|    Nov 18 Sun, 2018 10:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തെ പാകിസ്താനോട് ഉപമിച്ച ചാനല്‍ മാപ്പു പറഞ്ഞു

Published : 4th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനോടുപമിച്ച ടൈംസ് നൗ ചാനല്‍ മാപ്പു പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മൂന്നുദിവസത്തെ കേരളാ സന്ദര്‍ശനത്തോടനുബന്ധിച്ചു നല്‍കിയ റിപോര്‍ട്ടിലാണ് ടൈംസ് നൗ ചാനല്‍ ‘ഹെഡ്‌സ് ടു തണ്ടറി പാകിസ്താന്‍’ (ഇടി മുഴങ്ങുന്ന പാകിസ്താന്‍) എന്ന് തലക്കെട്ടിട്ടത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് കേരളത്തെ പാകിസ്താനോട് ഉപമിച്ചുള്ള ടാഗ്‌ലൈന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ആനന്ദ് നരസിംഹന്‍ എന്ന അവതാരകനാണ് ഈ സമയം വാര്‍ത്ത അവതരിപ്പിച്ചത്. കശാപ്പുശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചതിനെ ബീഫ് നിരോധനമായി തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന മുന്നണികളാണെന്നും വിജ്ഞാപനത്തിനെതിരായ ഹരജി കേരള ഹൈക്കോടതി തള്ളിയെന്നും അവതാരകന്‍ പറഞ്ഞിരുന്നു. ചാനലിന്റെ റിപോര്‍ട്ടിങ് രീതി സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമായതോടെ ‘ടൈംസ് കൗ, ടൈംസ് നൗ മാപ്പുപറയുക’ തുടങ്ങിയ ഹാഷ്ടാഗുകളുമായി മലയാളികള്‍ രംഗത്തെത്തി. ചാനലിനെ ബഹിഷ്‌കരിക്കാനും ചാനല്‍ ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായി.ഇന്ത്യക്കും പുറത്തുമുള്ള മലയാളികളും ഹാഷ്ടാഗ് ഏറ്റുപിടിച്ചു. ഇതിനിടെ ചിലര്‍ ചാനലിന്റെ വെബ്‌സൈറ്റില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി. മലയാളികളുടെ പ്രതിഷേധരീതി ദേശീയമാധ്യമങ്ങളിലും വാര്‍ത്തയായതോടെ ഇന്നലെ രാവിലെ ചാനല്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. വാര്‍ത്ത ടൈപ്പ് ചെയ്തപ്പോള്‍ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും മാപ്പപേക്ഷയില്‍ ചാനല്‍ അധികൃതര്‍ വിശദീകരിച്ചു. അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച ‘അമിട്ട് ഷാജി’, ‘അലവലാതി ഷാജി’ എന്നീ ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുകയും ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സോമാലിയ’ പരാമര്‍ശത്തിനെതിരേ ‘പോ മോനെ മോദിഎന്ന ഹാഷ്ടാഗുമായി മലയാളികള്‍ നടത്തിയ സോഷ്യല്‍ മീഡിയാ പ്രചാരണം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss