|    Dec 12 Wed, 2018 3:44 am
FLASH NEWS

കേരളത്തില്‍ പെരുങ്കള്ളികള്‍ പെരുകുന്നു

Published : 5th December 2015 | Posted By: SMR

കെ പി ഒ റഹ്്മത്തുല്ല

തൃശൂര്‍: കേരളത്തിലെ കവര്‍ച്ചകളുടെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് കളവിനിറങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു എന്നാണ്. 2015 സപ്തംബര്‍ 30 വരെ പോലിസ് ചാര്‍ജ് ചെയ്ത കേസുകളിലെ 3260 പ്രതികള്‍ സ്ത്രീകളാണ്. ഇവരില്‍ അധികവും തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമക്കാരികളുമാണ്. ഈ ന്യൂ ജനറേഷന്‍ കള്ളികളെയെല്ലാം ബന്ധിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ആവാരംപെട്ടി എന്ന കള്ളികളുടെ ഗ്രാമവുമായുള്ള കൂട്ടുകെട്ടാണ്. മറ്റു തിരുട്ടു ഗ്രാമങ്ങളില്‍ പുരുഷന്മാരാണ് കള്ളന്മാരെങ്കില്‍ ആവാരംപ്പെട്ടിയിലെ സ്ത്രീകളാണ് കളവിനിറങ്ങുന്നത്. അവിടുത്തെ പുരുഷന്മാരുടെ ജോലി മോഷണത്തിനിറങ്ങുന്ന സ്ത്രീകളെ സഹായിക്കുക എന്നത് മാത്രമാണ്. സംസ്ഥാനത്ത് ഉല്‍സവ സീസ ണ്‍ ആരംഭിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നും കള്ളി സംഘങ്ങള്‍ കൂട്ടത്തോടെ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്തിക്കാട്ട് സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിക്കുന്നതിനിടെ കോയമ്പത്തൂര്‍ സ്വദേശി ഷെല്‍വി എന്ന 20കാരിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചിരുന്നു. തന്നോടൊപ്പം പത്തോളം പേര്‍ നാട്ടില്‍ നിന്നും കളവിനായി തൃശൂര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് ഇവര്‍ അന്തിക്കാട് പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ആവാരംപ്പെട്ടിയിലെ 85 കള്ളി സംഘങ്ങള്‍ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. മൂന്നാഴ്ച്ച മുമ്പ് അടിമാലി പോലിസ് ആഭരണ മോഷണത്തിന് തൃശൂരില്‍ നിന്നും പിടികൂടിയ മലര്‍(38) ആവാരംപ്പെട്ടിയില്‍ നിന്നെത്തിയാണ് കേരളത്തില്‍ കളവ് നടത്തിയത്. ഒരു വര്‍ഷം മുമ്പ് ഇടുക്കിയില്‍ നടത്തിയ മോഷണത്തില്‍ ഇവരുടെ സഹായികളായിരുന്ന ഈ ഗ്രാമത്തിലെ പാപ്പമ്മാള്‍(45), ചിത്ര(35) എന്നിവരെ പോലിസിന് ഇനിയും പിടികൂടാനായിട്ടില്ല. പോലിസ് പറയുന്നത് 2014 ജൂണ്‍ 14ന് ഈ മൂന്നു പേരും ചേര്‍ന്ന് അടിമാലിയിലെ സംഗീത ജ്വല്ലറിയില്‍ നിന്ന് 116 ഗ്രാം തൂക്കം വരുന്ന ഒമ്പത് സ്വര്‍ണ വളകള്‍ മോഷ്ടിച്ചുവെന്നാണ്. ജ്വല്ലറി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് വളകള്‍ കൈക്കലാക്കിയ ഇവരുടെ ചിത്രം സിസി ടിവിയില്‍ പതിഞ്ഞിരുന്നു.  ഇതുപയോഗിച്ചാണ് മലരിനെ പിടിച്ചത്. ഇതേ സംഘം തന്നെയായിരുന്നു കുറച്ചു നാള്‍ മുമ്പ് രാജക്കാട്ടെ ജ്വല്ലറിയില്‍ ഇതേ രീതിയില്‍ കളവ് നടത്തിയതെന്നും പോലിസ് സംശയിക്കുന്നു.ഈ പെരുങ്കള്ളി സംഘത്തിന്റെ രീതികള്‍ സംശയം ജനിപ്പിക്കാത്ത രീതിയിലുള്ളതാണ്. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ധനികരും മാന്യകളുമെന്ന തോന്നലുകളുണ്ടാക്കി തിരക്കുള്ള സ്വര്‍ണക്കടകള്‍, തുണിക്കടകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ കയറി വളരെ തന്ത്രപരമായാണ് ഇവര്‍ കളവ് നടത്തുന്നത്. ഒരിടത്ത് കളവു നടത്തിയാല്‍ അടുത്തത് കുറേ ദൂരെയുള്ള സ്ഥലങ്ങളിലായിരിക്കുമെന്നതു കൊണ്ട് ഒരേ സംഘമാണ് ഇത് നടത്തുന്നതെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനുമാകില്ല. സാധാരണ ഇവര്‍ മഴക്കാലത്താണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളില്‍ കളവിനറങ്ങുന്നത്.ഈയടുത്ത് ബസില്‍ പോക്കറ്റടി നടത്തിയ തമിഴ് സ്ത്രീയെ തൊടുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിലെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അവരുടെ സംഘം വക്കീലുമായി തയ്യാറെടുത്തു വന്നിരുന്നു. പോലിസിന്റെ അന്വേഷണത്തി ല്‍ മനസിലായിട്ടുള്ളത് ആവാരംപ്പെട്ടി ഗ്രാമത്തില്‍ 150ഓളം പെരുങ്കള്ളി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. സംസ്ഥാനത്ത് കേസുകളില്‍പ്പെട്ട ഇവിടത്തെ 322 പേരെ ഇനിയും പിടികൂടാനുണ്ട്. വിവിധ ജയിലുകളില്‍ ആവാരംപ്പെട്ടിയിലുള്ള 72 സ്ത്രീകള്‍ കഴിയുന്നുണ്ട്. 82 പേര്‍ ജാമ്യമെടുത്തിട്ടുണ്ട്. ഇവര്‍ എല്ലാ സന്നാഹത്തോടെയും വിപുലമായ സൗകര്യത്തോടുമെടുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്താലും ഉടനെ ജാമ്യത്തിലെടുക്കാനുള്ള സംവിധാനമൊരുക്കിയാണ് ഇവര്‍ കളവിനിറങ്ങുന്നത്.ദിണ്ടിഗലിനടുത്തുള്ള ആവാരംപ്പെട്ടി എന്ന ഗ്രാമത്തിലെ വന്‍കിട കെട്ടിടങ്ങളുടെ നിര്‍മിതിക്കു പിന്നില്‍ കളവു മുതലാണെന്ന് പോലിസിന് സംശയമുണ്ട്. സംസ്ഥാനത്ത് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ സ്ത്രീകള്‍ ഇവിടെ ഒളിവില്‍ കഴിയുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആവാരംപ്പെട്ടിയിലെ പെരുങ്കള്ളി സംഘങ്ങള്‍ കളവ് മുതലുകള്‍ കൊണ്ട് ആഡംബര ജീവിതം നയിക്കുക മാത്രമല്ല ചെയ്യുന്നത് കായംകുളം കൊച്ചുണ്ണിയുടേയും ഇത്തിക്കര പക്കിയുടേയും പിന്മുറക്കാരെന്ന് കരുതാവുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളും ദാനധര്‍മ്മങ്ങളും നടത്തുന്നുണ്ട്. ഇതിനോടൊപ്പം പുതിയതായി കവര്‍ച്ചാ രംഗത്തേക്ക് വരാന്‍ തയ്യാറുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാ ന്‍ സീനിയര്‍ കള്ളികള്‍ സമയം ചെലവഴിക്കുന്നുണ്ട്. ആവാരംപ്പെട്ടിയിലെ പെരുങ്കള്ളികളുടെ ഗ്രാമത്തില്‍ പോയി അവരെ പിടികൂടുക എളുപ്പമല്ല എന്നാണ് പോലിസ് പറയുന്നത്. ഓരോ കളവുകള്‍ക്കു ശേഷവും മുടിവെട്ടി പുരികം വടിച്ച് പുതിയ വേഷത്തിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രാമവാസികളും പ്രാദേശിക പോലിസുകാരും രാഷ്ട്രീയക്കാരുമെല്ലാം ഇവരുടെ സംരക്ഷകരാണെന്നും അനുഭവങ്ങളില്‍ നിന്ന് കേരള പോലിസിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss