|    Nov 24 Fri, 2017 4:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണം : ആര്‍എസ്എസ്‌

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആര്‍എസ്എസ് ദേശീയ നേതൃത്വം. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് രാഷ്ട്രപതി ഭരണം വേണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാവുന്നതാണെന്നും ഇക്കാര്യം തങ്ങള്‍ നേരത്തേയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ അക്രമങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ദത്താത്രേയ ആരോപിച്ചു. കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ ശേഷമാണ് ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ചലനമുണ്ടായതെന്നും ആര്‍എസ്എസ് അവകാശപ്പെട്ടു. സിപിഎം ആസൂത്രിതമായി ആര്‍എസ്എസുകാരെ കൊലപ്പെടുത്തുമ്പോള്‍ തങ്ങളുടെ ഭാഗത്തു നിന്ന് മാനുഷിക ചെറുത്തു നില്‍പുകള്‍ മാത്രമാണുണ്ടാവുന്നത്. അക്രമങ്ങളില്‍ ആര്‍എസ്എസ്‌കാര്‍ അല്ലാത്തവരും കൊല്ലപ്പെടുന്നില്ലേ എന്ന ചോദ്യത്തിന് ആരാണ് ആദ്യം കൊന്നത്, കൊല്ലപ്പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍ ആരാണെന്നു നോക്കൂ എന്നായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രതികരണം. അതേസമയം, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ദത്താത്രേയ ഒഴിഞ്ഞുമാറി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറും പ്രതികരിച്ചില്ല. സംസ്ഥാനത്തെ ആക്രമങ്ങളില്‍ ആര്‍എസ്എസിനും പങ്കില്ലേ എന്ന ചോദ്യത്തോട് പ്രകോപിതരായാണ് ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക