|    May 26 Fri, 2017 1:19 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താന്‍ സിപിഎം

Published : 27th August 2016 | Posted By: SMR

റാന്നി: വെച്ചൂച്ചിറ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായം തേടി. നിലവിലെ ഭരണസമിതിക്കുള്ള പിന്തുണ സിപിഐ പിന്‍വലിച്ചതോടെ അവിശ്വാസത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് കേരളാ കോണ്‍ഗ്രസ്(എം) നേതാക്കളുമായി സിപിഎം നേതൃത്വം പ്രാഥമിക ചര്‍ച്ച നടത്തിയത്.
കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉറപ്പിക്കിയാല്‍ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാവും. വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റു സ്ഥാനം ആവശ്യപ്പെട്ട് സിപിഐ എല്‍ഡിഎഫില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, തുടര്‍ഭരണത്തിനു സ്വതന്ത്രന്റെ പിന്തുണ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ പ്രസിഡന്റ് രേണുക മുരളീധരനെ മാറ്റാന്‍ സിപിഎം പ്രാദേശിക നേതൃത്വം തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐ അംഗങ്ങളായ ടി പി അനില്‍ കുമാര്‍, ജെയ്‌നമ്മ തോമസ് എന്നിവര്‍ പിന്തുണ പിന്‍വലിച്ചത്.
15 അംഗ ഭരണസമിതിയില്‍ പ്രതിപക്ഷത്തായ യുഡിഎഫില്‍ ഏഴംഗങ്ങളുണ്ട്. ഇതില്‍ അഞ്ചുപേര്‍ കോണ്‍ഗ്രസ്സുകാരും രണ്ടുപേര്‍ കേരള കോണ്‍ഗ്രസ് എമ്മിലുമാണ്. ഭരണകക്ഷിയായ എല്‍ഡിഎഫില്‍ സിപിഐയിലെ രണ്ടംഗങ്ങള്‍ പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായി. രണ്ടംഗങ്ങളുടെ കുറവ് പരിഹരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടെനിര്‍ത്താനാണ് സിപിഎം ശ്രമം. സ്വതന്ത്രനായ വൈസ് പ്രസിഡന്റ് സ്‌കറിയ ജോണിന്റെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ഭരണസമിതി അധികാരമേല്‍ക്കുമ്പോഴുള്ള ധാരണപ്രകാരം രണ്ടരവര്‍ഷം സിപിഎം പ്രസിഡന്റ് തുടരട്ടെയെന്ന നിലപാടാണ് സ്‌കറിയ ജോണ്‍ എടുത്തത്. എന്നാല്‍ സിപിഐയ്ക്ക് ഇതു സ്വീകാര്യമായില്ല.
ഭരണപക്ഷത്തെ രണ്ടുപേര്‍ പിന്‍മാറിയതോടെ അവിശ്വാസം അവതരിപ്പിച്ച് പാസാക്കിയെങ്കില്‍ മാത്രമേ പ്രസിഡന്റിനെ പുറത്താക്കാനാവൂ. ഭരണത്തില്‍ മികച്ച പങ്കാളിത്തം ലഭിച്ചാല്‍ കൂടെനില്‍ക്കാമെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, പ്രസിഡന്റിനെതിരേ തല്‍ക്കാലം അവിശ്വാസം കൊണ്ടുവരേണ്ടതില്ലെന്നാണ് കോ ണ്‍ഗ്രസ് തീരുമാനം.
അവിശ്വാസപ്രമേയത്തെക്കുറിച്ച് ആലോചിക്കുകയോ ആരുടെയെങ്കിലും പിന്തുണ തേടുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രഫ. തോമസ് അലക്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അവിശ്വാസം കൊണ്ടുവന്നാല്‍ കേരളാ കോണ്‍ഗ്രസ്(എം) എ ല്‍ഡിഎഫിനെ പിന്തുണയ്ക്കുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്റെ നിലപാട്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷമാവും യുഡിഎഫ് അവിശ്വാസം കൊണ്ടുവരിക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day