|    Dec 14 Fri, 2018 4:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തില്‍ 1731 പെട്രോള്‍ പമ്പുകള്‍കൂടി

Published : 26th November 2018 | Posted By: kasim kzm

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആനുപാതികമായി കൂടുതല്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ ആരംഭിക്കാന്‍ പൊതുമേഖലാ എണ്ണവിപണന കമ്പനികള്‍ തീരുമാനിച്ചു. ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നീ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനി(ഒഎംസി)കളുടേതാണ് തീരുമാനം.
രാജ്യത്ത് പെട്രോളിന്റെ റീട്ടെയില്‍ വില്‍പനയില്‍ പ്രതിവര്‍ഷം എട്ടുശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്; ഡീസലിന്റേത് നാലു ശതമാനവും. ഗ്രാമീണ കാര്‍ഷികപ്രദേശങ്ങളിലും വിദൂരപ്രദേശങ്ങളിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പാക്കി, കൃത്യമായ വിലയ്ക്കു സംശുദ്ധമായ ഇന്ധനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ 14 ജില്ലകളിലും മാഹിയിലും കൂടി മൊത്തം 1731 പമ്പുകള്‍ ആരംഭിക്കാനാണ് കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 960 പമ്പുകള്‍ സാധാരണ ഇടങ്ങളിലും 771 പമ്പുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണ്. ഇതില്‍ ഐഒസിഎല്‍- സാധാരണ ഇടം 513, ഗ്രാമീണ പ്രദേശം 424, ബിപിസിഎല്‍- സാധാരണ ഇടം 241, ഗ്രാമീണപ്രദേശം 234, എച്ച്പിസിഎല്‍- സാധാരണ ഇടം 206, ഗ്രാമീണ പ്രദേശം 113 എന്നിങ്ങനെയാണ് പമ്പുകള്‍ തുറക്കുന്നത്. നിലവില്‍ കേരളത്തില്‍ 2005 പമ്പുകളാണുള്ളത്. ഇതില്‍ 1490 പമ്പുകള്‍ സാധാരണ ഇടങ്ങളിലും 515 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ്. പമ്പുകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് എണ്ണക്കമ്പനികള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ അപേക്ഷാഫോം ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ മാത്രം യോഗ്യതാ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. കമ്പനി നിര്‍ദേശിക്കുന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ ഭൂമിയുടെ ലഭ്യത വളരെ പ്രധാനമാണ്. ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആവശ്യപ്പെടുമ്പോള്‍ ഭൂമിയുടെ ലഭ്യത ഉറപ്പാക്കിയാല്‍ മതി. അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് കംപ്യൂട്ടര്‍ വഴി സ്വതന്ത്ര ഏജന്‍സിയാണ് നടത്തുക. ഓട്ടോമേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പുതിയ പമ്പുകളുടെ നിര്‍മാണം. ഡിസംബര്‍ 24 ആണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി. 10ാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
ഇന്ത്യന്‍ പൗരന്‍മാര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ ഓയില്‍ കേരള റീട്ടെയില്‍ തലവനും റീട്ടെയില്‍ സെയില്‍ ജനറല്‍ മാനേജരുമായ നവീന്‍ ചരന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss