|    Jan 23 Mon, 2017 8:29 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടേണ്ടതില്ല; മാണിക്കെതിരേ സിപിഐ

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐ. ഇന്നലെ നടന്ന സംസ്ഥാന നിര്‍വാഹകസമിതിയില്‍ പൊതുരാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണു മാണിയെയും കേരളാ കോണ്‍ഗ്രസ്സിനെയും ഒപ്പം കൂട്ടുന്നതിനെതിരേ വിമര്‍ശനമുള്ളത്.
നേരത്തെ കേരളാ കോണ്‍ഗ്രസ്സുമായി പ്രശ്‌നാധിഷ്ഠിത സഹകരണമാവാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. ദേശാഭിമാനിയില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലൂടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. കോടിയേരിയുടെ അഭിപ്രായത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും രംഗത്തെത്തി. ഇതിനൊക്കെ സിപിഐക്കുള്ള മറുപടി കൂടിയാണ് കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപോര്‍ട്ട്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെകൂടി ഫലമായിരുന്നു എല്‍ഡിഎഫിന്റെ വിജയമെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് അഴിമതിക്കാരെ ഒപ്പം കൂട്ടുന്നത് ജനം അംഗീകരിക്കില്ല. ബജറ്റ് സമയത്ത് എല്‍ഡിഎഫ് സ്വീകരിച്ച നിലപാട് ഇതിനുദാഹരണമാണ്. മാണി ഒഴികെ ആര് ബജറ്റവതരിപ്പിച്ചാലും അംഗീകരിക്കുമെന്നായിരുന്നു ആ സമയത്തെ എല്‍ഡിഎഫിന്റെ നിലപാട്. ബാര്‍കോഴക്കേസ് രാഷ്ട്രീയ ആയുധമായി തന്നെയാണ് എല്‍ഡിഎഫ് എടുത്തിരുന്നത്. അതേ മാണിയെ ഇപ്പോള്‍ എല്‍ഡിഎഫുമായി സഹകരിപ്പിക്കേണ്ട സാഹചര്യമില്ല. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ അറിയിക്കാനും യോഗം തീരുമാനിച്ചു. മാണിക്കും പാര്‍ട്ടിക്കും എന്‍ഡിഎ സഖ്യത്തിലേക്കു പോവാനാവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. സപ്തംബര്‍ രണ്ടിലെ ദേശീയ പണിമുടക്കിനു മാണി പിന്തുണ പ്രഖ്യാപിച്ചത് ആശയക്കുഴപ്പമുണ്ടാക്കാനാണ്. മാണിയുടെ പിന്തുണ
വാഗ്ദാനത്തിന്റെ മുന വി എസ് അച്യുതാനന്ദന്റെ എതിര്‍പ്പോടെ ഒടിഞ്ഞു.
സെക്രട്ടറി കാനം രാജേന്ദ്രന്റെ റിപോര്‍ട്ടിനെ അംഗീകരിച്ച് മാണി വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നു സംസ്ഥാന നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. അഴിമതിയില്ലാതാക്കി സുതാര്യഭരണത്തിനു വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹമാണു പുതിയ സര്‍ക്കാര്‍. പൊതുപ്രശ്‌നങ്ങളില്‍ മാണിയെ സഹകരിപ്പിക്കാനുള്ള സിപിഎം നീക്കത്തെയും യോഗം വിമര്‍ശിച്ചു. മുന്നണി യോഗത്തില്‍ പാര്‍ട്ടിയുടെ വികാരം ശക്തമായി അറിയിക്കണമെന്നും നിര്‍വാഹകസമിതിയില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, മെത്രാന്‍ കായല്‍, ആറന്‍മുള എന്നിവിടങ്ങളില്‍ കൃഷി ഇറക്കാനുള്ള കൃഷിവകുപ്പിന്റെ പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കാന്‍ മറ്റു വകുപ്പുകളും പാര്‍ട്ടി പ്രാദേശികഘടകങ്ങളും സഹായിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പാര്‍ട്ടി ഭരിക്കുന്ന റവന്യൂ വകുപ്പില്‍നിന്ന് ഇതിനു വേണ്ടത്ര സഹായം ലഭ്യമാക്കണം. സിപിഎം വിട്ട് സിപിഐയില്‍ വന്ന സംഭവത്തില്‍ എം സ്വരാജ് എംഎല്‍എ ഉദയംപേരൂരില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഉചിതമായ സമയത്ത് അവിടെത്തന്നെ മറുപടി നല്‍കാനും യോഗത്തില്‍ ധാരണയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക