|    Dec 19 Wed, 2018 4:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തില്‍ ഭൂഗര്‍ഭജല കുരുടന്‍ ചെമ്മീനിനെ കണ്ടെത്തി

Published : 29th August 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: കേരളത്തില്‍ ആദ്യമായി ഭൂഗര്‍ഭജല കുരുടന്‍ ചെമ്മീനിനെ കണ്ണൂരില്‍ കണ്ടെത്തി. പുതിയ തെരുവിലെ കിണറ്റില്‍ നിന്നാണു കുരുടന്‍ ചെമ്മീനിനെ കണ്ടെത്തിയത്. നേരത്തെ പ്രദേശത്തെ കിണറുകളില്‍ നിന്നു മോണോപ്റ്റീറസ് വര്‍ഗത്തിലെ കുരുടന്‍ പുളവന്‍ മല്‍സ്യങ്ങളെയും കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായാണു കുരുടന്‍ ചെമ്മീനിനെ കണ്ടെത്തുന്നത്.
ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ടാക്‌സോണമിസ്റ്റ് ഡോ. സാമ്മി ഡേ ഗേവ്, ബാംഗ്ലൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗവേഷകന്‍ അര്‍ജുന്‍ സി പി, കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസര്‍ രാജീവ് രാഘവന്‍ എന്നിവര്‍ സംയുക്തമായാണു മല്‍സ്യത്തെ കണ്ടെത്തിയത്. പുതിയ ഇനം ചെമ്മീനിനെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രശസ്തമായ അനിമല്‍ ടാക്‌സോണമി ജേണലായ സൂടാക്‌സിയിലാണു പ്രസിദ്ധീകരിച്ചത്.
ഏകദേശം 180 കോടി വര്‍ഷങ്ങള്‍ക്കു മുമ്പെ ഒറ്റയായിരുന്ന മഹാഭൂഖണ്ഡങ്ങള്‍ അടര്‍ന്നുമാറിയതിലൂടെ ഇപ്പോള്‍ പശ്ചിമഘട്ട പ്രദേശത്തു കാണുന്ന ചില ജീവജാലങ്ങളുടെ വേര്‍പ്പെട്ടുപോയ ബന്ധുക്കളെ ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ കാണാന്‍ കഴിയുമെന്ന ഗോണ്ടുവാനാ തത്ത്വത്തെ ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍.
ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലും മാത്രം കണ്ടുവന്നിരുന്ന യൂറിറൈഞ്ചിടെ കുടുംബത്തിലെ ഒരംഗമാണ് കുരുടന്‍ ചെമ്മീന്‍. ഇതിനെ ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. പരിണാമപരമായി മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തീരദേശത്തെ കിണറുകളില്‍ നിന്നും പാലെമോഡിടെ കുടുംബത്തിലെ ട്രോഗ്രോ ഇന്‍ഡിക്‌സ് ഫെറേറ്റിക്‌സ് എന്ന ഇനവുമായി മാത്രമാണ് ഇവയ്ക്കു ദക്ഷിണേന്ത്യയില്‍ ബന്ധമുള്ളത്.
ഏഴോളം ഭൂഗര്‍ഭജല മല്‍സ്യങ്ങളിലൂടെ കേരളം ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നു ഡോ. രാജീവ് രാഘവന്‍ പറഞ്ഞു. ‘യൂറിഇന്‍ഡിക്കസ് ഭൂഗര്‍ഭ’ എന്നാണ് ഈ ശുദ്ധജല ചെമ്മീനിന്റെ ശാസ്ത്രനാമം. ഇവയിലൂടെ പുതിയൊരു ജനുസ്സും സ്പീഷീസും ജന്തുലോക പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. കണ്ണുകളില്ലാത്ത ഇത്തിരി കുഞ്ഞന്മാരായ ഈ ചെമ്മീനിന്റെ ഉടല്‍ സുതാര്യമാണ്.
അമിതമായ ക്ലോറിന്‍ പ്രയോഗവും ഇരപിടിയന്‍മാരായ അധിനിവേശ മല്‍സ്യങ്ങളും ഇവയുടെ നിലനില്‍പിനു ഭീഷണിയാണ്. ഇപ്പോള്‍ കുരുടന്‍ ചെമ്മീനിനെ കണ്ടെത്തിയ പ്രദേശത്തു നിന്നും മോണോപ്റ്റീറസ് വര്‍ഗത്തിലെ കുരുടന്‍ പുളവന്‍ മല്‍സ്യത്തെ ധാരാളമായി ലഭിച്ചിട്ടുണ്ടെന്നതു നിഗൂഢമായ ഭൂഗര്‍ഭ ജീവജാലങ്ങളുടെ രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss