|    Nov 18 Sat, 2017 4:46 am
Home   >  Todays Paper  >  Page 5  >  

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തെ സംഘര്‍ഷ ബാധിത മേഖലയായി ചിത്രീകരിക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തില്‍ ആകെ കുഴപ്പമാണെന്ന തരത്തിലുള്ള പ്രചാരണം സംസ്ഥാനത്തിന്റെ വികസനത്തെയും നിക്ഷേപം വരുന്നതിനെയും പ്രതികൂലമായി ബാധിക്കും. സംഘര്‍ഷങ്ങളിലും അക്രമസംഭവങ്ങളിലും പോലിസ് മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പോലിസ് കൂടുതല്‍ കര്‍ശനമായി നടപടികള്‍ സ്വീകരിക്കണം. സമാധാനശ്രമങ്ങള്‍ക്ക് എല്ലാ കക്ഷികളും യോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അക്രമമുണ്ടാവുന്ന പ്രദേശങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളെത്തി സമാധാനത്തിന് ശ്രമമുണ്ടാവണമെന്ന് യോഗം നിര്‍ദേശിച്ചു. അക്രമങ്ങളും സ്പര്‍ധയും വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ വലിയ പങ്ക് വഹിക്കുന്നതായി യോഗം വിലയിരുത്തി. സ്പര്‍ധ വളര്‍ത്തുന്ന പ്രചാരണങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് വിവിധ കക്ഷികള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പോലിസിനെതിരേ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പോലിസ് മുഖംനോക്കിയാണ് നടപടി സ്വീകരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, പോലിസിന്റെ ഭാഗത്തുനിന്നും അത്തരം ഒരു സമീപനം ഉണ്ടായതായി അറിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമമുണ്ടാകുന്നയിടങ്ങളില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളെത്തിയാല്‍ അത് അക്രമിത്തിനെതിരായ സന്ദേശം നല്‍കും. അക്രമികളെ ഒറ്റപ്പെടുത്തും. രാഷ്ട്രീയബന്ധമുണ്ടെങ്കിലും ക്രിമിനലുകളെ ക്രിമനലുകളായി കാണണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ചില പ്രദേശങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും പരാതിയുയര്‍ന്നു. ഇത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ സംയുക്തമായി നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാതലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി നടന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക