|    Jul 28 Fri, 2017 10:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളാ കോണ്‍ഗ്രസ്സുമായി പ്രശ്‌നാധിഷ്ഠിത സഹകരണമുണ്ടാവും: കോടിയേരി

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ്-എമ്മിനോട് മൃദുസമീപനവുമായി സിപിഎം. പ്രശ്‌നാധിഷ്ഠിതമായി കേരളാ കോണ്‍ഗ്രസ്സുമായി സഹകരണമുണ്ടാവുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിയെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ എല്‍ഡിഎഫിന്റെ അജണ്ടയിലില്ല. ഭാവിയില്‍ മുന്നണിയില്‍ ആരൊക്കെയുണ്ടാവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസ്സിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും ശിഥിലീകരണത്തിലേക്ക് എത്തിക്കും. ഇതില്‍ നിന്നു മുതലെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമെങ്കിലും കേരളാ കോണ്‍ഗ്രസ് അതിന് അവസരമൊരുക്കില്ല. എല്‍ഡിഎഫ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ അടിത്തറ വിപുലീകരിക്കാനുള്ള അവസരമാണിത്. അതിന് അനുയോജ്യമായ രാഷ്ട്രീയ പ്രചാരണവുമായി മുന്നോട്ടുപോവും. എന്‍ഡിഎയിലേക്ക് പോവാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ആ പാര്‍ട്ടിതന്നെ ഇല്ലാതാവും. വെള്ളാപ്പള്ളിയുടെയും ബിഡിജെഎസിന്റെയും അവസ്ഥയായിരിക്കുമുണ്ടാവുക. മുസ്‌ലിം, ക്രൈസ്തവ, കമ്മ്യൂണിസ്റ്റ് വിരുദ്ധ തത്വങ്ങള്‍ പുലര്‍ത്തുന്ന ആര്‍എസ്എസിലേക്ക് പോവാന്‍ കേരളാ കോണ്‍ഗ്രസ്സിലെ അണികള്‍ സമ്മതിക്കില്ല.
യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ തന്നെ കേരളാ കോണ്‍ഗ്രസ്സുമായി പല പൊതുപ്രശ്‌നങ്ങളിലും സഹകരിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സിനെ വര്‍ഗീയകക്ഷിയായി മാറ്റിനിര്‍ത്താനല്ല തങ്ങള്‍ ശ്രമിച്ചത്. സപ്തംബര്‍ രണ്ടിലെ പൊതുപണിമുടക്കില്‍ കെ എം മാണിക്കും സഹകരിക്കാം. കേരളാ കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാട് പുനപ്പരിശോധിക്കണം.
യുഡിഎഫിലെ ജീര്‍ണിച്ച രാഷ്ട്രീയമാണ് അവര്‍ പിന്തുടര്‍ന്നത്. മാണി അതു വിട്ടുപോരാന്‍ ശ്രമിക്കണം. എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പിയും ജെഡിയുവും തിരിച്ചുവരണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. അവര്‍ക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണിതെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ സ്വതന്ത്രമായ അന്വേഷണമായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക