|    Jan 20 Fri, 2017 5:32 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പിന്റെ സൂചന ശക്തം

Published : 6th September 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പിളര്‍പ്പിന്റെ സൂചന. വലിയൊരു വിഭാഗം യുഡിഎഫിനൊപ്പം പോവാന്‍ നീക്കം തുടങ്ങി. എംഎല്‍എമാരായ പി ജെ ജോസഫ്-സി എഫ് തോമസ് കൂട്ടുകെട്ടിലാണ് കെ എം മാണിയെയും മകന്‍ ജോസ് കെ മാണിയെയും കൈവിടാനുള്ള നീക്കം ശക്തമാവുന്നത്.
പുറത്തേക്ക് പോവുന്നവര്‍ക്ക് റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് എന്നീ എംഎല്‍എമാരുടെ പിന്തുണയുമുണ്ട്. പാര്‍ട്ടിയില്‍ കൂടുതല്‍ മാണി വിരുദ്ധര്‍ രൂപപ്പെടുന്നതായാണ് വിവരം. ഒറ്റയ്ക്കു നില്‍ക്കുന്നത് അപ്രായോഗികമാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ചരല്‍ക്കുന്നിലെ ക്യാംപില്‍ പാലിച്ച മൗനം അബദ്ധമായെന്ന് ഒരു മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അന്നത്തെ സാഹചര്യത്തില്‍ മിണ്ടാന്‍ കഴിയാതെ പോവുകയായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടത് വലത് ചേരികളിലല്ലാതെ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലെന്നതാണ് പി ജെ ജോസഫടക്കമുള്ള നേതാക്കളെ പഴയ ലാവണത്തിലേക്കു മടങ്ങാന്‍ പ്രേരിപ്പിക്കുന്ന സംഗതി. യുഡിഎഫ് വിടുക എന്നത്  മാണിയുടെയും മകന്റെയും മാത്രം അജണ്ടയായിരുന്നു. എല്‍ഡിഎഫില്‍ ഇടം കിട്ടുമെന്നൊരു പ്രതീക്ഷയു മുണ്ടായിരുന്നു. എന്നാല്‍, ആ സ്വപ്‌നം പൂര്‍ണമായും പൊലിഞ്ഞ നിലയിലാണ്. ഇതിനു പുറമേയാണ് കെ എം മാണിക്കെതിരേ ഒന്നൊന്നായി വിജിലന്‍സ് -അഴിമതി കേസുകളും വന്നുകൊണ്ടിരിക്കുന്നത്.
യുഡിഎഫ് വിട്ടതോടെ പാര്‍ട്ടി സംഘടനാ സംവിധാനം ഏറെക്കുറെ നിര്‍ജീവമായി. സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്താനും കഴിയുന്നില്ല. ഇനി എന്‍ഡിഎ സഖ്യത്തിലായാലും കുഴപ്പമില്ലെന്ന സമീപനവും മാണി ക്കുണ്ട്.
പ്രാദേശികതലത്തിലും കോ ണ്‍ഗ്രസ് -കേരളാ കോണ്‍ഗ്രസ് വിള്ളലുകള്‍ ശക്തമാവുകയാണ്.   ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ കേരളാ കോണ്‍ഗ്രസ് (എം) നാശോന്മുഖമാവുമെന്ന് നേതാക്കള്‍ ഭയപ്പെടുന്നു.
ബാര്‍ കോഴ വിഷയത്തില്‍  മാണിക്കെതിരേയും കേരളാ കോണ്‍ഗ്രസ്സിനെതിരേയും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ  നിയോഗിച്ചിരുന്നതായി മാണി നേരത്തേ പറഞ്ഞിരുന്നു.
സി എഫ് തോമസ് അധ്യക്ഷനായി രൂപീകരിച്ച കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടില്‍ യുഡിഎഫ് ഗൂഢാലോചനയുടെ വിശദാംശമുണ്ടെന്നും മാണി വെളിപ്പെടുത്തിയിരുന്നു. ആ റിപോര്‍ട്ടിനെക്കുറിച്ച് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണു വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ പി ജെ ജോസഫ് എംഎല്‍എ വ്യക്തമാക്കിയത്. അങ്ങനെയൊരു റിപോര്‍ട്ടേയില്ലെന്ന് അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ സി എഫ് തോമസും വ്യക്തമാക്കിയിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ്സിന് പഴയ ജോസഫ് വിഭാഗത്തിന്റെ പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരും മാണി ഗ്രൂപ്പിന് കെ എം മാണി, എന്‍ ജയരാജ്, സി എഫ് തോമസ്, റോഷി അഗസ്റ്റിന്‍ എന്നിങ്ങനെയുമാണ് എംഎല്‍എ മാരുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 287 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക