|    Nov 19 Mon, 2018 7:33 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളത്തോട് കാട്ടുന്ന നീതികേട്

Published : 21st July 2018 | Posted By: kasim kzm

പിണറായി വിജയന്‍   (കേരള മുഖ്യമന്ത്രി)
സുശക്തമായ സംസ്ഥാനങ്ങള്‍ സുശക്തമായ കേന്ദ്രത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സമതുലിതവും സുദൃഢവുമായി നില്‍ക്കേണ്ടത് ഫെഡറല്‍ സംവിധാനത്തിന്റെ തന്നെ നിലനില്‍പിനും അതിജീവനത്തിനും അനിവാര്യമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ഫെഡറല്‍ ഘടനയുടെ അടിസ്ഥാനമായി മാറേണ്ടത്.
സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസഹായം ലഭിക്കാതെയും കേന്ദ്രത്തിനു സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെയും മുന്നോട്ടുപോകാനാവില്ല. പോകാന്‍ ശ്രമിച്ചാല്‍ അത് ഭരണഘടനാപരമായ വ്യവസ്ഥകളുടെ ലംഘനമാവും. അത് ഉണ്ടാവാതിരിക്കാന്‍ പരസ്പര സൗഹൃദത്തിലും വിശ്വാസത്തിലും സഹകരണത്തിലുമുള്ള ഒരു ബന്ധം കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ നിലനിന്നേ തീരൂ.
കൃത്യമായും ഈ മനോഭാവത്തോടെയാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രത്തെ സമീപിക്കാന്‍ കേരളം നിശ്ചയിച്ചത്, പ്രധാനമന്ത്രിയുടെ സമയം സന്ദര്‍ശനത്തിനായി ചോദിച്ചത്. കൃത്യാന്തര ബാഹുല്യവും യാത്രാ തിരക്കുകളും കൊണ്ടാകാം, കേരളം ആവര്‍ത്തിച്ചു ചോദിച്ചിട്ടും പ്രധാനമന്ത്രി സമയം അനുവദിച്ചില്ല. എന്നാല്‍ വിദേശ യാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയപ്പോള്‍ സമയം അനുവദിക്കപ്പെട്ടു. അവസരം ഉപയോഗപ്പെടുത്താന്‍ കേരളം നിശ്ചയിച്ചു. അങ്ങനെയാണ് സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടത്.
അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന  പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനമാണ് പ്രധാനമന്ത്രിക്കു മുമ്പില്‍ വച്ചത്. അനുഭാവപൂര്‍വവും ഭരണഘടനാപരമായി സംസ്ഥാനത്തിന് അവകാശപ്പെട്ടതുമായ അനുകൂല പ്രതികരണം തന്നെയുണ്ടാവും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കേരളത്തിന്റെ പൊതുതാല്‍പര്യത്തിലുള്ള പ്രതികരണമല്ല പ്രധാനമന്ത്രിയില്‍ നിന്നുണ്ടായതെന്ന നിര്‍ഭാഗ്യകരമായ കാര്യം ആദ്യം തന്നെ ചൂണ്ടിക്കാട്ടട്ടെ. ഏതു വിഷയം സംബന്ധിച്ചും ഏതു തരത്തിലുള്ള വിശദീകരണവും നല്‍കി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സജ്ജമായിരുന്നു സര്‍വകക്ഷി സംഘം. എന്നാല്‍, അത്തരം വിശദാംശങ്ങളിലേക്കു കടന്നുള്ള ചര്‍ച്ചയ്ക്കുള്ള സാവകാശം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല. ഈ സാഹചര്യത്തില്‍ കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളും അതിനുള്ള ന്യായീകരണവും ആ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ട കേന്ദ്രസഹകരണത്തിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടട്ടെ:
ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കണം എന്നതായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത എന്നത് അസാധ്യമായ ഒന്നാണ്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുമെന്ന ഉറപ്പായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം കേരളത്തില്‍ രൂപപ്പെട്ടത്. കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് കേരളം ശ്രദ്ധ തിരിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ വിദേശനാണ്യ ശേഖരത്തിലേക്ക് വന്‍തോതില്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഇത്തരമൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടുവന്നത്.
കേന്ദ്രവും കേരളവും പരസ്പരം യോജിപ്പോടെ രൂപപ്പെടുത്തിയ ഈ പദ്ധതിയാണ് സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കുന്നതിലൂടെ ഇല്ലാതായത്. അതുകൊണ്ടുതന്നെ ഏതു നിയമം വന്നാലും കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. 90കളില്‍ 24 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കിട്ടിയിടത്ത് 2016ല്‍ 14.25 ലക്ഷം മാത്രമാണ് കിട്ടിയത്. ജനസംഖ്യ ഉയര്‍ന്നു, കുടിയേറ്റ തൊഴിലാളികള്‍ വന്നു. ഇതിനൊക്കെ അനുസൃതമായി ഭക്ഷ്യവിഹിതം കൂടേണ്ടിടത്ത് അത് കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്.
അതുകൊണ്ടുതന്നെ കേരളത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേരളത്തിലെ പൊതുസ്ഥിതി വിലയിരുത്തുമ്പോഴും ഇക്കാര്യം വ്യക്തമാവും. മുന്‍ഗണനേതര മേഖലയില്‍ 45 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇത് ജനസംഖ്യയുടെ 56 ശതമാനമാണ്. സംസ്ഥാനത്തിന് പ്രതിമാസം ലഭ്യമാകുന്നത് 33,384 ടണ്‍ ഭക്ഷ്യധാന്യമാണ്. ഇത് സന്തുലിതമായി വീതിച്ചാല്‍ ഒരാള്‍ക്ക് മാസം ലഭിക്കുന്നത് ഒന്നേമുക്കല്‍ കിലോ അരി മാത്രം. ഇതുകൊണ്ട് എങ്ങനെയാണ് ഭക്ഷ്യസുരക്ഷ സാധ്യമാവുക? മുന്‍ഗണനേതര മേഖലയിലെ വ്യക്തികള്‍ക്ക് മാസം അഞ്ചു കിലോ അരിയെങ്കിലും നല്‍കണമെന്നത് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ തന്നെ പറയുന്ന കാര്യമാണ്. ഇത് ഉറപ്പാക്കുന്നതിനു പോലും സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തേണ്ടതുണ്ട്.
കേരള ജനതയുടെ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായ ഈ പ്രശ്‌നത്തില്‍ നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നേയില്ല. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ കാര്യത്തിലും പരിഹാരത്തിനുതകുന്ന നിലപാടല്ല ഉണ്ടായത്.
കേരളത്തില്‍ നിലവിലുള്ള സംവിധാനത്തില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് റേഷന്‍ നല്‍കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് മുറിച്ചുകടക്കാന്‍ കേന്ദ്രസംഭരണിയില്‍ നിന്ന് കൂടുതല്‍ അരി ലഭിക്കേണ്ടതുണ്ടെന്നു പറഞ്ഞപ്പോള്‍ അത് പറ്റില്ല എന്ന നിലപാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതേ തരാന്‍ പറ്റൂ എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍, കേരളത്തിന്റെ സവിശേഷ സാഹചര്യവും കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാക്കിയ ധാരണയുടെ കാര്യവും വ്യക്തമാക്കി. എന്നാല്‍, കേന്ദ്രനയത്തിന്റെ ഫലമായി സ്റ്റാറ്റിയൂട്ടറി റേഷനിങും ഭക്ഷ്യകമ്മിയുണ്ടായ പശ്ചാത്തലവും ഒന്നും പരിഗണിക്കില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ ഘട്ടത്തിലാണ് ഭക്ഷ്യധാന്യരംഗത്തെ പൊതുസ്ഥിതി അവലോകനം ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍, വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ പുനഃപരിശോധിക്കാനാവൂ എന്ന നിഷേധാത്മക സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.
കേരളത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായ പാലക്കാട്ടെ റെയില്‍വേ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. കോണ്‍ഗ്രസ് ഭരണകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതിയാണ് ഇതെന്നും അന്ന് നടത്താതിരുന്നതിനെ കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. ഇത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന്റെ തുടര്‍ച്ചയായി വരുന്നതാണെന്ന അടിസ്ഥാന കാഴ്ചപ്പാടു പോലും മറന്നുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ഇത് തികച്ചും അദ്ഭുതകരമായിരുന്നു.
പാലക്കാട്ട് കോച്ച് ഫാക്ടറി എന്നത് 1980കളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുതന്നതാണ്. എന്നാല്‍, പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദം ശക്തിപ്പെട്ട ഘട്ടത്തില്‍ അവിടത്തെ സമരോത്സുകരെ തണുപ്പിക്കാന്‍ പാലക്കാട്ടെ നിര്‍ദിഷ്ട ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റി പ്രഖ്യാപിക്കുകയായിരുന്നു. അത് ഏതെങ്കിലും തിരഞ്ഞെടുപ്പിന്റെ മുമ്പായുള്ള ഘട്ടത്തിലല്ല.
2008-2009ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ഇതിന്റെ പുനര്‍പ്രഖ്യാപനമാണ് നടത്തിയത്. എങ്കിലും കേരള ജനത ആവേശത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ് ഇകണോമിക് സര്‍വീസസ് സമര്‍പ്പിച്ച ഫീസിബിലിറ്റി റിപോര്‍ട്ട്, സര്‍വേ എന്നിവ നിര്‍ദേശിച്ചതു പ്രകാരം കേരളം കോച്ച് ഫാക്ടറി സ്ഥാപിക്കാനായി 239 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുക കൂടി ചെയ്തു. സ്ഥലം റെയില്‍വേക്ക് കൈമാറുകയും അവിടെ കേന്ദ്രമന്ത്രി ശിലാസ്ഥാപനം നടത്തുകയും ചെയ്തു. സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നര്‍ഥം. ആ സ്ഥലത്ത് കേന്ദ്രം കോച്ച് ഫാക്ടറി പണിയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അതു നടക്കില്ലെന്ന പ്രഖ്യാപനം വന്നത്.
ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ നീതികേടാണ്. 2008-2009ല്‍ ഇവിടേക്കായി പ്രഖ്യാപിക്കപ്പെട്ട ഫാക്ടറി പിന്നീട് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലേക്ക് മാറ്റിയതും അവിടെ ഉല്‍പാദനം തുടങ്ങിയതും ഇതിനോട് ചേര്‍ത്തുവായിക്കണം. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍പ്രക്രിയയാണെന്നത് മനസ്സിലാക്കണം. വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പരിഗണനകള്‍ തടസ്സം സൃഷ്ടിക്കാതെ നോക്കണം.
ഇതിനിടെ റെയില്‍വേ കോച്ച് ഉല്‍പാദനരംഗം കാര്യമായി മുമ്പോട്ടുപോയി. ചെന്നൈയില്‍ അലുമിനിയം കോച്ചുകള്‍ ഉല്‍പാദിപ്പിക്കുന്ന സംവിധാനമുണ്ടാക്കി. മെട്രോ ട്രെയിനുകള്‍ വന്നു. ബയോ ടോയ്‌ലറ്റോടുകൂടിയ കോച്ചുകള്‍ വന്നു. കോച്ച് നിര്‍മാണരംഗം വലിയ വികസനത്തിലേക്ക് കടന്നപ്പോഴും കേരളം പാടേ അവഗണിക്കപ്പെട്ടു എന്നതിന് ഒരു ന്യായീകരണവുമില്ല. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്. അതാണ് ചെയ്തത്. തികച്ചും ന്യായമായ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്.
അങ്കമാലി-ശബരി റെയില്‍പ്പാതയുടെ കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പാത പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്നു കേന്ദ്രം പിന്‍മാറുന്ന സ്ഥിതിയെക്കുറിച്ച് സര്‍വകക്ഷിസംഘം ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയപ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്. കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട പദ്ധതിയാണിത്. ശബരിമല ദേശീയ ശ്രദ്ധയില്‍ മാത്രമല്ല, അന്തര്‍ദേശീയ ശ്രദ്ധയില്‍ പോലുമുള്ള തീര്‍ത്ഥാടനകേന്ദ്രമാണെന്ന നിലയ്ക്ക് ഇതിന്റെ നിര്‍മാണച്ചെലവ് കേന്ദ്രം തന്നെ പൂര്‍ണമായും വഹിക്കണമെന്ന കാര്യവുമുണ്ട്.
ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ ചെലവ് പപ്പാതിയായി വീതിച്ചുകൊണ്ടേ ഈ പദ്ധതി സാധ്യമാക്കാന്‍ പറ്റൂ എന്നാണ് ഇടയ്ക്ക് അറിയിച്ചിരുന്നത്. ജോയിന്റ് വെഞ്ച്വര്‍ കമ്പനി എന്ന സങ്കല്‍പം വരുന്നതിനു പോലും മുമ്പ് വിഭാവനം ചെയ്യപ്പെട്ടതും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയതുമായ പദ്ധതിയാണിതെന്ന് ഓര്‍മിക്കണം. അനുമതി നല്‍കപ്പെട്ട പദ്ധതികളുടേതായ പിങ്ക് ബുക്കില്‍ സ്ഥാനം നേടിയ സംരംഭവുമാണിത്. ഇതിനൊക്കെ ശേഷം പില്‍ക്കാലത്തു മാത്രം വന്ന ചെലവ് വീതിക്കല്‍ പദ്ധതിയിലേക്ക് ഇതിനെ മാറ്റുന്നത് ന്യായമല്ല. ഒരു ദേശീയ തീര്‍ത്ഥാടന പദ്ധതിയായി പരിഗണിച്ച് പ്രത്യേക പ്രാമുഖ്യം നല്‍കി കേന്ദ്രം ഇത് നടപ്പാക്കണം.
നിവേദനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇപ്പോഴത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും മുന്‍നിര്‍ത്തി പ്രത്യേക സഹായം വേണമെന്നതാണ്. 965 വില്ലേജുകളിലായി മുപ്പതിനായിരം വ്യക്തികളെ ബാധിച്ച ദുരന്തമാണിത്. നൂറിലേറെ പേര്‍ മരണപ്പെട്ടു. ഇതില്‍ 35 പേര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെയാണ് മരണപ്പെട്ടത്. 350 വീടുകള്‍ പൂര്‍ണമായും 9000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരം ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഗുരുതരമായ വിഷമങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ കേന്ദ്രസംഘത്തെ അയക്കാമെന്ന ഉറപ്പ് പ്രധാനമന്ത്രിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു.
കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി അനുകൂലമായി ഒന്നും പറഞ്ഞില്ല എന്നതാണ് സത്യം. ഇക്കാര്യത്തില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കേന്ദ്രം ചെയ്യുക തന്നെ വേണം. പശ്ചിമഘട്ടത്തിലെ റിസര്‍വ് ഫോറസ്റ്റ് തുടങ്ങിയ സംരക്ഷിത മേഖലകളെ മാത്രം ഇഎസ്എയായി കണക്കാക്കി ജനവാസ പ്രദേശങ്ങളെയും പ്ലാന്റേഷനുകളെയും അതില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതിന് അനുസൃതമായി 92 വില്ലേജുകളുടെ ഭാഗമായ 8656 ചതുരശ്ര കി.മീ ഇഎസ്എയായി കണക്കാക്കിക്കൊണ്ട് ഒരു മാപ്പ് തന്നെ സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനം പുറത്തിറക്കി നാലു വര്‍ഷം കഴിഞ്ഞിട്ടും അതിന്മേല്‍ തീര്‍പ്പുകല്‍പിക്കാത്തത് പ്രദേശവാസികളെ വല്ലാതെ ആശങ്കയിലാഴ്ത്തുകയും കൃഷിയില്‍ നിന്നും മറ്റും പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആ മേഖലയുടെ വികസനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാരിന് ഇതു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.
ആസൂത്രണത്തിലും പദ്ധതിനിര്‍വഹണത്തിലും രാജ്യത്തിനുതന്നെ മാതൃകയാണ് കേരളം. ചുരുങ്ങിയ വിഭവങ്ങള്‍ നീതിയുക്തമായി വിതരണം ചെയ്താണ് കേരളം പല മാനവ വികസന സൂചികകളിലും ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങള്‍ക്കു സമാനമായ നിലയിലേക്ക് ഉയര്‍ന്നുവന്നത്. പദ്ധതികള്‍ കൃത്യമായി ആവിഷ്‌കരിച്ചും അവ കാര്യക്ഷമമായി നടപ്പാക്കിയുമാണ് നാം കേരളത്തിന്റെ സമഗ്രവും സമതുലിതവുമായ വികസനം ഉറപ്പുവരുത്തുന്നത്. 2017-18ലെ കേരളത്തിന്റെ പദ്ധതി നിര്‍വഹണത്തിന്റെ സ്‌റ്റേറ്റ് ആവറേജ് 90 ശതമാനത്തിലധികമാണ്. രാജ്യത്ത് മറ്റെവിടെയും ഇത്ര നല്ല നിലയില്‍ പദ്ധതി നിര്‍വഹണം നടക്കുന്നില്ല എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ഉയര്‍ന്ന വികസന സൂചികകള്‍ കൈവരിച്ചിട്ടുള്ള കേരളത്തെ വികസനത്തിന്റെ അടുത്ത പടിയിലേക്ക് കയറാന്‍ പ്രാപ്തമാക്കുന്നവയാണ് നിര്‍ദേശിച്ച പുതിയ പദ്ധതികള്‍. കേന്ദ്രം പലപ്പോഴും സ്വീകരിക്കുന്ന ‘വണ്‍ സൈസ് ഫിറ്റ്‌സ് ഓള്‍’ എന്ന തരത്തിലുള്ള വികസന കാഴ്ചപ്പാട് കേരളത്തിന് അനുയോജ്യമായതല്ല. കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടും പദ്ധതികളുമാണ് നമുക്കു വേണ്ടത്. നമ്മുടെ നേട്ടങ്ങളെ ഇനിയും മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് ആവശ്യം. അതിനു സഹായകമാവുന്ന കേന്ദ്രപദ്ധതികള്‍ നല്ല നിലയില്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ നൂറു ശതമാനം വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കിയതും സമ്പൂര്‍ണ വെളിയിട വിസര്‍ജനവിമുക്തമാക്കി കേരളത്തെ മാറ്റിയതും മറ്റു പല സംസ്ഥാനങ്ങളും അത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നതിനു മുമ്പാണെന്നത് നാം ഓര്‍ക്കണം.
നമുക്കു വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനുമുള്ള അവകാശം സംരക്ഷിക്കുന്ന തരത്തില്‍ അവയ്ക്കു വേണ്ട സാമ്പത്തിക സഹായം ഉറപ്പുവരുത്തുകയാണ് കേന്ദ്രം ചെയ്യേണ്ടത്. ജിഎസ്ടിയും മറ്റും നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് പരിമിതമായി ഉണ്ടായിരുന്ന സാമ്പത്തിക അവകാശങ്ങള്‍ പോലും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. അതിന്റെ അടുത്തപടിയെന്നോണം സംസ്ഥാനങ്ങളുടെ വിഭവങ്ങള്‍ ഇന്നയിന്ന മേഖലകളില്‍ ഉപയോഗിക്കണമെന്നു കേന്ദ്രം നിര്‍ദേശിക്കുന്നത് ആശാവഹമല്ല. സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതം അവര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസം. ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം കേന്ദ്രം ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ ഫെഡറലിസം അര്‍ഥവത്താവുകയുള്ളൂ. ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത് ഇന്ത്യന്‍ ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയിട്ടുള്ള എല്ലാവരുടെയും ഉത്തരവാദിത്തമാണ്.                                   ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss