|    Nov 18 Sun, 2018 4:26 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമോ?

Published : 20th June 2018 | Posted By: kasim kzm

പ്രഫ.  ഓമാനൂര്‍  മുഹമ്മദ്

അച്യുതാനന്ദന്‍ സംസ്ഥാനം ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് സഖാക്കള്‍ വീമ്പുപറയാറുണ്ടായിരുന്നു. ബംഗാളില്‍ മൂന്ന് ദശാബ്ദക്കാലം ഇടതുഭരണമായിരുന്നല്ലോ നിലനിന്നിരുന്നത്. ഇത്രയും കാലം സംസ്ഥാനം ഭരിച്ച അവര്‍ നാടിന് സമ്മാനിച്ചത് തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയുമായിരുന്നു. സംസ്ഥാനത്തെ 30 ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷം തുടക്കത്തില്‍ കമ്മ്യൂണിസ്റ്റുകളെ തങ്ങളുടെ രക്ഷകരായാണ് കരുതിയിരുന്നത്. കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ ഭരണത്തില്‍ നിന്നു മുക്തി നേടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വോട്ട് ചെയ്ത് അവരെ അധികാരത്തിലേറ്റി. പക്ഷേ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ റോഡുകളും വിദ്യാലയങ്ങളും ആശുപത്രികളും വൈദ്യുതിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും നിഷേധിച്ച് ഇടതു സര്‍ക്കാര്‍ ആ പാവങ്ങളെ പീഡിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗം അവര്‍ക്ക് അപ്രാപ്യമായിരുന്നു. പലരും കേരളംപോലുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോയി. കേരളത്തിന്റെ തൊഴില്‍മേഖലയില്‍ ഈ തൊഴിലാളികള്‍ വലിയ സ്വാധീനമായി മാറി. ആ അര്‍ഥത്തില്‍ കേരളത്തെ ബംഗാളാക്കുമെന്ന സഖാക്കളുടെ പ്രവചനം ഭാഗികമായി പുലര്‍ന്നുവെന്നു പറയാം.
പക്ഷേ, ഇടതന്‍മാര്‍ക്ക് ബംഗാളില്‍ ഭരണം പോയി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചെങ്കൊടി നിലംപരിശായി. സഖാക്കള്‍ പണ്ട് കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും അനീതിക്കും ചാണിന് ചാണായും മുഴത്തിന് മുഴമായും പലപ്പോഴും പതിന്‍മടങ്ങായും പ്രതികാര നടപടികളാണ് തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അവര്‍ക്കെതിരേ കാണിക്കുന്നതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ചെങ്കോട്ടയിലും ചെങ്കൊടി പാറിക്കുമെന്ന് സ്വപ്‌നംകണ്ടിരുന്ന സഖാക്കള്‍ക്ക് സധൈര്യം തങ്ങളുടെ ചെങ്കൊടി പാറിക്കാന്‍ ഇന്ന് ഇന്ത്യയില്‍ കേരളം മാത്രമാണ് അവശേഷിക്കുന്നത്. ബംഗാളിന് പുറമെ കൊല്ലങ്ങളോളം കൈവശംവച്ചിരുന്ന ത്രിപുരയും പോയി.
എന്നാല്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കേരളം അടുത്ത ഒരു കാല്‍നൂറ്റാണ്ട് ഇടതുഭരണത്തിന് കീഴ്‌പ്പെടേണ്ടിവരുമോ എന്ന സംശയത്തിന് ഇട നല്‍കുന്നു. കൊലയും കൊള്ളയും ലോക്കപ്പ്മരണവും സ്വജനപക്ഷപാതവും ദുര്‍ഭരണവുമൊക്കെ എങ്ങനെ കൊടികുത്തിവാണാലും അടുത്ത ഒരു 25 വര്‍ഷക്കാലം ഇടതന്‍മാരെ ഭരണത്തില്‍ നിന്ന് ഇറക്കാന്‍ കോണ്‍ഗ്രസ്സിനോ യുഡിഎഫിനോ സാധിക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വെറും രണ്ടു സീറ്റിന്റെ വ്യത്യാസത്തിലാണ്. ലാവ്‌ലിന്‍ കേസ് കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പിണറായി മല്‍സരരംഗത്തുണ്ടായിരുന്നില്ല. ഇടതുമുന്നണി വിജയിച്ചാല്‍ അച്യുതാനന്ദന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്നത് ഉറപ്പായിരുന്നു. ഇത് പക്ഷേ, ഔദ്യോഗികപക്ഷം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ജനസംസാരമുണ്ടായിരുന്നു. ആ ചുളുവിലാണ് കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന് ഭരണം കിട്ടിയത്. പിന്നീട് വേണ്ടതിനും വേണ്ടാത്തതിനും ഇടതുപക്ഷ സമരങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നേരിടേണ്ടിവന്നത്. തന്ത്രശാലിയും കഠിനാധ്വാനിയും സഹനശീലനുമായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നില്ല മുഖ്യമന്ത്രിയെങ്കില്‍ പാതിവഴിയില്‍ ഭരണം നിര്‍ത്തി എല്‍ഡിഎഫിനെ ഏല്‍പിക്കേണ്ടിവരുമായിരുന്നു! എല്ലാം സംയമനത്തോടെ നേരിട്ട് അദ്ദേഹം അഞ്ചു കൊല്ലം തികച്ചുവെന്നതാണ് സത്യം.
മാണി കോണ്‍ഗ്രസ്സിന്റെ ചാഞ്ചാട്ടവും ജനതാദളിന്റെ കൂറുമാറ്റവും യുഡിഎഫിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവും പാര്‍ട്ടി നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും ജനങ്ങള്‍ക്കു പാര്‍ട്ടിയിലുള്ള വിശ്വാസം അനുദിനം നഷ്ടപ്പെടുത്തുന്നു. കോണ്‍ഗ്രസ്സിന്റെ കോട്ട എന്നുതന്നെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ചെങ്ങന്നൂരില്‍ പാര്‍ട്ടി നേരിട്ട ദയനീയപരാജയം കേരളം അടുത്ത ഒന്നുരണ്ട് പതിറ്റാണ്ടുകളില്‍ എല്‍ഡിഎഫിന്റെ ഭരണത്തില്‍ തുടരേണ്ടിവരും എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ പോരായ്മകള്‍ അസഹനീയമാംവിധം പെരുകിയിട്ടും ജനം ഇടതു സ്ഥാനാര്‍ഥിയെ 21000ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചുവെന്നത് യുഡിഎഫിനെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. എല്‍ഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെയും ബിഡിജെഎസിന്റെയും വോട്ടുകള്‍ ലഭിച്ചുവെന്നത് വ്യക്തമാണ്. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുബാങ്കായ ക്രിസ്ത്യന്‍, നായര്‍ വോട്ടുകളും ഗണ്യമായ തോതില്‍ ഇടതിന് ലഭിച്ചിട്ടുണ്ട്. സജി ചെറിയാനെ നേരിടാന്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെയല്ല കോണ്‍ഗ്രസ് ഗോദയിലിറക്കിയത് എന്നതും പരാജയത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഒരു 5000 വോട്ടിനേ തോല്‍ക്കൂവെന്നാണ് കരുതിയിരുന്നത്.  ശോഭനാ ജോര്‍ജ് പോലും അത്രയേ ഭൂരിപക്ഷം ഇടതിനു കണ്ടിരുന്നുള്ളൂ. കോണ്‍ഗ്രസ് ഇന്നത്തെ അലംഭാവം തുടര്‍ന്നാല്‍ സര്‍ക്കാര്‍ എന്ത് ദുര്‍ഭരണം കാഴ്ചവച്ചാലും ഇടതില്‍ നിന്ന് ഭരണം പിടിക്കാന്‍ യുഡിഎഫിന് ആവില്ലെന്നത് കട്ടായം.
അവസാനം ഗത്യന്തരമില്ലാതെ ബംഗാളില്‍ സംഭവിച്ചപോലെ ഒരു 30 കൊല്ലത്തിനുശേഷം ജനം എല്‍ഡിഎഫിനെ ഇറക്കും. പക്ഷേ, അന്ന് ഭരണത്തിലേറുക എന്‍ഡിഎ ആയിരിക്കും. എ കെ ആന്റണി പറഞ്ഞപോലെ, പകല്‍ കോണ്‍ഗ്രസ്സുകാരും രാത്രി ആര്‍എസ്എസുകാരുമായ കോണ്‍ഗ്രസ്സുകാര്‍ രാവും പകലും ആര്‍എസ്എസുകാരായി മാറുന്ന കാഴ്ചയാണ് അന്നു ജീവിച്ചിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുക; ത്രിപുരയിലെ കോണ്‍ഗ്രസ്സുകാര്‍ കാട്ടിയപോലെ.                       ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss