|    Nov 17 Sat, 2018 10:33 pm
FLASH NEWS

കേരളത്തില്‍ സ്വപ്‌നസമാനമായ വികസനം: മന്ത്രി ജലീല്‍

Published : 8th May 2018 | Posted By: kasim kzm

മലപ്പുറം: സ്വപ്‌നസമാനമായ വികസനമാണ് കേരളത്തില്‍ രണ്ടുവര്‍ഷംകൊണ്ടുണ്ടായതെന്ന് മന്ത്രി കെ ടി ജലീല്‍. മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളില്‍ നടക്കുന്ന വ്യാപാര – വിപണന പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെക്കാലമായി മുടങ്ങികിടന്ന ദേശീയപാത സ്ഥലമെടുപ്പും ഗെയ്ല്‍വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കിയത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നത്.
വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ ഓരോ പദ്ധതിക്കും സ്ഥലം ഏറ്റെടുക്കുന്നത്. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങള്‍ വൈമനസ്യം കൂടാതെ വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. ഒരുവാര്‍ഡില്‍ പോലും മല്‍സരിച്ച് ജയിക്കാന്‍ കഴിയാത്ത ആളുകളാണ് വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്. ചില തല്‍പര കക്ഷികളാണ് പല പദ്ധതികള്‍ക്കും എതിര്. സ്ഥലവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്കില്ലാത്ത ആശങ്കയും വേവലാതിയുമാണ് ഇത്തരക്കാര്‍ക്കുള്ളത്. ഇന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ നാളെ അംഗീകരിക്കുയും പ്രകീര്‍ത്തിക്കുകയും ചെയ്യും. ദേശീയപാതയ്ക്കായി ജില്ലയില്‍ 78 കിലോ മീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കി. ഗെയില്‍ വാതക പൈപ്പ്‌ലൈനിനായി 40 കിലോമീറ്ററിന് നഷ്ടപരിഹാരം നല്‍കി പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു. 18 കിലോമീറ്റര്‍ നഷ്ടപരിഹാരം നല്‍കി ഉടന്‍ സ്ഥാപിക്കും. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്തിട്ടില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ രാജപാതയും കേരളത്തില്‍ ഇടുങ്ങിയ പാതയുമായിരിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് തന്നെ അംഗീകാരം നല്‍കുന്നത്. പദ്ധതി ചെലവ് 90.9 ശതമാനത്തില്‍ എത്തി എന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്കുള്ള പുതുതായി ലഭിച്ച അപേക്ഷകള്‍ ഉടന്‍ പരിഗണിക്കും. അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. പിഎച്ച്‌സികളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ച് ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തന സജ്ജമാക്കി. പ്രഥമിക ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാരിന് കഴിഞ്ഞു.
കഴിഞ്ഞ അധ്യായന വര്‍ഷം 1.5 ലക്ഷം കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികം ചേര്‍ന്നത്. പൊതുവിദ്യാലയങ്ങള്‍ നല്‍കുന്ന മതനിരപേക്ഷ മനസ്സ് സ്വകാര്യ സ്‌കൂളുകളില്‍നിന്ന് ലഭിക്കുകയില്ല. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശനം ലഭിക്കാന്‍ രക്ഷിതാക്കള്‍ വരി നില്‍ക്കേണ്ട അവസ്ഥവരെയുണ്ടായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതരാഷ്ട്രീയ വ്യത്യാസമില്ലാതെയും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയും എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടം തയ്യാറാക്കിയ മൊബൈല്‍ ആപ് മന്ത്രി കെ ടി ജലീല്‍ പ്രകാശനം ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി കാര്‍ഡ് വിതരണവും ജൈവകൃഷിരംഗത്ത് മികച്ച സംഭാവന നല്‍കിയ ഗ്രാമപ്പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. കൂട്ടിലങ്ങാടി, കുറുവ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ യഥാക്രമം ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടി. മൂന്ന്, രണ്ട്, ഒന്ന് ലക്ഷം വീതമാണ് അവാര്‍ഡ് തുക. വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. എഡിഎംവി രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, സിപിഎം ജില്ലാസെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss