|    Jul 27 Thu, 2017 10:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളാ കോണ്‍ഗ്രസ്സ് എമ്മിനോടുള്ള നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്; തദ്ദേശ സ്ഥാപനങ്ങളിലെ ഐക്യം തുടരും

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്നണി വിട്ടുപോയ കേരളാ കോണ്‍ഗ്രസ് എമ്മിനോടുള്ള നിലപാട് കോണ്‍ഗ്രസ് മയപ്പെടുത്തി. കെ എം മാണി മുന്നണിവിട്ടതിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ യുഡിഎഫ് യോഗത്തിനു ശേഷം നിലപാട് മയപ്പെടുത്തിയതു ശ്രദ്ധേയമായി.
മുസ്‌ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസ്സിന്റെ നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് അറിയുന്നത്. മുന്നണിവിട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മുമായി തദ്ദേശസ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുമുള്ള ധാരണ തുടരുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെയുമെല്ലാം കേരളാ കോണ്‍ഗ്രസ്സുമായി ഒരുമിച്ചുനിന്നാണ് യുഡിഎഫ് നേരിട്ടത്. മുന്നണി വിട്ടത് കേരളാ കോണ്‍ഗ്രസ്സിന്റെ ഏകപക്ഷീയ തീരുമാനപ്രകാരവുമാണ്. അതുകൊണ്ടുതന്നെ ഐക്യം തുടരണമെന്നുതന്നെയാണ് യുഡിഎഫിന്റെയും ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. കെ എം മാണി മുന്നണി വിട്ടുപോയതിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. യുഡിഎഫിലെ മൂന്നാംകക്ഷിയായിരുന്നു കേരളാ കോണ്‍ഗ്രസ്. അതിനനുസരിച്ചുള്ള പരിഗണനയും പ്രാധാന്യവും യുഡിഎഫ് അവര്‍ക്കു നല്‍കിയിരുന്നു. അദ്ദേഹം മുന്നണി വിട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഒന്നും മിണ്ടാതെയാണ് ഇറങ്ങിപ്പോയത്. തീരുമാനം പുനപ്പരിശോധിച്ചു മടങ്ങിവരുമെന്നാണു പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യസംവിധാനത്തില്‍ ഏതു പ്രശ്‌നവും ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാല്‍, ചര്‍ച്ച നടക്കണമെങ്കില്‍ ഇരു കക്ഷികളും തയ്യാറാവണം. കെ എം മാണി യാതൊരു പ്രശ്‌നവും മുന്നണി നേതാക്കളോടു പറഞ്ഞിരുന്നില്ല. യുഡിഎഫിന്റെ ഒരു ഫോറത്തിലും അദ്ദേഹം പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഫലപ്രദമായ നടപടി മുന്നണി യോജിച്ച് എടുക്കുമായിരുന്നു. യുഡിഎഫ് ഒരിക്കലും കേരളാ കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ല. അവരെ പുറത്താക്കിയിട്ടുമില്ല. 34 വര്‍ഷമായി തുടരുന്ന ബന്ധം കേരളാ കോണ്‍ഗ്രസ് അവസാനിപ്പിച്ചതില്‍ ദു—ഃഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും ഘടകകക്ഷികളോടു വല്യേട്ടന്‍ മനോഭാവം കാണിച്ചിട്ടില്ല. ഇനി കാണിക്കുകയുമില്ല. ചെറിയ കക്ഷികള്‍ക്കും വലിയ കക്ഷികള്‍ക്കും ഒരേ പരിഗണനയാണു മുന്നണിയില്‍ നല്‍കുന്നത്. ഘടകകക്ഷികളില്‍ ഒരാളില്‍പോലും ഏകപക്ഷീയമായ ഒരു തീരുമാനവും അടിച്ചേല്‍പ്പിച്ചില്ല. കേരളാ കോണ്‍ഗ്രസ്സിന് യുഡിഎഫില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ എതിര്‍ക്കേണ്ടെന്നുതന്നെയാണ് യുഡിഎഫ് യോഗതീരുമാനമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
ഗവണ്‍മെന്റ് തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട എന്ന നിലപാടുമായി മുന്നോട്ടുപോവാന്‍തന്നെയാണു സര്‍ക്കാര്‍ തീരുമാനം. ഇതു വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കെതിരാണ്. സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിക്കണം. യുഡിഎഫ് ഭരണകാലത്ത് ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നന്മ സ്‌റ്റോറുകള്‍ പൂട്ടാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല സര്‍ക്കാര്‍ വിപണിയില്‍ ഇടപെടേണ്ടതെന്നും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക