു മുമ്പും കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയുണ്ടായി എന്നാണ് അവരുടെ ആരോപണം. മാണിയെ മന്ത്രിസഭയില്‍നിന്നു പുറത്തേക്കു നയിച്ച ബാര്‍ കോഴക്കേസ് ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണു പ്രവര്‍ത്തിച്ചതെന്നും മാണി ഉറച്ചുവിശ്വസിക്കുന്നു. വിജിലന്‍സ് അന്വേഷണം മാണിക്കെതിരേയുള്ള ഒരു കുറ്റപത്രമായി മാറ്റിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് മാണിയോടടുത്ത വൃത്തങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.
ആരോപണങ്ങളില്‍ കഴമ്പുണ്ടാവാം, അല്ലെങ്കില്‍ അതൊക്കെ വെറും സാങ്കല്‍പികമാണെന്നും വരാം. പക്ഷേ, മാണി ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അസ്തിത്വ പ്രതിസന്ധിക്കു യഥാര്‍ഥ കാരണക്കാരന്‍ മാണി തന്നെയാണ് എന്ന വസ്തുത മറച്ചുവയ്ക്കാനാവുന്നതല്ല. ബാര്‍ കോഴക്കേസില്‍ അദ്ദേഹം പ്രതിയാവുന്ന സാഹചര്യം നേരത്തേ വിജിലന്‍സ് അന്വേഷണ റിപോര്‍ട്ടില്‍ വിശദീകരിച്ചിട്ടുള്ളതാണ്. അന്വേഷണം തുടരാനുള്ള നിര്‍ദേശം നല്‍കിയത് കേരള ഹൈക്കോടതി തന്നെയാണ്. അതിനു കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ല.
മാണി രാഷ്ട്രീയമായി ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിയത് അദ്ദേഹത്തിന്റെ അവസരവാദപരമായ നിലപാടുകള്‍ കാരണമാണ്. ഭരണത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ സിപിഎമ്മുമായി ചങ്ങാത്തമുണ്ടാക്കാനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അട്ടിമറിച്ച് മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കാനും അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. അതിനു തടസ്സമായി മാറിയത് ബാര്‍ കോഴ സംബന്ധിച്ച ആരോപണം തന്നെയാണ്. പക്ഷേ, മടിയില്‍ കനമില്ലാത്തവന്‍ വഴിയില്‍ പേടിക്കേണ്ട എന്നാണല്ലോ പ്രമാണം. മാണിയുടെ മടിശ്ശീലയില്‍ കനപ്പെട്ട പലതും കടന്നുകൂടിയതില്‍ മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല.
ഇപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കാനാണ് മാണിയുടെ നീക്കമെന്നു കേള്‍ക്കുന്നു. അത് രാഷ്ട്രീയമായി ആത്മഹത്യാപരമായിരിക്കും. യുഡിഎഫ് വരുംനാളുകളില്‍ കേരളത്തിലെ ഭരണകൂടത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന സമയത്ത് മാറിയിരിക്കാനുള്ള തീരുമാനം അവരെ രാഷ്ട്രീയമായി അപ്രസക്തരാക്കും. മറ്റൊരു വഴി, ബിജെപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരാനിടയുള്ള ഒരു മൂന്നാംമുന്നണിയില്‍ ശക്തമായ സാന്നിധ്യമാവുക എന്നതാണ്. അതും ആപല്‍ക്കരമാണ്. ഫാഷിസ്റ്റ് മനോഭാവവും ന്യൂനപക്ഷ വിരോധവും പുലര്‍ത്തുന്ന ഒരു കക്ഷിയുമായി കൂട്ടുകൂടുന്നത് മാണിയുടെ അനുയായികള്‍ക്കുപോലും സ്വീകാര്യമാവും എന്ന് പ്രതീക്ഷിക്കാനാവില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 149 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക