|    Nov 15 Thu, 2018 12:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളാ കോണ്‍ഗ്രസ് (എം) നേതൃക്യാംപ് നാളെ

Published : 5th August 2016 | Posted By: SMR

പത്തനംതിട്ട: മുന്നണിമാറ്റം ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും വിവാദങ്ങളും സജീവമായിരിക്കെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃക്യാംപ് നാളെയും മറ്റന്നാളും ചരല്‍ക്കുന്നില്‍ നടക്കും. കോണ്‍ഗ്രസ്സുമായി ഇടഞ്ഞതിനെ തുടര്‍ന്ന് യുഡിഎഫില്‍ തുടരണോ വേണ്ടയോ എന്നുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭാവിനിലപാട് പ്രഖ്യാപിക്കുമെന്നിരിക്കെ വലിയ പ്രാധാന്യമാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഈ ക്യാംപിനു നല്‍കുന്നത്.
നാളെ ഉച്ചയ്ക്ക് രണ്ടിനു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ക്യാംപ് ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. ഏഴിന് ഉച്ചയ്ക്ക് ക്യാംപ് സമാപിക്കും. സംസ്ഥാന സ്റ്റിയറിങ്കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 200ലേറെ നേതാക്കളാണ് ക്യാംപില്‍ പങ്കെടുക്കുകയെന്ന് ജന. സെക്രട്ടറി ജോസഫ് എം പുതുശ്ശേരി അറിയിച്ചു.
അതേസമയം, ക്യാംപിനു മുന്നോടിയായി മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെയും ഘടകകക്ഷി നേതാക്കളെയും ഇടപെടുത്തിയുള്ള സജീവ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലാണ് അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മാണി യുഡിഎഫില്‍നിന്ന് മാറിനിന്നാല്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ്സിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കടുത്ത തീരുമാനത്തിലേക്ക് മാണി പോവില്ലെന്നുതന്നെയാണ് യുഡിഎഫ് നേതാക്കളുടെ വിശ്വാസം. ക്യാംപില്‍ നിലപാട് പ്രഖ്യാപിക്കാതെ തുടര്‍ചര്‍ച്ചകളുമായി മാണി സഹകരിക്കുമെന്ന പ്രതീക്ഷയും പാര്‍ട്ടി നേതൃത്വം പങ്കുവയ്ക്കുന്നു.
അനുരഞ്ജനത്തിനുള്ള നീക്കം സജീവമാക്കുമ്പോഴും പിടികൊടുക്കാതെ മാറിനില്‍ക്കുകയാണ് കെ എം മാണി. ഇന്നു വൈകീട്ട് ധ്യാനം പൂര്‍ത്തിയാക്കി നാളെ രാവിലെ അദ്ദേഹം ചരല്‍ക്കുന്നിലെ ക്യാംപ് സെന്ററിലെത്തും. ക്യാംപിന് മുന്നോടിയായി പാര്‍ട്ടിയുടെ സ്റ്റിയറിങ്കമ്മിറ്റി ചേരും. സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ കുറച്ചുകാലത്തേക്ക് പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ ഇരിക്കാമെന്നുള്ള തീരുമാനമാവും ഈ യോഗത്തിലുണ്ടാവുക. നിലവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുള്ള ഭരണം നഷ്ടമാവരുതെന്ന ലക്ഷ്യമിട്ടാവും ഈ നീക്കം. കോണ്‍ഗ്രസ്സുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കേണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുള്ള സാഹചര്യത്തില്‍ മുന്നണി മാറ്റമെന്ന തീരുമാനത്തിനു പ്രസക്തിയുണ്ടാവില്ലെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
അതിനിടെ, മാണിയെ പിണക്കിയതിനെതിരേ കോണ്‍ഗ്രസ്സിലും അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. വി എം സുധീരന്റെ ചില നിലപാടുകളാണ് മാണി കോണ്‍ഗ്രസ്സിനെതിരേ തിരിയാന്‍ കാരണമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസ്സുമായി സഹകരിക്കാനില്ലെന്ന നിലപാടിലാണ് കെ എം മാണി. അതിനിടെ, കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം ‘പ്രതിച്ഛായ’ രംഗത്തെത്തിയതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss