|    Aug 19 Sun, 2018 8:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളാഹൗസില്‍ കത്തിയുമായി മലയാളി പിടിയില്‍

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാഹൗസിനുള്ളില്‍ കഴിയുന്നതിനിടെ കത്തിയുമായെത്തിയ മലയാളി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍ രാജാണ് പിടിയിലായത്. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ജന്തര്‍മന്ദിറിലുള്ള കേരളാഹൗസിലെ പുതിയ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
മുഖ്യമന്ത്രി മുറിയില്‍ നിന്ന് ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പാണ് സംഭവം. രാവിലെ 9.30ഓടെയാണ് വിമല്‍ രാജ് കത്തിയും ഒരു ചെറിയ ദേശീയ പതാകയും ഏതാനും കടലാസുകളുമായി മുഖ്യമന്ത്രി താമസിക്കുന്ന കെട്ടിടത്തിന്റെ വാതിലിനു മുന്നിലെത്തിയത്. 7.30 മുതല്‍ തന്നെ ബാഗുമായി കേരളാഹൗസിനുള്ളിലും പരിസരത്തുമായി വിമല്‍ രാജ് കറങ്ങിനടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകനായിരിക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയിരുന്നത്.
9.30ഓടെ, സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയം ബാഗില്‍ നിന്ന് ഏതാനും പേപ്പറുകളും കത്തിയും എടുത്ത ഇയാള്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്. താന്‍ മരിക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. പല തവണ തിരുവനന്തപുരത്തും ഡല്‍ഹിയിലും വച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി. ഈ സമയത്ത് കേരളാഹൗസില്‍ മുഖ്യമന്ത്രിയെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. വിമല്‍ രാജിനോട് ഉമ്മന്‍ചാണ്ടി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തട്ടിക്കയറി. 43കാരനായ വിമല്‍ രാജ് 20 വര്‍ഷമായി ഡല്‍ഹിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അപകടത്തില്‍പ്പെട്ട് ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം മാനസികാസ്വാസ്ഥ്യം അനുഭവിച്ചുവരുന്നതായി ഇയാളെ അറിയുന്നവര്‍ പറയുന്നു.
യുവാവിനെതിരേ ആത്മഹത്യാ ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ന്യൂഡല്‍ഹി ജില്ലാ പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് മധൂര്‍ വര്‍മ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss