|    Jan 25 Wed, 2017 12:56 am
FLASH NEWS

കേരളാംകുണ്ട് ടൂറിസം പദ്ധതി; ഭൂമി കൈമാറ്റം നടന്നില്ല; സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചത് സ്വകാര്യ ഭൂമിയില്‍

Published : 7th October 2016 | Posted By: Abbasali tf

കരുവാരക്കുണ്ട്: കേരളാംകുണ്ട് ടൂറിസം പദ്ധതിയുടെ ഭൂമി കൈമാറ്റം ഇതുവരെ നടന്നില്ല. ഇതോടെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചു നടപ്പാക്കിയ ടൂറിസം പ്രവൃത്തികള്‍ സ്വകാര്യ ഭൂമിയിലായി. കേരളാംകുണ്ട് വെള്ളച്ചാട്ടം ടൂറിസം പദ്ധതിയുടെ ഭൂമിയാണ് നാലു വര്‍ഷമായിട്ടും സ്വകാര്യ വ്യക്തികള്‍ ഡിടിപിസിക്ക് കൈമാറ്റം ചെയ്യാത്തത്. ഡിടിപിസി സെക്രട്ടറിയും സ്ഥലമുടമകളുമായുള്ള ഒപ്പുവച്ച കരാറിന്റെയും ധാരണാപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ ടൂറിസം കൗണ്‍സില്‍ കോടികള്‍ ചെലവഴിച്ച് പ്രവൃത്തി തുടങ്ങുകയും പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തത്. കേവലം നൂറു രൂപയുടെ മുദ്രപത്രത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത കരാര്‍ മാത്രമാണ് ഡിടിപിസിക്ക് സ്വകാര്യ ഭൂ ഉടമകളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യാത്ത കരാറിന് യാതൊരു നിയമസാധ്യതയുമില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. 2012 ഒക്ടോബറിലാണ് കേരളംകുണ്ട് ടൂറിസം പദ്ധതി നടപ്പാക്കാന്‍ ഡിടിപിസി സ്വകാര്യ വ്യക്തികളുമായി കരാറുണ്ടാക്കുന്നത്. രണ്ട് സ്വകാര്യ വ്യക്തികളില്‍ നിന്നായി 27 സെന്റ് ഭൂമി ഏറ്റെടുക്കാനായിരുന്നു തിരുമാനം. ഇതില്‍ 12 സെന്റ് ഭൂമി ആദ്യഘട്ടത്തിലും 15 സെന്റ് ഭൂമി ആദ്യഘട്ട പ്രവൃത്തി ആരംഭിച്ചതിനു ശേഷവും നല്‍കാനായിരുന്നു ധാരണ. എന്നാല്‍, ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയായിട്ടും ഭൂമി ഇരുവരെ കൈമാറ്റം ചെയ്യാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യാറായിട്ടില്ല. ഇതോടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കേരളാംകുണ്ട് ടുറിസം പദ്ധതിയുടെ പ്രദേശത്ത് ഒന്നാംഘട്ട പ്രവൃത്തിയില്‍ ഒരു കോടി രൂപ ചെലവില്‍ പ്രവേശന കവാടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഓഫിസ്, കഫ്ത്തീരിയ, ഇരുമ്പ് പാലം തുടങ്ങിയവ നിര്‍മിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവൃത്തിക്കുവേണ്ടി ഒരു കോടി രൂപ പുതുതായി അനുവദിക്കുകയും ചെയ്തു. കല്‍ക്കുണ്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ കരിങ്കല്‍ പതിച്ച റോഡിലൂടെ സഞ്ചരിച്ചുവേണം കേരളാംകുണ്ടിലെത്താന്‍. ടൂറിസം പദ്ധതി വരുന്നതോടെ റോഡ് ഗതാഗത യോഗ്യമാവുമെന്ന പ്രതീക്ഷയിലായിരുന്നു സമീപവാസികളായ കര്‍ഷകര്‍. എന്നാല്‍, റോഡ് ഗതാഗതത്തിന് ഫണ്ടുകള്‍ ഒന്നും അനുവദിക്കാതിരുന്നതോടെ രണ്ടാംഘട്ട പദ്ധതിക്കെതിരെയും പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തുവന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ ഇ ബി ഗോപാലകൃഷ്ണന് ലഭിച്ച വിവരാവകാശത്തിലാണ് ഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്ന് ഡിടിപിസി സെക്രട്ടറി വ്യക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക